ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

കോവിലൻ: സൈനിക ജീവിതത്തെ സംബന്ധിച്ചു അടുത്ത കാലംവരെ പറയത്തക്ക വിവരമൊന്നും നമുക്കുണ്ടായിരുന്നില്ല. മിക്കവാറും പട്ടാളക്കാരെപ്പറ്റി തെററായ ധാരണകൾ നാം പുലർത്തിപ്പോരുകയുമാണു ചെയ്തിരുന്നതു്. എന്നാൽ അറിയപ്പെടാത്ത ആ മനുഷ്യജീവികളുടെ ജീവിതത്തിൻ്റെ പല വശങ്ങളും നാം അറിഞ്ഞു തുടങ്ങിയതോടുകൂടി മുൻപറഞ്ഞ നിലയ്ക്കു വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാള ജീവിതത്തെ സംബന്ധിച്ച കഥകൾ മലയാളത്തിൽ ആദ്യമായി എഴുതിത്തുടങ്ങിയതു പട്ടാളത്തിൽ ജീവിച്ച കോവിലൻ തന്നെയാണെന്നു തോന്നുന്നു. ‘ഈ ജീവിതം അനാഥമാണ്’ എന്ന സമാഹാരത്തിലെ കഥകൾ മുഴുവൻ പട്ടാളജീവിതമാണു്. കോവിലൻ്റെ മറ്റൊരു സമാഹാരമായ ‘ഒരു പലം മനയോല’യിലെ കഥകളിലും നല്ലൊരുഭാഗം സൈനിക കഥകൾതന്നെയാണ്. കാഥികൻ അറിഞ്ഞതും തനിക്കനുഭവപ്പെട്ടതുമായ വസ്തുതകൾ കലവറ കൂടാതെ വെളിപ്പെടുത്തുകയാണു് ഈ കഥകൾ ഓരോന്നിലും ചെയ്തിട്ടുള്ളതു്. കോവിലൻ മറ്റു കഥകളും എഴുതിയിട്ടുണ്ടെങ്കിലും, ശ്രദ്ധേയനായിത്തീർന്നതു് സൈനീക കഥകൾ എഴുതിയിട്ടുള്ളതുകൊണ്ടുതന്നെയാണു്. ആരും അറിയാതെയും അന്വേഷിക്കാതെയും കിടന്നിരുന്ന ഒരു വിഭാഗത്തിൻ്റെ ജീവിതപ്രകൃതിയെ നമുക്കു വെളിപ്പെടുത്തിത്തന്ന ഈ കാഥികൻ നമ്മുടെ ആദരവിനെ എന്നും അർഹിക്കുന്നുണ്ടു്.

എൻ. ഗോവിന്ദൻകുട്ടി: യുവ കാഥികന്മാരിൽ മുഖ്യനായ ഒരാളാണു ഗോവിന്ദൻകുട്ടി. ഒട്ടുവളരെ നല്ല കഥകൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘ഒഴിഞ്ഞ കസേര’ എന്ന സമാഹാരത്തിൽ എട്ടു കഥകൾ അടങ്ങിയിരിക്കുന്നു. എല്ലാം സരസമായിട്ടുണ്ടെന്നു പൊതുവേ പറയാം. അതിലെ ‘എൻ്റെ സാവിത്രി’ ഹൃദയം കവരുന്ന ഒരു കഥയത്രെ. പിച്ചക്കാരിയായി വന്നണഞ്ഞ ഒരു പെൺകിടവാണു സാവിത്രി. തറവാട്ടമ്മ, അവൾക്ക് അഭയമരുളുകയും അവളെ താലോലിച്ചു വളർത്തുകയും ചെയ്യുന്നു. കാഴ്ചയിൽ കൗതുകമുള്ള ആ പെൺകുട്ടിയോട് അമ്മയുടെ മകൻ മനസ്സുകൊണ്ടു് അല്പാല്പം അടുക്കുകയായി. അവൾ ഏതാണ്ടു യൗവനത്തിലേക്കു പദമൂന്നുയും, മകൻ അവളുമായി ഹൃദയബന്ധം ഉറപ്പിക്കയും ചെയ്ത അവസരത്തിൽ, ഹതവിധി അവളെ അപഹരിക്കുകയും ചെയ്യുന്നു. ഏറ്റവും വികാരോജ്ജ്വലമായി പ്രസ്തുത കഥയെ ആവിഷ്കരിക്കുവാൻ ഗോവിന്ദൻകുട്ടിക്കു കഴിഞ്ഞിട്ടുണ്ട്. ‘അവനെ ക്രൂശിക്ക’ എന്ന സമാഹാരത്തിൽ അഞ്ചു കഥകളാണുള്ളതു്. നാലാമത്തെ കഥയാണു് അവനെ ക്രൂശിക്കഎന്നതു്. “അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ആശ്വസിപ്പിക്കാനും അവർക്കായി ഒരു പുതിയ ലോകം ഒരുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയിക്കാനുമായി ഭൂജാതനായ ദൈവപുത്രനെ” അന്നത്തെ സേച്ഛാധിപതികൾ കുരിശിൽത്തറച്ചു കൊല്ലുകയുണ്ടായി. ആ മഹാത്മാവിൻ്റെ അനുയായികളുടെ ഇന്നത്തെ ജീവിതവുമായി ഘടിപ്പിച്ചു് . ആധുനിക സാങ്കേതിക രീതിയിൽ ആ മഹാപുരുഷനെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു കഥയാണതു്. വിചാരരമണീയം എന്ന വിശേഷണം ആ കഥയ്ക്കു നല്കുന്നതിൽ ഒരു തെററുമില്ല. ഗോവിന്ദൻകുട്ടിയുടെ കലാചാതുര്യം ഇതര കഥകളിലും പ്രകടമായിക്കാണാം. ‘നീലക്കണ്ണും പ്രേതകഥകളും’ എന്ന സമാഹാരത്തിലെ മിക്ക കഥകളിലും പ്രേതങ്ങളും പിശാചുക്കളുമാണു് പ്രത്യക്ഷപ്പെടുന്നതു്.

മററു സമാഹാരങ്ങൾ: പിശാചുക്കളുടെ ലോകത്തിൽ, ഒരു സ്ത്രീ വീണ്ടും ജനിക്കുന്നു, കർത്താവിൻ്റെ മണവാട്ടി, കോപിച്ച കടൽ, നർത്തകി, പാവപ്പെട്ട ഒരു പെണ്ണ് തുടങ്ങിയവയാണു്.