കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
ഏ. ബാലകൃഷ്ണപിള്ളയുടെ വിവർത്തനങ്ങൾ: കാമുകൻ: ലൈംഗിക വിഷയങ്ങളെപ്പറ്റി എഴുതിയിട്ടുള്ളവരിൽ അഗ്രിമസ്ഥാനത്തു നിലകൊള്ളുന്ന ഒരു ഫ്രഞ്ചു സാഹിത്യകാരനാണു് മോപ്പസാങ്ങ്. അദ്ദേഹത്തിൻ്റെ ‘ബെൽ ആമി’ എന്ന കൃതിയുടെ പരിഭാഷയാണു് ഏ. ബാല
കൃഷ്ണപിള്ളയുടെ ‘കാമുകൻ’. ഇത്തരം കൃതികൾ ഇതര ഭാഷകളിൽനിന്നു വിവർത്തനം ചെയ്യാൻ ആദ്യം മുതിർന്നതും ബാലകൃഷ്ണപിള്ള തന്നെയാണു് .
1931-ലാണു് കാമുകൻ വിവർത്തനം ചെയ്തതു്. മോപ്പസാങ്ങിൻ്റെ ‘ഒരു സ്ത്രീയുടെ ജീവിതം’ എന്ന നോവലും ബാലകൃഷ്ണപിള്ള വിവർത്തനം ചെയ്തിട്ടുണ്ടു്. ബഹാമിയൻ നോവലിസ്റ്റായ ലൂജിപിറാന്ദെല്ലോയുടെ ‘ഓമനകൾ’, ഫ്രഞ്ചുസാഹിത്യകാരനായ പ്രോസ്പർമേരിമേയുടെ ‘കാർ മെൻ’ എന്നീ കൃതികളും അദ്ദേഹമാണു തർജ്ജമചെയ്തിട്ടുള്ളതു്. പാശ്ചാത്യ സാഹിത്യത്തിൽനിന്നു പല കൃതികളും സ്വയം പരിഭാഷപ്പെടുത്തുകയും, മറ്റനേകം കേരളീയ സാഹിത്യകാരന്മാരെ അതിലേക്കു പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള സാഹിത്യ പരിപോഷകനും പ്രോത്സാഹകനുമായ ഒരു പ്രതിഭാശാലിയായിരുന്നു ഏ. ബാലകൃഷ്ണപിള്ള, ബി. എ., ബി. എൽ.
