കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
കെ. ടി. മുഹമ്മദ്: 1951-ൽ നടത്തിയ വിശ്വകഥാമത്സരത്തിൽ രണ്ടാംസ്ഥാനവും, ഇൻഡ്യൻ കഥാമത്സരത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചതു കബീർദാസിൻ്റെ — കെ. ടി. മുഹമ്മദിൻ്റെ — ‘കണ്ണുകൾ’ എന്ന ചെറുകഥയ്ക്കായിരുന്നു. പ്രസ്തുത കഥയടക്കം അദ്ദേഹത്തിൻ്റെ ആറു ചെറു കഥകൾ ഉൾപ്പെട്ട ഒരു സമാഹാരമാണു് ‘ചിരിക്കുന്ന കത്തി’: വികാര തീവ്രമായ ഒരു കഥയാണു് കണ്ണുകൾ. രോദനം, സാമൂഹ്യപശ്ചാത്തലത്തിൽ വിരചിതമായിട്ടുള്ളതും അതിലെ ഏറ്റവും ഹൃദയഹാരിയുമായ ഒരു കഥയത്രെ. ചിരിക്കുന്ന കത്തി, കാപ്പിയിൽ ഒരു മരണം എന്നിവ വികാര തീവ്രതയിൽ കണ്ണുകളുടെ സാഹോദര്യം വഹിക്കുന്നു. മതവും ചെണ്ടയും, പ്രസവത്തിൻ്റെ വില ഇവയാണു് അതിലെ മററു രണ്ടു കഥകൾ. പ്രതിപാദ്യവിഷയത്തെ അതിന്നനുരൂപമായി ആവിഷ്ക്കരിക്കാനുള്ള പാടവം മുഹമ്മദിൻ്റെ തൂലികയ്ക്കുണ്ടു്. ‘ശബ്ദങ്ങളുടെ ലോകം’ ഈ യുവകാഥികൻ്റെ മറ്റൊരു സമാഹാരമാണു്.
ടി. കെ. സി. വടുതല: രണ്ടു തലമുറ, ചങ്ക് റാന്തി അട, അവന്റെ പ്രതികാരം എന്നീ ചെറുകഥാസമാഹാരങ്ങളും. കറ്റയും കൊയ്ത്തും എന്നൊരു സാമുദായിക നോവലും കൈരളിക്കു സംഭാവന ചെയ്തു കഴിഞ്ഞിട്ടുള്ള ഉൽപതിഷ്ണുവായ ഒരു സാഹിത്യകാരനാണ് ടി. കെ. സി. വടുതല എന്ന പേരിൽ പ്രസിദ്ധനായ ടി. കെ. ചാത്തൻ. അനുഭവങ്ങളിൽ നിന്ന് ഉടലെടുത്തവയാണു് ഈ യുവാവിൻ്റെ കൃതികൾ ഓരോന്നും. അതുകൊണ്ടുതന്നെ എല്ലാം ഹൃദയഹാരികളുമാണു്. ‘വണ്ടി ഓടിക്കൊണ്ടേ ഇരിക്കുന്നു’ എന്നതു് രണ്ടു തലമുറ എന്ന സമാഹാരത്തിലെ ആദ്യത്തെ കഥയാണ്. കഥാകൃത്തിൻ്റെ ജീവിതാനുഭവങ്ങളിൽനിന്നു ഒരു ഭാഗം അടർത്തിക്കാണിക്കുകയാണു് അതിൽ ചെയ്തിട്ടുള്ളതെന്നു തോന്നുന്നു. ഏതു കഠിന ചിത്തനേയും കരയിക്കുവാൻ പോരുന്നതാണ് അതിൽ വിവരിക്കുന്ന ക്ലേശാനുഭവങ്ങൾ. ‘സന്താന വാത്സല്യം’, മദ്യമത്തനായി കഴിയുന്ന കോരൻ അരയൻ്റെയും ചാക്കോ അരയത്തിയുടേയും കുടുംബ ജീവിതം വിവരിക്കുന്ന ഒരു കഥയാണ്. കോരൻ, ബീരാനായി മതം മാറുന്നതും, സന്താന വാത്സല്യത്താൽ വീണ്ടും കോരനായിത്തീരുന്നതും മറ്റുമായ ഭാഗങ്ങൾ ചിരിക്കും ചിന്തയ്ക്കും വകനല്കുന്നു. കർഷകരായ ചാത്തനും കാളിയും, മാളിയേക്കൽ മാത്തുവിൻ്റേയും അയാളുടെ പുത്രൻ വർക്കിയുടേയും തലമുറകളിൽ അനുഭവിക്കേണ്ടിവന്ന സ്ഥിതിവി ശേഷങ്ങളെ ചിത്രീകരിക്കുകയാണു് ‘രണ്ടു തലമുറ'” എന്ന കഥയിൽ. വിദ്യയും വിശുദ്ധചര്യയുംകൊണ്ടു കൃതാർത്ഥതനേടുന്ന ഒരു അന്തോണി മാസ്റ്റരുടെ കഥയാണു് അഞ്ചാമത്തേതു്. പതിനഞ്ചണ, ഒരുപിടി ചാരം ഇവ രണ്ടുമാണ് രണ്ടു തലമുറയിലെ മറ്റു കഥകൾ. വടുതലയുടെ മറ്റു സമാഹാരങ്ങളിലെ കഥകളും വിചാരമധുരങ്ങളെന്നേ പറയേണ്ടു. ജാതിയുടെ പേരിൽ മനുഷ്യൻ മർദ്ദിക്കപ്പെടുന്നതിൻ്റെ ചിത്രീകരണമാണു്
വടുതലയുടെ ‘കറ്റയും കൊയ്ത്തും’ എന്ന നോവലിൽ അടങ്ങിയിട്ടുള്ളത്.
എം. പരമേശ്വരൻനായർ: നിത്യജീവിതത്തിലെ ചില യാഥാർത്ഥ്യങ്ങളെ സുന്ദരമായി ആവിഷ്ക്കരിക്കുന്ന ഒരു കഥാകൃത്താണു് പരമേശ്വരൻനായർ. നായർത്തറവാടുകളിലെ ദുരന്ത ജീവിതകഥകൾ പലതും അതിപാടവത്തോടെ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ടു്. ജീവിതാനുഭവങ്ങൾ അവയിൽ നിറഞ്ഞുകാണാം. കുറച്ചുകാലമായി അദ്ദേഹം കഥകൾ ഒന്നും എഴുതിക്കാണാറില്ല. നിറങ്ങൾ. കെട്ടുതാലി, പാട്ടപ്പറ, ആകാശ വിളക്ക്, ഹൃദയത്തിലെ സർപ്പങ്ങൾ, ഒന്നില്ലെങ്കിൽ രണ്ടില്ല എന്നിവയാണു് പരമേശ്വരൻനായരുടെ കഥാസമാഹാരങ്ങൾ.
