ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ആനിജോസഫിൻ്റെ പരിഭാഷകൾ: പാശ്ചാത്യസാഹിത്യത്തിൽനിന്നു് ഒട്ടുവളരെ കൃതികൾ വിവർത്തനം ചെയ്തിട്ടുള്ള ഒരു കേരളീയ വനിതയാണു് ആനിജോസഫ് ബി.എ., ബി. എൽ. ഫ്രഞ്ചുസാഹിത്യകാരനായ അലക്സാണ്ഡർ ഡ്യൂമാസിൻ്റെ ‘മൂന്നു പോരാളികൾ’ (3 ഭാഗങ്ങൾ). ‘മോണ്ടിക്രിസ്റ്റോ’ (2 ഭാഗങ്ങൾ) എന്നിവ പരിഭാഷപ്പെടുത്തിയിട്ടുള്ളതു് ഈ വിദുഷിയാണു്. തോമസ് ഹാർഡിയുടെ ‘ടെസ്സ്,’ തോമസ് ഹെൻറി ഹോൾകെയിൻ്റെ ‘നിത്യനഗരം’ (2 ഭാഗങ്ങൾ, തോമസ്മ്‌മാന്റെ ‘വിശുദ്ധപാപി,’ ടോൾസ്റ്റോയിയുടെ ‘അന്നാകരീനിനാ’ തുടങ്ങിയ കൃതികളും ഇവരുടെ വിവർത്തനങ്ങളിൽപ്പെടുന്നു. ലാളിത്യവും ഔർജ്ജിത്വവും കലർന്ന ശൈലിയിൽ പകർന്നിട്ടുള്ള പ്രസ്തുത കൃതികൾ എല്ലാം തന്നെ നമ്മുടെ നോവത്സാഹിത്യത്തിനു കാര്യമായ ഒരു മുതൽക്കൂട്ടാണ്.

നല്ലഭൂമി: അമേരിക്കൻ നോവലെഴുത്തുകാരിയായ പേൾബക്കിൻ്റെ The Good Earth’ എന്ന കൃതിയുടെ പദാനുപദ വിവർത്തനമാണ് വി. എ. കേശവൻനായർ, എം. പി. ശങ്കുണ്ണിനായർ എന്നിവരുടെ ‘നല്ലഭൂമി’. രണ്ടു മൂന്നു വ്യാഴവട്ടങ്ങൾക്കുമുമ്പുള്ള ചൈനീസ് കർഷക ജീവിതത്തിൻ്റെ പ്രകാശനമാണു് ഈ നോവലിൽ വിലേഖനം ചെയ്തിട്ടുള്ളതു്. അവകാശവാദങ്ങളുടെ – വിപ്ലവ പ്രസ്ഥാനങ്ങളുടെ – ഭീകരദ്ധ്വനികൊണ്ടു മുഖരിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ, പ്രയത്ന പ്രേമത്തിൻ്റെ മഞ്ജുള സംഗീതം അലതല്ലുന്ന ഇത്തരം കൃതികൾ സ്വാഗതാർഹങ്ങൾ തന്നെ. ഈ ഗ്രന്ഥകർത്തിയുടെ ‘ജീവിതയാത്ര’യും മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ട്.