ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

കുറ്റവും ശിക്ഷയും: ഫെഡർ ഡോസ്റ്റോവ്‌സ്‌കി എന്ന റഷ്യൻ സാഹിത്യകാരൻ Crime and Punishment എന്ന ഗ്രന്ഥത്തെ ഇടപ്പള്ളി പി. കെ. കരുണാകരമേനോൻ ഇംഗ്ലീഷിൽനിന്നും 1935-ൽ തർജ്ജമ ചെയ്തിട്ടുള്ളതാണ് ‘കുറ്റവും ശിക്ഷയും’. പാവങ്ങളെപ്പോലെതന്നെ ഇതും ഒരു പ്രതിപദതർജ്ജമയത്രേ. എങ്കിലും പാവങ്ങളേക്കാൾ വിവർത്തനം നന്നായിട്ടുണ്ട്. അജ്ഞതയിലും പട്ടിണിയിലും കിടന്നുഴലുന്ന പാവപ്പെട്ട ജനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യകൃതികളിൽ ഗണനീയമായ ഒന്നത്രേ പ്രസ്തുത നോവൽ. “മനുഷ്യ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നടക്കുന്ന ഭയങ്കര സമരങ്ങളെ ഇത്രമാത്രം സമഞ്ജസമായി വർണ്ണിക്കുവാൻ അപൂർവ്വം കവികൾക്കേ സാധിച്ചിട്ടുള്ളു. ഡോസ്റ്റോവ് “കിയുടെ വിപുലമായ കല്പനാവൈഭവമാകുന്ന മഹാനലജ്വാലയ്ക്കു മുമ്പിൽ ഇതര കവികൾ കേവലം സ്‌ഫുലിംഗങ്ങളായിച്ചമയുന്നു. മാനുഷവും ദിവ്യവുമായ സകലതും ഇതിൽ ആകർഷകവും ഞെട്ടിക്കുന്നതും ആയ ഒരു രീതിയിൽ അനുദ്ധ്യാനം ചെയ്തിട്ടുണ്ട്. നിയമം, കോടതിവിചാരണ, മാനഹാനി, ജയിൽ, തൂക്കുമരം എന്നിവയാൽ കെട്ടുപെട്ട മനുഷ്യ സമുദായം അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളെയാണ് കവി ഈ ഗ്രന്ഥത്തിൽ ചിത്രണം ചെയ്യുവാൻ ശ്രമിച്ചിട്ടുള്ളതു്” എന്നു വിവർത്തകൻ പ്രസ്താവിച്ചിട്ടുള്ള അഭിപ്രായം ശ്രദ്ധേയമാണു്. മനുഷ്യൻ്റെ ദുരിതങ്ങളെ ചൈതന്യപൂർണ്ണമായി ഇതുപോലെ വർണ്ണിച്ചിട്ടുള്ള കൃതികൾ ദുർല്ലഭംതന്നെ. രക്തത്തിലും കണ്ണീരിലുമാണ് ഇതിൻ്റെ രചന എന്നു പറയാം. അതുകൊണ്ടുതന്നെയാണു് പ്രസ്തുത കൃതി വായിക്കുവാനുള്ള ഒരു ദാഹം സാഹിത്യ ലോകത്തിൽ വർദ്ധിക്കുകയും ഡോസ്റ്റോവ്സ്‌കിയുടെ പേർ അഖില ലോക പ്രശസ്തമാകുകയും ചെയ്തിട്ടുള്ളത്.