കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
കേരളീയ കഥാകർത്രികൾ: കാവ്യലോകത്തിലെന്ന പോലെ കഥാലോകത്തിലും കേരളീയ വനിതകൾ രംഗപ്രവേശം ചെയ്യാതിരുന്നിട്ടില്ല. ചെറുകഥാപ്രസ്ഥാനത്തിൽ കെ. സരസ്വതിഅമ്മ, ലളിതാംബിക അന്തർജ്ജനം, സരളാ രാമവർമ്മ, മാധവിക്കുട്ടി എന്നിങ്ങനെ ചില പേരുകളാണു് ഉയന്നുനില്ക്കുന്നതു്.
കെ. സരസ്വതിഅമ്മ ബി. ഏ.: സ്ത്രീകളുടെ അനുഭൂതികളും അവശതകളും സ്ത്രീകളിൽനിന്നുതന്നെ അറിയുന്നതു കൂടുതൽ ആസ്വാദ്യമായിരിക്കുമെന്നുള്ളതിന്നു സംശയമില്ല. അങ്ങനെയുള്ള ചില അനുഭൂതികളുടെ ആവിഷ്ക്കരണമാണു് സരസ്വതിഅമ്മയുടെ ചെറുകഥകൾ. കൈരളിക്കു് ആനന്ദവും അഭിവൃദ്ധിയുമരുളുന്ന ഒട്ടുവളരെ സംഭാവനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ചില കഥകൾ ആശാസ്യമായ ഒരു പരിണാമത്തിൽ എത്തിക്കുവാൻ അവർക്കു കഴിയാതെ വന്നിട്ടുണ്ടെന്നുള്ളതും വിസ്മരിക്കാവുന്നതല്ല ‘രത്നം വിളയുന്ന ഭൂമി’ എന്ന കഥതന്നെ അതിനു് ഉത്തമദൃഷ്ടാന്തമാണു്. പണക്കുറവിനാൽ സ്ത്രീയുടെ വ്യക്തിത്വം മാനിക്കപ്പെടാതെ പോകുന്നതും, അതിനു് ഒരു പരിഹാരമെന്നവണ്ണം ഒരു നൂതനമാറ്റം തുറന്നുകാണിക്കുന്നതുമാണു് പ്രസ്തുത കഥയിൽ ചിത്രീകരിച്ചിട്ടുള്ളതു്. പണക്കാരൻ്റെ ഭാഷയായിത്തീരുന്ന ഒരു ചാരിത്രശാലിനിക്കു് ഒരിക്കലും ഒരു പ്രേമജീവിതം സാദ്ധ്യമല്ല. പണം കൂടാതെ ജീവിക്കുവാനും സാദ്ധ്യമല്ല. ഈ സ്ഥിതിയിൽ ഇതിലെ നായിക പണക്കാരനായ ഒരു ചെട്ടിയാരുടെ ‘ഭാര്യാപദം’ അലങ്കരിച്ചു കാര്യം നേടുന്നു. കഥാകർത്രി സമുദായത്തിനു് ഇതുവഴി നല്കുന്ന ആദർശം എന്താണാവോ? ‘മഞ്ജു – ഡോക്ടർ – മഞ്ജു’ എന്ന കഥ എത്രമാത്രം യാഥാർത്ഥ്യം നിറഞ്ഞതായിരുന്നാലും, വായനക്കാർക്കു ശരിയായ ഒരനുഭവജ്ഞാനം നല്കുന്നില്ല. പ്രേമത്തിൻ്റെ പേരിൽ നായികാനായകന്മാർ ചെയ്യുന്ന ആത്മഹത്യ ബുദ്ധിയുടെ അപ്രാപ്തിയെയല്ലാതെ ചിന്താകുശലതയെ തെളിയിക്കുന്നതല്ലല്ലൊ. ‘സ്ത്രീ ജന്മം’ എന്ന സമാഹാരത്തിലെ കഥകൾ ഓരോന്നിലും, സ്ത്രീകളെ അടക്കിഭരിക്കാൻ പുറപ്പെടുന്ന പുരുഷമേധാവിത്വത്തോടുള്ള വെല്ലുവിളിയാണു മുഴങ്ങിക്കേൾക്കുന്നതു്. സരസ്വതി അമ്മയുടെ മിക്ക കഥകളിലും പുരുഷ വിദ്വേഷത്തിൻ്റെ നേരിയ ലാഞ്ചനകളെങ്കിലും ഉണ്ടാകാതെ പോകുന്നില്ല. ഗ്രന്ഥകർത്രിയുടെ ഒരു വ്യക്തിമുദ്ര എന്നപോലെ അതു പലതിലും പ്രതിഫലിച്ചു കാണാം.
പെൺബുദ്ധി, കീഴ്‌ജീവനക്കാരി, വിവാഹ സമ്മാനം, ഇടിവെട്ടു തൈലം, പൊന്നുംകുടം, കനത്ത മതിൽ, പ്രേമപരീക്ഷണം, ചോലമരങ്ങൾ, ചുവന്ന പൂക്കൾ എന്നിവയാണു് ഈ ശ്രീമതിയുടെ ഇതരകൃതികൾ. പ്രേമഭാജനം എന്ന ഒരു ചെറുനോവലും സരസ്വതിഅമ്മയുടെ തൂലികയിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുണ്ടു്.
