ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ടാഗോർകൃതികൾ

വീട്ടിലും പുറത്തും: നോവൽ, ചെറുകഥ, കവിത, നാടകം, ജീവചരിത്രം, ഉപന്യാസം എന്നിങ്ങനെ വിവിധയിനങ്ങളിലായി 150-ൽ പരം കൃതികൾ രവീന്ദ്രനാഥടാഗോർ പ്രസിദ്ധപ്പെട്ടത്തിയിട്ടുണ്ടു്. അവ എല്ലാം 26 വാള്യങ്ങളിലായി കല്ക്കത്തയിലെ വിശ്വഭാരതിയിൽനിന്ന് ‘രവീന്ദ്ര രചനാവലി’ എന്ന പേരിൽ ശതവത്സരാഘോഷ സ്മാരകമായി അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടു്. ടാഗോറിൻ്റെ മുമ്പത്തെ സാഹിത്യ പ്രസ്ഥാനങ്ങളിൽ മുഖ്യമായ ചിലതെല്ലാം വളരെ മുമ്പേ മുതൽക്കേ മലയാളത്തിൽ വിവർത്തനം ചെയ്തു തുടങ്ങിയിരുന്നു. ആ വിധത്തിൽ ആദ്യമേ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയ കൃതികളിൽ ഒന്നാണു് വിട്ടിലും പുറത്തും എന്ന നോവൽ, ടാഗോർ, ‘ഘരേ ബാഇരേ’ എന്ന പ്രസ്തുത നോവൽ 1916-ലാണു് പ്രസിദ്ധപ്പെടുത്തിയതു്. ബി. കല്യാണിയമ്മ അതു്, 1921-ൽ വീട്ടിലും പുറത്തും എന്നപേരിൽ വിവർത്തനം ചെയ്തു. പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വിമല, നിഖിലൻ, സാന്ദീപൻ എന്നു മൂന്നു കഥാപാത്രങ്ങളാണു് അതിലുള്ളതു്. ആദ്യത്തെ രണ്ടുപേർ ഭാര്യാ ഭർത്താക്കന്മാരും, മൂന്നാമത്തെയാൾ ഒരു രാഷ്ട്രീയ പ്രവർത്തകനും. അധികപങ്കും നോവലിൽ രാഷ്ട്രീയചർച്ചകളാണു നടക്കുന്നതു്. ബങ്കാൾ വിഭജനത്തെത്തുടർന്നു് അന്നാട്ടിലുണ്ടായ വിപ്ലവത്തിൻ്റെ പ്രതിധ്വനി നോവലിൽ ആദ്യന്തം സജീവമായി മുഴങ്ങിക്കേൾക്കാം. സ്വദേശി പ്രസ്ഥാനത്തിൻ്റെ പേരിൽ സന്ദീപബാബു നടത്തുന്ന ജനദ്രോഹത്തിൻ്റെ കഥ ശ്രദ്ധേയമാണു്.

യോഗായോഗ്: “ഒരു വീട്ടിനകത്തുവെച്ച്, ആ വീടുമായി ബന്ധപ്പെട്ട ഏതാനും മനുഷ്യർമാത്രം സാമാന്യ നിലയിലും സാധാരണ രീതിയിലും നിർവ്വഹിക്കുന്ന ഒരു ശാന്ത സുന്ദരമായ ശുദ്ധ ജീവിതത്തിൻ്റെ നിരുപമവും നിർവൃതികരവും വിജ്ഞാനപ്രദവുമായ ഒരു ചിത്രീകരണമാണു് ഈ നോവലിൽ കാണുന്നതു്. ടാഗോറിൻ്റെ ശത വാർഷിക പ്രസി ദ്ധീകരണങ്ങളായി കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിൻ്റെ ഒൻപതു പുസ്തകങ്ങളിൽ ഒന്നാണു് ‘യോഗായോഗ്’ എന്ന നോവൽ. ബങ്കാളിയിൽ നിന്നു് നേരിട്ട് അതു മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുള്ളതു പണ്ഡിതനായ ആർ. സി. ശർമ്മയാണു്. ടാഗോറിൻ്റെ ഇരുപത്തൊന്നു ചെറുകഥകൾ ‘കഥാരത്നങ്ങൾ’ എന്നപേരിൽ പ്രസ്തുത ഗ്രന്ഥകാരനെക്കൊണ്ടുതന്നെ അക്കാദമി വിവർത്തനം ചെയ്യിച്ചിട്ടുള്ളതും ഈയവസരത്തിൽ പ്രസ്താവ യോഗ്യമാകുന്നു. യോഗായോഗ് ടാഗോറിൻ്റെ ഭാവനാപാരമ്യത്തെ പ്രഖ്യാപിക്കുന്ന ഒരു ഉത്തമ കൃതിയാണു്. അതിലെ കവിത ചോർന്നുപോകാതെ തന്നെ വിവർത്തനം ചെയ്യാൻ ശർമ്മയ്ക്കു സാധിച്ചിട്ടുണ്ടെന്നു് പ്രസ്തുത കൃതി വായിക്കുന്നവർക്കു തോന്നാതിരിക്കയില്ല.