കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
മലയാറ്റൂർ രാമകൃഷ്ണൻ: നർമ്മബോധത്തോടെ കഥാകഥനം നിർവ്വഹിക്കുന്ന ഒരു കഥാകൃത്താണു് മലയാറ്റൂർ രാമകൃഷ്ണയ്യർ. നർമ്മപ്രധാനങ്ങളായ സന്ദർഭങ്ങളെ വളർത്തിക്കൊണ്ടുവന്നു വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാനുള്ള പാടവം അദ്ദേഹത്തിനുണ്ടു്. രാമകൃഷ്ണൻ്റെ ‘സ്‌പുട്‌നിക്കും ഗോട്ടി തോമസ്സും’ എന്ന സമാഹാരത്തിലെ ‘നിങ്ങൾക്കിതു സംഭവിക്കാതിരിക്കട്ടെ’ എന്ന കഥ നോക്കുക. പാർക്കിൽ കണ്ടെത്തിയ ഒരു അപരിചിതൻ പരിചയം നടിച്ച് ഒരു മര്യാദക്കാരനെ പോക്കറ്റടിക്കാരനാക്കിയ സംഭവമാണു് അതിൽ ചിത്രീകരിച്ചിട്ടുള്ളതു് പണം നഷ്ടപ്പെടുക മാത്രമല്ല, അധികാരികളുടെ മുമ്പിൽ കള്ളനായിത്തീരുക കൂടിച്ചെയ്ത ആ ശുദ്ധഗതിക്കാരനെ നോക്കി അനുവാചകർക്കു ചിരിക്കാതിരിക്കാൻ കഴിയുകയില്ല. രാമകൃഷ്ണൻ്റെ പല കഥകൾക്കും പുതുമയുണ്ട്. നിത്യജീവിതത്തിലെ എല്ലാ രംഗങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുന്നുണ്ടു്. ചിലപ്പോൾ സാർവ്വദേശീയ വിഷയങ്ങൾപോലും അദ്ദേഹം കഥയ്ക്കു വിഷയമാക്കിക്കളയും ബഹിരാകാശത്തിലേക്കു റഷ്യക്കാർ അയച്ച സ്‌പുട്നിക്കിനേയും അതിൽ യാത്ര ചെയ്ത ലെയ്ക്ക എന്ന നായയേയും പശ്ചാത്തലമാക്കി അദ്ദേഹം രചിച്ചിട്ടുള്ള കഥ വൈചിത്ര്യമാർന്നതാണു്. നിരീക്ഷണശക്തിയും നർമ്മബോധവും ഇതിൽ പരസ്പരം കൈകോർത്തു നില്ക്കുന്നു. എട്ടു കഥകളുടെ സമാഹാരമാണ് ‘ ആദ്യത്തെ കേസ്”. അറബിയും ഒട്ടകവും, മലബാർ ഹില്ലും ഫൊറാസ് റോഡും, നാലു് — അഞ്ച്, പറക്കുന്ന തളിക, പാമ്പു്, സൂചിമുഖി എന്നിവയാണു് രാമകൃഷ്ണൻ മറ്റു സമാഹാരങ്ങൾ.
പോഞ്ഞിക്കര റാഫി: തൻ്റെ ചുറ്റുപാടുമുള്ള ജനങ്ങളുമായി ഇടപഴകുന്നതിനും, അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ നോക്കിക്കാണുന്നതിനും കഴിഞ്ഞിട്ടുള്ള റാഫിയുടെ കഥകളിൽ, തൊഴിലാളി വർഗ്ഗത്തിൻ്റെ സത്യസന്ധതയും അവശതാബോധവും ശരിക്കു ചിത്രീകരിച്ചു കാണാം. മനശ്ശാസ്ത്രപരവും സാമുദായികവുമായ പശ്ചാത്തലത്തിലും റാഫി ഒട്ടധികം കഥകൾ രചിച്ചിട്ടുണ്ടു്. ‘അവർ യോജിച്ചു’, ‘അച്ഛൻ്റെ അന്തകൻ’ തുടങ്ങിയ കഥകൾ അതിനു ദൃഷ്ടാന്തങ്ങളാണ്. അവർ യോജിച്ചു എന്ന കഥ വ്യക്തമാക്കുന്നതു്, മനുഷ്യഹൃദയത്തിൽ പ്രതികാര വാഞ്ചയ്ക്കു പകരം, സ്നേഹത്തിൻ്റെ അലകളാണു വേണ്ടതെന്നാണു്. ളൂസിയുടെ മാതാവിൻ്റെ ഹൃദയത്തിൽ വിരുദ്ധമായ രണ്ടു