കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
കപാലകുണ്ഡലയും നവകുമാരനും: ബങ്കിംചന്ദ്രൻ നിർമ്മിച്ചിട്ടുള്ള മൂലത്തിൻ്റെ ഇംഗ്ലീഷ് ഭാഷാന്തരത്തിൽ നിന്നു കഥാവസ്തു കൈക്കൊണ്ടു ചമച്ചിട്ടുള്ള ഒരു നോവലാണു് വി. കൃഷ്ണൻതമ്പി ബി. എ.യുടെ കപാലകുണ്ഡല. അതേ മൂലഗ്രന്ഥത്തെത്തന്നെ അവലംബിച്ചു കുന്നത്തു ജനാർദ്ദന മേനോൻ (കണ്ണൻ ജനാർദ്ദനൻ) സംഗ്രഹിച്ച് എഴുതിയിട്ടുള്ള മറ്റൊരു നോവലാണു് നവകുമാരൻ. കൃഷ്ണൻതമ്പി, ബങ്കിംചന്ദ്രൻ ചെയ്തതുപോലെതന്നെ കഥാനായികയുടെ പേർ ഗ്രന്ഥത്തിനു നല്കിയിരിക്കുന്നു. ജനാർദ്ദനമേനോനാകട്ടെ, കഥാനായകൻ്റെ പേർ സ്വകൃതിക്കു നാമധേയമായി സ്വീകരിച്ചിരിക്കുന്നു. കപാലകുണ്ഡല 1089-ലും, നവകുമാരൻ 1107-ലുമാണു പ്രസിദ്ധീകരിച്ചിട്ടുള്ളതു്. സംസ്കൃതപ്രധാനമായ ഒരു ശൈലിയാണു് തമ്പിയുടേതെങ്കിൽ, മലയാളത്തിൻ്റെ തനിസ്വഭാവമാണു് ജനാദ്ദനമേനോൻ്റെ വിവർത്തനത്തിൽ.
കപാലകുണ്ഡലയെ സംഗ്രഹിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുപോലെതന്നെ ബങ്കിംചന്ദ്രൻ്റെ ദുർഗ്ഗേശനന്ദിനി, കൃഷ്ണകാന്തൻ്റെ മരണ പത്രം, വിഷവൃക്ഷം എന്നീ കൃതികളേയും ജനാർദ്ദനമേനോൻ തിലോത്തമ, രോഹിണി, കുന്ദനന്ദിനി എന്നീ പേരുകളിൽ സംഗ്രഹിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബങ്കാളി നോവലുകളുടെ വിവർത്തനത്തിൽ ഗണ്യമായ ഒരു പങ്കു് ജനാർദ്ദനമേനോനാണു് നിർവ്വഹിച്ചിട്ടുള്ളതു്. മേനോൻ്റെ ശൈലിക്ക് പ്രത്യേകമായ ഒരു അടുക്കും മിടുക്കുമുണ്ട്.
ബങ്കിംചന്ദ്രൻ്റെ മിക്ക നോവലുകളും നമ്മുടെ എഴുത്തുകാർ വിവർത്തനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ആനന്ദമഠം, രജനി, ചഞ്ചലകുമാരി, കുലസ്ത്രീ, പരിമള, മാതംഗിനി, മോഹനപത്നി മുതലായ നോവലുകൾ അത്തരത്തിലുള്ളവയാണു്. ആനന്ദമഠത്തിലെ ‘വന്ദേമാതരഗാനം’ അടുത്തകാലംവരെ ഭാരതത്തിൻ്റെ ഒരറ്റം മുതൽ മറ്റൊര് അറ്റംവരെ മാറ്റൊലിക്കൊണ്ടിരുന്നു. ഭാരതീയ യുവജനങ്ങളുടെ സിരകളിൽ ദേശാഭിമാനത്തിൻ്റെ ചൈതന്യം പായിക്കുവാൻ ആ ദേശീയഗാനം വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. ടാഗോറിൻ്റെ ‘ജനഗണമന’യ്ക്കു മുമ്പു് ഭാരതീയർ തങ്ങളുടെ ദേശീയഗാനമായി കൈക്കൊണ്ടിരുന്നതും വന്ദേമാതര ഗാനം തന്നെയായിരുന്നു.