ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

വിനയൻ : ഉയർന്നുവരുന്ന ഒരു കഥാകൃത്താണു് വിനയൻ. ‘കടലും കഞ്ഞിയും’ ഒൻപതു ചെറുകഥകളുടെ സമാഹാരമാണു്. ഒടുവിലത്തെ കഥയുടെ പേരാണു് പുസ്തകത്തിനു നല്കിയിട്ടുള്ളതു്. ‘മനുഷ്യനിൽ ഒരു മൃഗം’ എന്ന കഥ ഈ സമാഹാരത്തിലെ മറ്റെല്ലാ കഥകളേക്കാളും ആകർഷകമായി തോന്നുന്നു. അതിലെ കുഞ്ഞുണ്ണിക്കുറുപ്പ് വായനക്കാരുടെ സ്മരണമണ്ഡലത്തിൽനിന്നു മാഞ്ഞുപോകാത്ത ഒരു കഥാപാത്രമാണു്. ലളിതമായ ഭാഷ കൊച്ചുകൊച്ചു വാചകങ്ങൾ, സുന്ദരമായ പ്രതിപാദനം ഇവയാൽ ഇതിലെ കഥകൾ, ഓരോന്നും ആരെയും വശീകരിക്കുമെന്നുള്ളതിൽ സംശയമില്ല.

വിനയൻ്റെ മറ്റു കൃതികൾ: കൂവളം വീണ്ടും തളിർത്തു, ചലനങ്ങൾ, പീപ്പിയും പടക്കവും എന്നിവയാണ്.

നന്തനാർ: ഏഴു ചെറുകഥകളുടെ സമാഹാരമാണു് ‘നിഷ്ക്കളങ്കതയുടെ ആത്മാവു്.’ ഉണ്ണിക്കൃഷ്ണനും അവൻ്റെ അമ്മയ്ക്കും സമുദായം ഭ്രഷ്ട് കല്പിച്ചിരിക്കയാണു്. മരിച്ചുകിടക്കുന്ന മുത്തശ്ശിയെ നാലുകെട്ടിൽ ചെന്നു കാണാനോ, ദഹിപ്പിക്കുന്നതിൽ പങ്കുകൊള്ളാനോ പതിനൊന്നുവയസ്സു മാത്രം പ്രായമുള്ള ഉണ്ണിക്കൃഷ്ണനെപ്പോലും സമുദായം അനുവദിക്കുന്നില്ല. മനുഷ്യനെ ചിന്തിപ്പിക്കുവാൻ പോരുന്ന ഒരു കഥ. നന്തനാരുടെ കഥകളിൽ നല്ലൊരുഭാഗവും സൈനിക ജീവിതത്തെ പരാമർശിക്കുന്നവയാണ്. തോക്കുകൾക്കിടയിലെ ജീവിതം, ജീവിതത്തിൻ്റെ പൊൻനാളങ്ങൾ, നെല്ലും പതിരും തുടങ്ങിയവയാണു് നന്തനാരുടെ മറ്റു സമാഹാരങ്ങൾ.

എൻ. പി. മുഹമ്മദ്: നല്ലൊരു നാടകകൃത്തും കാഥികനുമാണു്. എൻ. പി. മുഹമ്മദ്. വായനക്കാരുടെ ഹൃദയത്തെ ചലിപ്പിക്കുവാനുള്ള കഴിവു് മുഹമ്മദിൻ്റെ കഥകൾക്കുണ്ട്. ‘നല്ലവരുടെ ലോകം’ എന്ന സമാഹാരത്തിൽ ഏഴു കഥകൾ അടങ്ങിയിരിക്കുന്നു. ക്ഷുഭിതരായിത്തീർന്ന ഒരുസംഘം വിദ്യാത്ഥികൾ ഒരു ഇംഗ്ലീഷ്കാരനെ വളഞ്ഞ് അദ്ദേഹത്തെക്കൊണ്ടു്, ക്വിറ്റിൻഡ്യാ മുദ്രാവാക്യം മുഴക്കിക്കുന്നു. അദ്ദേഹം അക്ഷോഭ്യനായി നിന്നു മന്ദഹാസപൂർവ്വം അതു നിർവ്വഹിക്കയും ചെയ്യുന്നു. നല്ലവരുടെ ലോകം എന്ന കഥയിലെ പ്രമേയം അതാണു്. ആ നല്ല മനുഷ്യൻ ഒരന്യനാണെന്നു വിദ്യാർത്ഥികൾക്കു തോന്നുവാൻ കാരണമായിത്തീർന്നതു്, അദ്ദേഹത്തിൻ്റെ തൊലിയുടെ വെളുപ്പുമാത്രമായിരുന്നു. തട്ടിപ്പുകാരനായ ഒരു തങ്ങളുടെ കഥയാണു’ ‘നിധി’യിൽ അടങ്ങിയിട്ടുള്ളതു്. ആധുനിക ശാസ്ത്രീയകാര്യങ്ങളെ സ്പർശിക്കുന്നവയാണു് ‘വിഷാണുക്കൾ’, ‘കുടുംബത്തിൻ്റെ സംഗീതം’ എന്നീ കഥകൾ. ‘തൊപ്പിയും തട്ടവും’ മുഹമ്മദിൻ്റെ ആദ്യത്തെ സമാഹാരമാണു്. ‘അന്തപ്പുരത്തിലെ ഞരക്കങ്ങൾ’, ‘നിക്കാഹു്” തുടങ്ങിയ കഥകൾ സ്വസമുദായത്തിലെ ഇരുളടഞ്ഞ വശങ്ങളെ വെളിപ്പെടുത്തിക്കാണിക്കുന്നു. ചിരിക്കും ചിന്തയ്ക്കും വകനല്കുന്നവയാണു് മുഹമ്മദിൻ്റെ കഥകൾ എന്നു പൊതുവേ പറയാം. ‘ഇ ബ് ലീ സ് എന്ന പഹയൻ്റെ’ തോന്ന്യാസങ്ങൾ അധികമില്ലാത്തതിനാൽ മിക്കതും ശങ്കകൂടാതെ ആർക്കും വായിക്കുവാൻ പറ്റുന്നതുമാണു്. മരണം താരാട്ടുപാടി, കവിതകൾ, വാരിയെല്ലുകൾ എന്നിവയത്രെ മുഹമ്മദിൻ്റെ മറ്റു സമാഹാരങ്ങൾ.