ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

നോവൽ

മലയാളത്തിൽ സ്വതന്ത്ര നോവലുകളേക്കാളധികം വിവർത്തനങ്ങളാണുള്ളത്. അതും പലതരത്തിൽ ചിലതു സ്വതന്ത്രതർജ്ജമ; മറ്റുചിലതു പദാനുപദ തർജ്ജമ; വേറെ ചിലതു് ആശയാനുവാദം; ഇനിയും ചിലതു് ആർക്കും പിടികൊടുക്കാത്ത വിധത്തിൽ പലതിൽനിന്നും പലരൂപത്തിൽ അപഹരിച്ചിട്ടുള്ളവ — ഇങ്ങനെ വിവിധ രൂപങ്ങളായ വിവർത്തനങ്ങൾ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്. ഇവയിൽ ചിലതിനെപ്പറ്റി അല്പം ചിലതു പ്രസ്താവിക്കാമെന്നു കരുതുന്നു.

അക്ബർ: 1872-ൽ ഡോ. വാൻലിംബർഗ്ഗ് ബ്രോവർ ഡച്ച് ഭാഷയിൽ എഴുതി പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത ആഖ്യായികയെ 1877-ൽ ജർമ്മൻഭാഷയിൽ വിവർത്തനം ചെയ്തു, 1879-ൽ അതു് ഇംഗ്ലീഷിലേക്കും. ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തിയ കൃതിയെയാണു് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ വിവർത്തനം ചെയ്തു കൊല്ലവഷം 1069-ൽ പ്രസിദ്ധപ്പെടുത്തിയതു്. മലയാള ഭാഷയിൽ ആദ്യമായവതരിച്ച ആഖ്യായികയും ഇതുതന്നെ. ഇരാവതീസിദ്ധ രാമന്മാരാണു് ആഖ്യായികയിലെ നായികാനായകന്മാർ. അക്ബറുടെ കാലത്തെ മുഗൾ രാജധാനിയുടെ അന്തസ്സും മഹിമയും പ്രസ്തുത കൃതിയിൽ ഉടനീളം വിളങ്ങുന്നുണ്ട്. “അസ്തപർവ്വത നിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബ ത്തിൽനിന്നും വിസൃമരങ്ങളായ” എന്നു തുടങ്ങുന്ന ആരംഭത്തിലെ സംസ്കൃത പ്രചുരമായ ഭാഷാരീതി കണ്ടു ചിലർ അമ്പരന്നു പോയേക്കാം. എന്നാൽ ക്രമേണ ആ രീതി ലളിതലളിതമായിത്തീരുന്ന കാഴ്ചയും ഇതിൽ നമുക്കു കാണുവാൻ കഴിയും. അക്‌ബറുടെ ഭരണ വിജയത്തിൻ്റെ രഹസ്യം ഈ കൃതി ചേതോഹരമായി പ്രകാശിപ്പിക്കുന്നു.