ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

അല്ലൻ പാറ്റൻ എഴുതിയ ‘Cry The Beloved Country’ എന്ന പ്രസിദ്ധനോവലിൻ്റെ വിവർത്തനമാണു്’ ‘കേഴുക, പ്രിയനാടേ’ എന്നതു്. എ. എൻ. നമ്പ്യാർ എം. എ.- യാണു് വിവർത്തനം ചെയ്തിട്ടുള്ളതു്. റെയിനോൾഡ്‌സിൻ്റെ ‘ലൈലാ’ (2 ഭാഗങ്ങൾ) സി. മാധവൻപിള്ള തർജ്ജമചെയ്തിട്ടുണ്ടു്. റെയിനോൾഡ്‌സിൻ്റെ ‘ലണ്ടൻകൊട്ടാരത്തിലെ രഹസ്യങ്ങൾ’ക്കു വളരെ മുമ്പേതന്നെ വിവർത്തനമുണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ആർതർ കൊയ്സ്റ്റ്ലരുടെ ‘നട്ടുച്ചയ്ക്കിരുട്ട്” സി. ജെ. തോമസാണ് വിവർത്തനം ചെയ്തിട്ടുള്ളതു്. ഏണസ്റ്റ് ഹെമിങ്ങ്വേയുടെ ‘കിഴവനും കടലും’, ആപ്റ്റൻ സിംക്ലയറുടെ ‘തകർന്ന ജീവിതങ്ങൾ’, വാൾട്ടർ സ്കോട്ടിൻ്റെ ‘ഐവാൻഹോ’ ‘ടാലിസ്‌മാൻ’, ബൽസാക്കിൻ്റെ ‘വെറുക്കപ്പെട്ടവൾ’ ‘വിടവാങ്ങൽ’, ഫ്ളാബർട്ടിൻ്റെ ‘മാഡം ബോവറി’ ‘പ്രണയരംഗം’, എമിലി സോളായുടെ ‘ഷെയിം’ ‘നാനാ’ ‘മനുഷ് മൃഗം’ (കെ. എൻ. ഗോപാലൻനായർ). വോൾട്ടയറുടെ ‘കാൻഡീഡ്’ (ഏ. മാധവൻ), ആന്ദ്രേജീദിൻ്റെ ‘ഇടുങ്ങിയവാതിൽ’ (ഒ. പി. ജോസഫ്), ലിയനോൾഡ്’ ഫ്രാങ്കിൻ്റെ ‘അന്നയും കാറലും’ (ഇ. കെ. ദിവാകരൻ പോറ്റി), ഗോയ്ഥെയുടെ ‘വെർതറുടെ ദുഃഖങ്ങൾ’ (ഈ. എം. ജെ. വെണ്ണിയൂർ), ബെൽസാക്കിൻ്റെ ‘കിഴവൻ ഗോറിയോ (മാത്യു ലുക്ക് ), ലായിഡ് സി. ഡഗ്ലസിൻ്റെ ‘മേലങ്കി’ (പി. ഐ. ചെറിയാൻ) എന്നിങ്ങനെ മലയാളത്തിൽ പകർന്നിട്ടുള്ള വൈദേശിക കൃതികളുടെ എണ്ണം പറഞ്ഞു തുടങ്ങിയാൽ അതു നീണ്ട ഒരു പട്ടികയായിത്തീരു ന്നതാണു്.

വിശ്വസാഹിത്യത്തിൽ നിന്നു് അനേകം നല്ല കൃതികൾ ഇനിയും നമ്മുടെ ഭാഷയിലേക്കു പകരുവാനുണ്ടു്. പകർന്നിട്ടുള്ളവയെല്ലാം നല്ല കൃതികളാണെന്ന് ഇതുകൊണ്ടു് അർത്ഥമാകുന്നില്ല. മലയാളമനോരമ മുതലായ പത്രമാസികകൾ വഴി പുറത്തുവന്നിട്ടുള്ള ഒട്ടുവളരെ നോവലുകളും ഈയവസരത്തിൽ സ്മരണീയങ്ങളാണു്. മലയാള ഭാഷയിലെ നോവത്സാഹിത്യത്തിൽ അധികപങ്കും പരകിയങ്ങളെ സ്വകീയങ്ങളാക്കിയിട്ടുള്ളവയാണെന്നു പറഞ്ഞാൽ അധികം തെറ്റില്ല. ഭാഷാഗദ്യ സാഹിത്യത്തിൻ്റെ അഭിവൃദ്ധിയിൽ നോവൽ വിവർത്തനങ്ങൾ വലിയയൊരുപങ്കു വഹിച്ചിട്ടുണ്ടു്; വഹിക്കുന്നുമുണ്ടു്.