ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ഊർമ്മിള: ബങ്കാളിലെ സുപ്രസിദ്ധ നോവലെഴുത്തുകാരിയായ സീതാദേവിയാൽ നിർമ്മിതമായ Cage of Gold എന്ന ഇംഗ്ലീഷ് നോവലിൻ്റെ തർജ്ജമയാണു് വിദ്വാൻ സി. എസ്. നായരുടെ ഊർമ്മിള. ജീവിതസമരത്തിൽ അദൃശ്യമായി പ്രവർത്തിക്കുന്ന ഒരു ശക്തിയുടെ ബലാബലമനുസരിച്ചുള്ള ജയാപജയങ്ങളെ തന്മയത്വത്തോടുകൂടി ഗ്രന്ഥകർത്തി ഇതിൽ പ്രകാശിപ്പിച്ചിരിക്കുന്നു. സമ്പത്തിൻ്റേയും പരിഷ്കാരത്തിൻ്റേയും പ്രബലതയാൽ ലളിതമിത്രൻ ഒരു ഭാഗത്തേക്കും, അസമ്പന്നനെങ്കിലും പ്രണയകേദാരമായ സമരേന്ദ്രബാബു മറെറാരു ഭാഗത്തേക്കും തന്നെ ആകർഷിച്ചുകൊണ്ടിരിക്കേ ഡോളായമാനമായിത്തീർന്ന ഊർമ്മിളയുടെ ഹൃദയം യഥാർത്ഥ പ്രണയം ജ്വലിപ്പിച്ചുകാണിച്ച മാർഗ്ഗത്തിൽക്കൂടി സഞ്ചരിച്ചു സമരേന്ദ്രസങ്കേതത്തിൽത്തന്നെ എത്തിച്ചേരുന്നതാണു് ഈ സാമുദായിക നോവലിലെ പ്രധാന പ്രമേയം. സഹൃദയ ലോകത്തിൻ്റെ സാദര ശ്ലാഘയ്ക്കു പലപ്രകാരത്തിലും പാത്രീഭൂതനായിട്ടുള്ള സി. എസ്സ്. നായരുടെ വിവർത്തനത്തെപ്പറ്റി വിശേഷവിധിയായി ഒന്നും പറയേണ്ടതില്ല. 1926-ൽ പരിഭാഷപ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ നോവൽസാഹിത്യത്തിനു് ഒരു മുതൽക്കൂട്ടുതന്നെ. ശങ്കുണ്ണിനായരുടെ ഈ തർജ്ജമയ്ക്ക് ഏതാനും വർഷങ്ങൾക്കു മുമ്പായി ‘കേജ് ഓഫ് ഗോൾഡ്’ ‘ഹേമപഞ്ജ എന്ന പേരിൽ തോട്ടയ്ക്കാട്ടു മാധവിയമ്മ മലയാളത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതയും ഈയവസരത്തിൽ പ്രസ്താവയോഗ്യമാണു്.