കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ഉപസംഹാരം: മലയാളത്തിൽ ഏറ്റവും പരിപുഷ്ടവും പരിശോഭനവുമായിത്തീർന്നിട്ടുള്ള അല്ലെങ്കിൽ തീർന്നുകൊണ്ടിരിക്കുന്ന കലാ പ്രസ്ഥാനമാണു് ചെറുകഥ. ഇബ്സൻ, ചെക്കോവ് തുടങ്ങിയ വിശ്വസാഹിത്യകാരന്മാരാണു് നമ്മുടെ ഇന്നത്തെ ചെറുകഥാകൃത്തുകളുടെ മാർഗ്ഗദർശികൾ. അവരെ അനുകരിച്ചും അതിശയിച്ചും ഒട്ടുവളരെ ചെറുകഥകൾ മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്; ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ടു്. ആധുനിക ചെറുകഥകളിൽ അധികഭാഗവും പുരോഗമനപരമായ ആശയഗതികളോടുകൂടിയവയാണു്. പ്രചാരണം അവയുടെ മുഖ്യോദ്ദേശവുമാകുന്നു. സാമൂഹ്യശുദ്ധിക്കവേണ്ടി – സമുദായാന്തരീക്ഷത്തിലെ വൃത്തികേടുകളെ നിർമ്മാജ്ജനം ചെയ്യുന്നതിനുവേണ്ടി – തൂലികായോധനം ചെയ്യുന്നവരാണു് ആധുനികരിൽ അധികംപേരും. പൊതു സ്ഥാപനങ്ങൾ, രാഷ്ട്രം, സമുദായം, കുടുംബം, വ്യക്തി എന്നു തുടങ്ങിയ എല്ലാം തന്നെ അവരുടെ നിശിതമായ വിമർശനങ്ങൾക്കു വിഷയമായി ത്തീർന്നിട്ടുമുണ്ട്. അവരുടെ പ്രയത്നങ്ങൾക്ക് ഒട്ടൊക്കെ ഫലം ലഭിക്കാതേയും വന്നിട്ടില്ല.
എന്നാൽ ഒരുകാര്യത്തിൽ കുറച്ചുകൂടി അവധാനപൂർവ്വം പ്രവർത്തിക്കുന്നതുകൊള്ളാമെന്നു തോന്നുന്നു. സമുദായത്തിലെ ഏതനീതികളേയും എതിർക്കേണ്ടതും തകർക്കേണ്ടതും ആവശ്യം തന്നെ. ലിംഗപരമായ അനീതികളെ തടുക്കുവാൻവേണ്ടി വളരെയധികം കഥകൾ പലരും ഇന്നെഴുതുന്നുണ്ടു്; അഥവാ എഴുത്തുകാരിൽ ബഹുഭൂരിഭാഗവും ഗണപതിക്കു കുറിക്കുന്നതുതന്നെ ആ വിഷയത്തെ ധ്യാനിച്ചുകൊണ്ടാണു്. എന്നാൽ കാമവികാരങ്ങളെ കൈകാര്യം ചെയ്യുന്ന കഥാകാരന്മാരിൽ അധികംപേരും സ്ത്രീത്വത്തെ അതിൻ്റെ മഹനീയമായ അന്തസ്സിലും പരിപാവനതയിലും ദർശിക്കുവാനോ എത്തിക്കുവാനോ മിക്കവാറും അപ്രാപ്തരായിട്ടാണു കണ്ടുവരുന്നതു്. പ്രാകൃതവികാരങ്ങളുടെ ബാഹുല്യം ഇന്നത്തെ ചെറുകഥകളിൽ ഉടനീളം വ്യാപിച്ചിരിക്കയാണു്. ‘റിയലിസ’ത്തിൻ്റേയും