കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
ഭാരതീയ ഭാഷകളിൽ ബംഗാളി നോവലുകളാണു നമ്മുടെ നോവൽ സാഹിത്യ ശാഖയ്ക്ക് ആദ്യമായി മുതൽക്കൂട്ടു വർദ്ധിപ്പിച്ചതു്. എന്നാൽ ഹിന്ദി മുതലായ ഭാഷകളിലെ കൃതികൾവഴിക്കും നമ്മുടെ നോവൽ പ്രസ്ഥാനം ഇന്നു പുഷ്ടി പ്രാപിച്ചു വരികയാണു്. അവയിൽ ചിലതിൻ്റെ പേരുമാത്രം പറഞ്ഞുപോകുവാനേ ഇവിടെ തരമുള്ളൂ. പ്രേമ് ചന്ദിൻ്റെ പ്രേമാശ്രമം, സേവാസദനം, വരദാനം, ഗോദാനം, വഞ്ചന, കർമ്മഭൂമി, നിർമ്മല എന്നീ നോവലുകൾ ഈയവസരത്തിൽ ഓർമ്മയിൽ വന്നുചേരുന്നു. ഇവയിൽ ആദ്യത്തെ ആറു കൃതികളും ഈ കെ. ദിവാകരൻ പോറ്റിയാണു വിവർത്തനം ചെയ്തിട്ടുള്ളതു്. ഡോ. മുൽക്കു്രാജ് ആനന്ദിൻ്റെ കൂലി, വിശാലഹൃദയം, രണ്ടിലയും ഒരു മൊട്ടും എന്നീ കൃതികൾ എം. എൻ. ഗോവിന്ദൻനായർ ഐ. എസ്സ്., എം. ഷണ്മുഖദാസ് എം. എ. എന്നിവർ യഥാക്രമം തർജ്ജമ ചെയ്തിരിക്കുന്നു. അദ്ദേഹത്തിൻ്റെതന്നെ. ‘ഒരു എം. എ.ക്കാരൻ്റെ മരണവിലാപ’വും മലയാളത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്. കിഷൻചന്ദരുടെ, ഭൂമിക്കുവേണ്ടി (വിവ: പി. വി. രാമവാര്യർ). മരിക്കാൻവയ്യ (വിവ: ജോസ് ചാലങ്ങാടി) എന്നുതുടങ്ങിയവയും, ജൈനേന്ദ്രകുമാറിൻ്റെ ചേച്ചി, സുഖദാ (ഈ. കെ. ശാരദാദേവി), സുനീത (ജി. നാരായണപിള്ള) തുടങ്ങിയ കൃതികളും പ്രസ്താവയോഗ്യങ്ങളത്രെ. കെ. എ. അബ്ബാസിൻ്റെ ഒരു രാഷ്ട്രീയ കൃതിയായ ‘ഇങ്ക്വിലാബ്’ ഒ. പി. ജോസഫ് തർജ്ജമ ചെയ്തിട്ടുണ്ടു്. അദ്ദേഹത്തിൻ്റെ ‘ഭാവി നമ്മുടെ’ (അനുവാദിക മിസ് ജാനകി എൻ. മേനോൻ), ‘ആത്മോപഹാരം’, ‘മരണത്തിൻ്റെ പരാജയം’ തുടങ്ങിയവയും നമുക്കു ലഭിച്ചുകഴിഞ്ഞിട്ടുണ്ടു്. മന്മഥനാഥഗുപ്തയുടെ ‘തെമ്മാടി’യും (എം. കെ. ശങ്കരൻ എഴുത്തച്ഛൻ) അതുപോലെതന്നെ, യശ്‌പാലിൻ്റെ ഏറ്റവും വലിയ നോവലായ ‘ഝൂട്ടാ സച്ച്” നിറംപിടിച്ച നുണകൾ എന്നപേരിലും (2 ഭാഗങ്ങൾ ദേശദ്രോഹി, രാജ്യദ്രോഹി എന്ന പേരിലും പി. ഏ. വാര്യർ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഹുമയൂൺ കബീറുടെ ‘മനുഷ്യരും നദികളും’ എന്ന കൃതി ടാറ്റാപുരം സുകുമാരനാണു വിവർത്തനം ചെയ്തിട്ടുള്ളതു്. ഖണ്ഡേക്കറുടെ വെറുംകോവിൽ (പി. ആർ. വാരിയർ), ഹരേകൃഷ്ണ മേത്താബിൻ്റെ പ്രതിഭ (കെ കൃഷ്ണൻകുട്ടി) മുതലായവയും മലയാള ത്തിൽ വന്നുകഴിഞ്ഞിട്ടുണ്ട്. ഭഗവതിചരൺ വർമ്മയുടെ ചിത്രലേഖ വി. സി. നാരായണൻ ‘ആശ്രമത്തിലെ നർത്തകി’ എന്ന പേരിലും, പ്രഭാകർ മാച്ച്‌വെയുടെ ‘ഏക്‌താര’ അഭയദേവ് അതേപേരിലും വിവർത്തനം ചെയ്തിരിക്കുന്നു.