കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
നാലപ്പാടൻ പാവങ്ങൾ : വിവർത്തനങ്ങൾവഴി പ്രതിനവഭിന്നവിചിത്രമായ അനേകം മനുഷ്യ ജീവിതത്തെപ്പറ്റിയും അവയുടെ രചയിതാക്കളെപ്പറ്റിയും നമുക്കറിയുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പാവങ്ങളുടെ വിവർത്തനമാകട്ടെ, അത്തരത്തിലുള്ള ഒന്നായി മാത്രം ഗണിച്ചാൽ മതിയാകുന്നതല്ല. പാശ്ചാത്യരാജ്യങ്ങളിലെ നവോത്ഥാനത്തിൻ്റെ നാന്ദീമുഖമായ ഫ്രഞ്ചു വിപ്ലവാനന്തരം ഫ്രാൻസിലുണ്ടായ പരിവർത്തനത്തിൻ്റെ ഒരു സചേതന ചിത്രമാണു് പാവങ്ങളിൽ വിക്ടർ യൂഗോ പ്രദർശിപ്പിച്ചിട്ടുള്ളതു്. പൂർവ്വാർജ്ജിത സ്വത്തൊന്നുമില്ലാതെ സമുദായ മദ്ധ്യത്തിൽ വന്നുപിറന്ന നിർഭാഗ്യനായ ഴാങ് വാൽഴാങ്, കറുത്തവാവിലെ കൂരിരുട്ടിൽ ഒരു ദീപശിഖ പോലെ പ്രതിഭാസിക്കുന്ന മഹർഷി തുല്യനായ ഡിയിലെ മെത്രാൻ തുടങ്ങിയ കഥാപാത്രങ്ങളെക്കൊണ്ടു വിരചിതമായ ഈ ഗ്രന്ഥം ജീവിത യാഥാർത്ഥ്യങ്ങളുടെ മിന്നൽപര വിതറി അനുവാചകരെ ചിന്താബന്ധുരമായ ഒരു നൂതന ലോകത്തേക്കു നയിക്കുന്നു. മനുഷ്യ മനസ്സിനെ ഇതുപോലെ ചലനാത്മകമാക്കിത്തിർക്കാൻ – വിപ്ലവാത്മകമാക്കിത്തീർക്കാൻ – മലയാളത്തിൽ ഇതിനു മുമ്പുവരെ ഉണ്ടായിട്ടുള്ള ഒരു കൃതിക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണു് ഈ വിവർത്തന ഗ്രന്ഥത്തെ കേവലം ഒരു വിവർത്തനമെന്നു എന്നു പറയുവാൻ കാരണം, പ്രസ്തുത വിവർത്തനം നമ്മുടെ സാഹിത്യത്തിൽ ഒരു നിത്യനൂതന പ്രസ്ഥാനംതന്നെ വെട്ടിത്തുറക്കുകയാണുണ്ടായതു്. നമ്മുടെ അനേകം കലാകാരന്മാർ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കൃതികൾ രചിക്കുവാൻ പിൽക്കാലത്തു പ്രവണതയുള്ളവരായിത്തീർന്നതു പാവങ്ങളിൽനിന്നു ലഭിച്ച പ്രചോദനം വഴിക്കാണെന്നുള്ള പരമാർത്ഥവും ഇവിടെ എടുത്തു പറഞ്ഞേ മതിയാവൂ.