വികാരങ്ങൾ തമ്മിൽ സംഘട്ടനം നടക്കുന്നതും, ഒടുവിൽ മാതൃത്വം ജയിക്കുന്നതുമാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നതു്. ‘ഒഴിവുകാലം’ എന്ന കഥ സംഭവങ്ങളെ ക്രമപ്പെടുത്തുന്നതിലും തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നതിലും റാഫി വിദഗ്ദ്ധമായി വിളംബരം ചെയ്യുന്നു. ജനങ്ങളുടെ ഇടയിൽ സാക്ഷരത്വം നടപ്പാക്കേണ്ടതിൻ്റെ ആവശ്യകത ആ കഥയിൽ ഊന്നിപ്പറകയും ചെയ്യുന്നു. എന്നാൽ ഇതേവരെ പറഞ്ഞ കൃതികളിൽനിന്നു വളരെ ഭിന്നമാണു് റാഫിയുടെ ‘ഫുൾടൈം കാമുകൻ’ തുടങ്ങിയ ചില കൃതികൾ. ലൈംഗികമായ അരാജകത്വത്തിലേക്കു വഴിതെളിക്കുന്ന ദുഷ്പ്രവൃത്തികളെ അനാവരണം ചെയ്തു കാണിക്കുന്ന അത്തരം കൃതികൾ സമുദായത്തിൻ്റെ ശ്രേയസ്കരമായ പുരോഗതിക്കു സഹായകമായിട്ടുള്ളവയല്ലെന്നു പറയേണ്ടതില്ലല്ലോ. ഉത്തമകല, വികാരങ്ങളെ ശുദ്ധീകരിച്ചു് ഉൽക്കർഷപ്പെടുത്തുകയാണു ചെയ്യുക. റാഫിയുടെ ആദ്യഘട്ടത്തിലെ ചിന്താഗതികളാണു് ഫുൾടൈം കാമുകനിലും മാറ്റുമുള്ളതു്. പിന്നീടുള്ള പല കൃതികളിലും അദ്ദേഹത്തിൻ്റെ വിചാരഗതിക്കു സാരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു.
റാഫിയുടെ ‘സ്വർഗ്ഗദൂതൻ’ എന്ന നോവൽ ഒരു നൂതനപരീക്ഷണത്തിൻ്റെ ബഹി:സ്ഫുരണമാണു്. സാങ്കേതിക രീതിയിലും പ്രതിപാദന രീതിയിലും ഒന്നുപോലെ ഈ നോവൽ പുതുമ നിറഞ്ഞതാണു്. മാരകൗതുകം ചിറകു വിടർത്തുന്ന സൈമൻ്റെ ചിന്തകളിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള കഥയ്ക്ക്, ഒരു കവിതയുടെ മാധുര്യവും ഹൃദ്യതയുമുണ്ടു്. ഒരു ബൃഹൽക്കഥയുടെ അഞ്ചിലൊന്നാണത്രെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നോവൽ. ഫിലോമിന, സൈമൺ എന്നീ പേരുകളുള്ള രണ്ടു കുട്ടികളുടെ ശൈശവവിഹാരങ്ങളാണ് പ്രസ്തുത കൃതിയിൽ മുഖ്യമായി പ്രതിപാദിക്കുന്നതെന്നും പറയാം. അവരുട സ്വഭാവചിത്രീകരണത്തിലും സംഭാഷണത്തിലും റാഫി ശ്രദ്ധിച്ചിട്ടുണ്ടു്; വിജയിച്ചിട്ടുമുണ്ടു്. മലയാള കഥാ സാഹിത്യത്തിൽ സ്വന്തമായ വ്യക്തിത്വം പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള കഥാകൃത്തുക്കളിൽ ഒരാളാണു റാഫി.
ഭാവി, സൈക്കിൾ, അച്ഛൻ്റെ അന്തകൻ, തുറന്ന വാതിൽ, പാപികൾ, ഒഴിവുകാലം, ഫട്റൂൾ, കറുത്ത ബ്ലൗസ്, കൊച്ചുറോസി, ഖദർ ജുബ്ബാ. അലതല്ലുന്ന പുഴ, കറുത്ത ജൂദാസ് എന്നിവ റാഫിയുടെ കഥാസമാഹാരങ്ങളും, സ്വർഗ്ഗദൂതൻ, കാനായിലെ കല്യാണം എന്നിവ നോവലുകളുമാണ്.
