ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

ജോസ് ചാലങ്ങാടി: ‘യൗവനേ വിഷയൈഷിണാം’ എന്നുള്ള ചൊല്ലു പ്രസിദ്ധമാണല്ലോ. ബാല്യം വിട്ടകലുന്ന ആ കാലഘട്ടത്തിലാണു് മനുഷ്യൻ്റെ മദനവികാരം തലപൊക്കിത്തുടങ്ങുന്നതു്. ആ സന്ദർഭത്തിൽ തങ്ങളുടെ വിളവിറക്കി മുതലെടുക്കുവാൻവേണ്ടി — യുവജനങ്ങളുടെ ദൗർബല്യത്തെ ചൂഷണം ചെയ്തു പേഴ്‌സ് നിറയ്ക്കുവാൻ വേണ്ടി — കഥയെഴുതുന്ന ചിലരുണ്ട്. ജോസ് ചാലങ്ങാടിയുടെ ‘വേശ്യയുടെ ആത്മകഥ’ വായിക്കുന്ന ചിലർ ഇങ്ങനെ ഒരഭിപ്രായം പുറപ്പെടുവിക്കുമെങ്കിൽ അതിൽ അത്ഭുതത്തിനവകാശമില്ല. വേശ്യയുടെ ആത്മകഥ നീണ്ട ഒരു കഥയാണ്. വേശ്യ അവളുടെ കഥ പറയുകയാണു്. പക്ഷേ, ഗ്രന്ഥകാരനാണ് അതു പറയുന്നതെന്നേയുള്ളൂ. വക്കീലന്മാർ, കലാകാരന്മാർ എന്നുതുടങ്ങി വിവിധനിലകളിൽ അങ്ങേയറ്റംവരെയുള്ളവർ വേശ്യാത്വത്തെ വളംവെച്ചു വളർത്തിക്കൊണ്ടുവരുന്നവരെന്നാണു് ഇതിലെ വേശ്യയുടെ അനുഭവചരിത്രം വഴി ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നതു്. എന്നാൽ അവൾ (ഒരു സംജ്ഞാനാമം ഇവിടെ ഇല്ല) വേശ്യാത്വത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ട പരിതഃസ്ഥിതികൾ ഏതേതെന്നും, അവൾ എങ്ങനെ അതിൽ മുന്നോട്ടു നിങ്ങിയെന്നും, വിശ്വാസയോഗ്യമായ വിധത്തിൻ — സ്വാഭാവികമായ വിധത്തിൽ — കുറിക്കുവാൻ ഗ്രന്ഥകാരനു് സാധിച്ചിട്ടില്ല. അത്തരം ദുഷ്കൃത്യങ്ങൾക്കു മുതിർന്നവരുടെ നേരെ ഒരു വെറുപ്പ് ജനിപ്പിക്കുവാനും ഈ കൃതിക്കു ശക്തിയില്ല. നേരേമറിച്ച്, വേശ്യാവൃത്തിക്കു വളംവെച്ചുകൊടുക്കാൻ, വായനക്കാർക്കൊരു പ്രചോദനമരുളാൻ, കഴിവുണ്ടുതാനും. അസഭ്യം — അശ്ലീലം — അതിൻ്റെ പരമകാഷ്ഠയിൽ എത്തിച്ചേർന്നിട്ടുണ്ട്. മലയാളത്തിൽ അശ്ലീല പ്രസ്ഥാനം, അല്ല, സഞ്ജയൻ പ്രസ്താവിച്ച ‘ഓക്കാന പ്രസ്ഥാനം’ എന്നൊന്നുണ്ടെങ്കിൽ, അതിൻ്റെ മുന്നണിയിൽ വെയ്ക്കുവാൻ പറ്റിയ ഒരു കൃതിയാണതു്. ബഷീറിൻ്റെ ശബ്ദങ്ങൾ, വിഡ്ഢികളുടെ സ്വർഗ്ഗം, പൊറ്റെക്കാടിൻ്റെ കള്ളപ്പശു, പൊൻകുന്നം വർക്കിയുടെ വിത്തുകാള എന്നു തുടങ്ങിയവയിലെ അസഭ്യത ഒരുവിധത്തിൽ സഹിക്കാം. എന്നാൽ ചാലങ്ങാടിയുടെ വേശ്യയുടെ തെറി കേട്ടുനില്ക്കുവാൻ ഒരുവിധത്തിലും സാധ്യമല്ല. ആരോടും ഞെളിഞ്ഞുനിന്നു ന്യായം പറയത്തക്കവണ്ണം ലോകം മുഴുവൻ കണ്ടറിഞ്ഞിട്ടുള്ള ഒരു പ്രഗത്ഭയാണു് ഇതിലെ വേശ്യ. അങ്ങനെയുള്ള ഒരുവളെക്കൊണ്ടു കേൾവിക്കാർക്ക് ഓക്കാനം വരുമാറ് പുലഭ്യം പറയിക്കുവാൻ മുതിർന്ന ചാലങ്ങാടിയുടെ സാഹസം അക്ഷന്തവ്യമെന്നേ പറയാവൂ. ഈ കാഥികൻ്റെ ‘മധുവിധു’വും ഇവിടെ പ്രസ്താവ്യമത്രെ. ചാലങ്ങാടിയുടെ കഥകളെത്തുടർന്നു സൈലം, അനുജൻ തിരുവാങ്കുളം തുടങ്ങിയ ചിലരുടെ ചെറുകഥകളും ഈയവസരത്തിൽ ചിലർ അനുസ്മരിച്ചു പോയേക്കാം