മറ്റും പേരിൽ ചിലർ എന്തെല്ലാം ചീഞ്ഞളിഞ്ഞ കാര്യങ്ങളാണു് എച്ചിൽക്കുഴികളിൽനിന്നും തോണ്ടിയെടുത്തു സമുദായരംഗത്തു വലിച്ചെറിഞ്ഞു് അന്തരീക്ഷത്തെ ദുർഗ്ഗന്ധപൂരിതവും അനാരോഗ്യപരവുമാക്കിത്തീർത്തുകൊണ്ടിരിക്കുന്നതെന്നു പറയുവാൻ പ്രയാസം. വ്യഭിചാരശാലകളിലെ മാംസത്തിൻ്റെ വിലപേശലും, അതിനെത്തുടർന്നുള്ള മറ്റനേകം നാറിയകാര്യങ്ങളും പറഞ്ഞു മുതലക്കണ്ണീരു പൊഴിക്കുവാനുള്ള ഒരുതരം ദുഷിച്ച വാസന ഇന്നത്തെ കാഥികന്മാരിൽ വളരെപ്പേരിലും കണ്ടുവരുന്നു. ഉപന്യാസം, മൈതാനപ്രസംഗം, തെറിപ്പാട്ട്, താന്തോന്നിത്തം എന്നിവയെല്ലാം ചെറുകഥയുടെ ലേബലൊട്ടിച്ചു പ്രസിദ്ധീകരിക്കുവാനും പലരും മടിക്കുന്നില്ല.
അതുപോലെതന്നെ പ്രസ്താവയോഗ്യമായ മറ്റൊരു ദുരവസ്ഥ, മനുഷ്യവർഗ്ഗത്തിൻ്റെ പൊതുക്ഷേമത്തിനും വർഗ്ഗമൈത്രിക്കുംവേണ്ടി നിലകൊള്ളേണ്ട സാഹിത്യം, ചെറുകഥകളിൽ, ഒരു പ്രത്യേക വർഗ്ഗത്തിനും വർഗ്ഗമത്സരത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണു്. കേരളവർമ്മയുടെ അഭിജ്ഞാനശാകുന്തളം തർജ്ജമയെത്തുടർന്നു മലയാളത്തിൽ നാടക പ്രസ്ഥാനത്തിനുണ്ടായ ഗതിവിഗതികൾപോലെയുള്ള ഒരു അനാശാസ്യനിലയാണ് ചെറുകഥാപ്രസ്ഥാനത്തിലും വാസ്തവത്തിൽ ഇന്നു വന്നുവശായിട്ടുള്ളതു്. ശരിയായ ഒരു നിയന്ത്രണം ഏതുവിധത്തിലെങ്കിലും ഉണ്ടാകുന്നില്ലെങ്കിൽ നമ്മുടെ കഥാപ്രസ്ഥാനത്തിനു വലുതായ കളങ്കം നേരിടുകതന്നെ ചെയ്യും. കലയുടെ ധാർമ്മിക മൂല്യത്തെ വിസ്മരിക്കാതെ അനുഭൂതിയോടും ഭാവദീപ്തിയോടുംകൂടി ആവിഷ്ക്കരിക്കുന്ന പുരോഗമനപരമായ ഏതാശയവും അനർത്ഥകമോ അസഭ്യമോ ആയി ഒരിക്കലും പരിണമിക്കുന്നതല്ല. സാമൂഹ്യപരിഷ്കർത്താക്കളായ നമ്മുടെ ജനകീയ കലാകാരന്മാർ – വിശേഷിച്ചും വളർന്നു വരുന്ന തലമുറയുടെ മാർഗ്ഗദർശികളാകേണ്ട കഥാകാരന്മാർ – ഈ തത്വം വിസ്മരിക്കാതെ പ്രവർത്തിക്കുന്നതായാൽ അതു മനുഷ്യ സമുദായത്തിനും സംസ്‌കാരത്തിനും ഒന്നുപോലെ ശ്രേയസ്‌കരമായിരിക്കുമെന്നേ പറയുവാനുള്ളൂ.
