ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരി: ‘അഫൻ്റെ മകൾ എന്ന സാമുദായിക നോവൽകൊണ്ടുതന്നെ (നമ്പൂരിമാരുടെ വിവാഹ പ്രശ്നത്തെ മുൻനിർത്തിയുള്ളതാണ് പ്രസ്തുത നോവൽ) പ്രസിദ്ധനായിക്കഴിഞ്ഞിട്ടുള്ള ഒരാളാണ് മുത്തിരിങ്ങോട്ട്’, ‘ആത്മാഹുതി’ അദ്ദേഹത്തിൻ്റെ മൂന്നുനാലു ചെറുകഥകളുടെ സമാഹാരമാണു്. പനങ്കുളത്ത് അച്ഛനും അന്തർജ്ജനവും സ്ത്രീധനസമ്പ്രദായത്തിൽ വിഷമിക്കുന്നതുകണ്ടു പുത്രി വിവാഹത്തിൻ്റെ തലേദിവസം കുളത്തിൽ മുങ്ങിമരിക്കുന്നതാണു് ആത്മാഹുതി എന്ന കഥ. സ്ത്രീധന സമ്പ്രദായംകൊണ്ടു് സമുദായാന്തരീക്ഷത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന തീവ്രയാതനകളെ അനുകമ്പാന്വിതമായി ഇതിൽ വ്യഞ്ജിപ്പിച്ചിരിക്കുന്നു. വിധവയുടെ വിധി മുതലായ മറ്റു കഥകളും ഇതുപോലെ തന്നെ സ്വസമുദായപരിഷ്കരണാർത്ഥം എഴുതിയിട്ടുള്ളവയാണു്. “സാമുദായിക ജീവിതത്തിൻ്റെ മ്ലാനമായ അന്തരീക്ഷത്തിലാണു ഭാവനാപുർണ്ണമായ അദ്ദേഹത്തിൻ്റെ ദൃഷ്ടി” എന്ന് ആത്മാഹുതിയുടെ ആമുഖത്തിൽ ജി. ശങ്കരക്കുറുപ്പു കുറിച്ചിട്ടുള്ളത് മുത്തിരിങ്ങോടിൻ്റെ കൃതികളെ ശരിക്കു നോക്കിക്കണ്ടുകൊണ്ടുതന്നെയാണു്. ‘പൂങ്കുല’ ഈ കാഥികൻ്റെ മറ്റൊരു സമാഹാരമാണു്.

ശങ്കരൻ കരിപ്പായി: ജീവിതാനുഭവങ്ങളുടെ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്ന പല നല്ല കഥകളും എഴുതിയിട്ടുള്ള ഒരു യുവാവാണു ശങ്കരൻ കരിപ്പായി. ഹൃദയംഗമങ്ങളാണു് ഓരോന്നും. ആദ്യകാലത്തെ കഥകൾ അധികവും ലൈംഗിക വികൃതങ്ങളാണ്’ എന്നു പറയാതെ തരമില്ല. ‘ആഭരണങ്ങൾ’ എന്ന സമാഹാരത്തിൽ ആഭരണങ്ങൾ, യുവത്വത്തിലേക്ക് എന്നുതുടങ്ങി ഏഴെട്ടുകഥകൾ അടങ്ങിയിരിക്കുന്നു. അവയിൽ അധികമെണ്ണവും മുമ്പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നവയാണു്. ശങ്കരന്റെ ഇപ്പോഴത്തെ കഥകൾക്കു പ്രായത്തോടൊപ്പം വളരെ വ്യതിയാനം സംഭവിച്ചിട്ടുണ്ടു്. ദേവനും പിശാചും, കൊച്ചുകള്ളി, സ്ത്രീഹൃദയം. ഒരുറുപ്പിക, നെടുവീർപ്പുകൾ, കൊച്ചുതെമ്മാടി തുടങ്ങിയവയാണു് ഈ കഥാകൃത്തിൻ്റെ മറ്റു സമാഹാരങ്ങൾ.

കെ. എം. തേവര: ഇടത്തരക്കാരായ എഴുത്തുകാരുടെ നിരയിൽ തലയെടുപ്പുള്ള ഒരു കാഥികനാണു് കെ. എം. തേവര. ‘അമ്മവീടു്’ എന്ന സമാഹാരത്തിൽ അമ്മവീടു്, പൊന്നാനിമേസ്തരി, അപ്പനും മകനും, കൂടപ്പിറപ്പ്, പൂവൻകോഴി എന്നുതുടങ്ങി ഏഴുകഥകൾ അടങ്ങിയിരിക്കുന്നു. മനുഷ്യൻ്റെ ഹൃദയ വികാരത്തിനു മനോജ്ഞമായ കലാരൂപം നല്കുവാൻ പൊതുവെ ഇവയിൽ എല്ലാററിലും കഥാകാരൻ ശ്രമിച്ചിട്ടുണ്ട്. പുരോഗമനപരമായ ആശയം ഇന്നത്തെ സാമൂഹ്യ നീതിയോടുള്ള എതിർപ്പ് — പലതിലും പ്രകാശിക്കുന്നുണ്ടെങ്കിലും കലാമൂല്യത്തിൻ്റെ കഴുത്തറുക്കുവാൻ പുരോഗമനക്കാരിൽ മററുചിലരെപ്പോലെ തേവര ശ്രമിച്ചുകാണുന്നില്ല; അതു് അഭിനന്ദനീയംതന്നെ. ‘മിന്നൽക്കൊടി’ മറ്റൊരു സമാഹാരമാണു്.