കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
(അദ്ധ്യായം 49, പേജ് 270) രസലേശിക: ജോൺസൻ്റെ Rasselas എന്ന കൃതിക്കു തത്തകണാരൻ സ്വീകരിച്ച വിവർത്തനത്തിൻ്റെ നാമധേയമാണ് രസലേശിക എന്നതു്. അദ്ധ്യായങ്ങൾക്കു പകരം കാണ്ഡങ്ങൾ എന്ന പേർ ഇതിൽ കൈക്കൊണ്ടിരിക്കുന്നു. പൈലോ പോളിൻ്റെ വിവർത്തനത്തേക്കാൾ ഭാഷാരീതി കുറച്ചുകൂടി പ്രൗഢമാണു്. ‘ഉപത്യകാസൗധവർണ്ണന’– ഇതാണ് ഒന്നാം കാണ്ഡത്തിൻ്റെ തലക്കെട്ട്. പൈലോ പോൾ വിവർത്തനം ചെയ്തതായി മുകളിൽ ഉദ്ധരിച്ച ഭാഗംതന്നെ കണാരൻ്റെ രസലേശികയിൽനിന്നു് ഇവിടെ ഉദ്ധരിക്കാം:
“രാജകുമാരൻ്റെ ആഗ്രഹം മറ്റുള്ളവരുടെ ആശ്രയംകൂടാതെ തന്നെത്താൻ നീതിന്യായങ്ങളെ നടത്തുവാൻകഴിയുന്ന ഒരു ചെറിയ രാജ്യത്തിൻ്റെ അധിപതിയാകണമെന്നായിരുന്നു. എന്നാൽ രാജ്യത്തിൻ്റെ അതിരുകളെ നിജപ്പെടുത്തുവാൻ അവനു കഴിഞ്ഞില്ല. ജനസംഖ്യ പോരാ പോരാ എന്നു വിചാരിച്ചുകൊണ്ടിരിക്കയും ചെയ്തു.” (കാണ്ഡം 49, പേജ് 259)
പൈലോ പോളിൻ്റെ റാസലസ് പുറപ്പെട്ടു മൂന്നുകൊല്ലം കഴിഞ്ഞു് അതായതു് 1898-ൽ കണാരൻ്റെ രസലേശിക പ്രസിദ്ധീകൃതമായി. അന്നത്തെ തിരുവിതാംകൂർ മഹാരാജാവിനു പ്രസ്തുതകൃതി ഗ്രന്ഥകാരൻ സമർപ്പിച്ചുകാണുന്നു. ഏതാണ്ടു് 40 കൊല്ലത്തിനുശേഷം –1939-ൽ — രസലേശികയുടെ രണ്ടാം പതിപ്പ് മൂർക്കോത്തു കുമാരൻ്റെ അവതാരികയോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. രസലേശികയ്ക്കു മുമ്പായി, സർ വാൾട്ടർ സ്കോട്ടിൻ്റെ Lady of the Lake എന്ന കാവ്യം. ‘സരോഭാമിനിവിലാസം’ എന്ന പേരിൽ കണാരൻ ഗദ്യമായി വിവർത്തനം ചെയ്തിരുന്നു, എന്ന വസ്തുതയും ഇവിടെ പ്രസ്താവാഹമാണ്.* (കണാരൻ ബി. എ. തലാശ്ശേരി നഗരത്തിൽ 1860-ൽ ജനിച്ചു. തത്ത എന്നതു് കടുംബനാമധേയമാണു്. 1897 ജൂലൈ 2-നു കഥാപുരുഷൻ ചരമമടഞ്ഞു)
