കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
പാശ്ചാത്യ നോവലുകൾ: പാശ്ചാത്യനോവലുകളിൽ ചിലതിനെപ്പറ്റിയും ഈയവസരത്തിൽ അനുസ്മരിക്കാതെ തരമില്ല. യഥാർത്ഥത്തിൽ സ്കോട്ട് മുതലായവരുടെ കൃതികളായിരുന്നല്ലോ മലയാളത്തിൽ ഈ ശാഖയ്ക്കു ബീജാവാപം ചെയ്തതുതന്നെ. അതിനാൽ അത്തരം കൃതികളിൽ ചിലതിനെപ്പറ്റി ദിങ് മാത്രമായി ചിലതു കുറിച്ചുകൊള്ളട്ടെ.
റാസലസ്: ഇംഗ്ലീഷ് ഭാഷയിൽക്കൂടി മലയാളത്തിൽ സാംക്രമിച്ച ആദ്യത്തെ നോവൽ വിവർത്തനം കേരളവർമ്മയുടെ അക്‌ബർ ആയിരുന്നല്ലോ. അതിനെത്തുടർന്നു അടുത്തുതന്നെ ഉണ്ടായ ഒരേ മൂലകൃതിയുടെ രണ്ടു വിവർത്തനങ്ങളാണു്’ പൈലോ പോളിൻ്റെ റാസലസും, തത്ത കണാരൻ്റെ രസലേശികയും. 19-ാം നൂററാണ്ടിൻ്റെ അവസാനത്തിലുണ്ടായ പ്രസ്തുത രണ്ടു വിവർത്തനങ്ങളുടേയും മൂലം ഡോക്ടർ ജോൺസൺ എഴുതിയ Russelas എന്ന കൃതിയെത്രെ. പൈലോപ്പോൾ മൂലഗ്രന്ഥത്തിൻ്റെ പേരുതന്നെ വിവർത്തനത്തിലും സ്വീകരിച്ചു. നായകൻ്റെ നാമധേയമാണു റാസലസ്’ എന്നതു്. മലബാർ സ്പെക്ടേറ്റർ പ്രസ്സിൽനിന്നു 1895-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതിയിലെ ഭാഷാരീതി പൊതുവേ ലളിതമാണു്. ‘ഒരു താഴ്‌വരയിലെ രാജധാനിയിൻ വിവരണം’ — ഇത് ഒന്നാമദ്ധ്യായത്തിൻ്റെ തലക്കെട്ടാണു്. വിവർത്തനത്തിൻ്റെ രീതി കാണിക്കുവാൻ അവസാന ഭാഗമായ 49-ാം അദ്ധ്യായത്തിൽ നിന്നു ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
“രസലേശൻ, താൻ നേരിട്ടു ന്യായ വിചാരണകൾ ചെയ്തു എല്ലാ ഭാഗങ്ങളും തൻ്റെ ദൃഷ്ടിയിൽ പെടത്തക്ക ഒരു ചുരുങ്ങിയ രാജ്യകർത്ഥത്വമാണു ആഗ്രഹിക്കുന്നതെന്നു പറഞ്ഞു. പക്ഷേ, ഈ രാജ്യത്തിൻ്റെ ദീർഘവിസ്താരങ്ങളും നിവാസികളുടെ സംഖ്യയും കൂടെക്കൂടെ ഭേദപ്പെടുണമെന്നുതന്നെ വിചാരിച്ചുകൊണ്ടിരുന്നു.”