കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
പാറപ്പുറത്ത്: 1948-ൽ ‘ലോകവാണി’യിലൂടെ ‘പുത്രിയുടെ വ്യാപാരം’ എന്ന ചെറുകഥയുമായി രംഗപ്രവേശം ചെയ്ത ഒരു യുവാവാണു് മാവേലിക്കര സ്വദേശിയായ പാറപ്പുറത്തു്. ഒരു നോവലെഴുത്തുകാരൻ എന്ന നിലയിലാണു് ഇന്നു് അദ്ദേഹം പ്രസിദ്ധനായിട്ടുള്ളതെങ്കിലും ചെറുകഥകളാണു് ആദ്യത്തെ കുറിപ്പുകൾ. പ്രകാശധാര. ഒരമ്മയും മൂന്നു പെൺമക്കളും, കുരുക്കൻ കീവറീതു മരിച്ചു, ആ പൂമൊട്ടു വിരിഞ്ഞില്ല എന്നിങ്ങനെ ഒട്ടേറെ സമാഹാരങ്ങൾ അദ്ദേഹത്തിൻ്റെ വകയായിട്ടുണ്ടു്. വൈവിധ്യമുള്ള ജീവിതചിത്രങ്ങൾ ഓരോന്നിലും കാണാം.
ഹബീബ് വലപ്പാടു് : നാടകീയത നിറഞ്ഞ സംഭവങ്ങൾ തേടിപ്പിടിച്ചു കഥകൾ രചിക്കുന്ന ഒരു യുവകാഥികനാണ്’ ഹബീബ് വലപ്പാട്. പരിണാമഗുപ്തിക്കും നാടകീയതയ്ക്കും പരിശ്രമിക്കുന്നതിനിടയിൽ കഥകൾ പലതും കൃത്രിമമായിത്തീരുന്നു. ഹബീബിനു നല്ലൊരു രചനാ ശൈലി സ്വാധീനമായിട്ടുണ്ട്. ഇത്താത്ത, കസവുതട്ടം, ആങ്ങളയും പെങ്ങളും, നല്ല മനുഷ്യൻ, പാപം ചെയ്ത മനുഷ്യൻ, വഴിതെറ്റിയ ബന്ധങ്ങൾ എന്നിവ ഹബീബിൻ്റെ ചെറുകഥാസമാഹാരങ്ങളത്രെ.
