കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
വിനോദിനി: ടാഗോറിൻ്റെ ചോഖേർബാളി (കണ്ണിലെ കരട്ട്) എന്ന നോവൽ വി. ഉണ്ണിക്കൃഷ്ണൻനായർ പരിഭാഷപ്പെടുത്തിയിട്ടുള്ളതാണു് വിനോദിനി. ഒന്നാന്തരം ഒരു മാനസികാപഗ്രഥന നോവൽ. വിനോദിനി എന്ന ഒരു വിധവയാണു് ഇതിൽ കേന്ദ്രസ്ഥാനത്തു വർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രം. ആ കഥാനായികയെ ആസ്പദമാക്കിയാണ് വിവർത്തകൻ നോവലിനു വിനോദിനി എന്നു നാമകരണം ചെയ്തിട്ടുള്ളതു്. ടാഗോർ കൃതികളെ മലയാളത്തിൽ അവതരിപ്പിക്കാൻ ആദ്യമേ യത്നം ചെയ്തവരിൽ ഒരാളാണു് ഉണ്ണിക്കൃഷ്ണൻനായർ. 1925-ലായിരുന്നു വിനോദിനിയുടെ വിവർത്തനം.
മുഗ്ദ്ധരാഗവും വിധിവിലാസവും: നൗകാഡുബി എന്ന നോവലിനു് മലയാളത്തിൽ രണ്ടു വിവർത്തനങ്ങളുണ്ടായിട്ടുണ്ട്. “മുഗ്ദ്ധരാഗം’ എന്ന പേരിൽ മേനാക്കയ്മൾ വാസുദേവനുണ്ണിത്താൻ ചെയ്തിട്ടുള്ള തർജ്ജമയാണ് ആദ്യത്തേതു്. ‘വിധിവിലാസം’ ഏ. പി. പരമേശ്വരൻപിള്ളയുടെ പരിഭാഷയാണു്. പ്രതിപാദ്യം ചേതോഹരമായ ഒരു പ്രണയ കഥ. രണ്ടു വിവാഹപ്പാർട്ടിയിൽപ്പെട്ട വധൂവരന്മാർ സഞ്ചരിച്ചിരുന്ന ബോട്ട് കൊടുങ്കാറ്റിൽപ്പെട്ട് ഗംഗാനദിയിൽ മുങ്ങി. ഒരു പാർട്ടിയിലെ വരനായ രമേശനും, മറ്റൊരു പാർട്ടിയിലെ വധുവായ കമലവും രക്ഷപ്പെട്ട് ഒരു ദ്വീപിലെത്തി. രമേശൻതന്നെ തൻ്റെ ഭർത്താവെന്നു കമലം വിചാരിച്ചു. പർദ്ദയിൽ പൊതിഞ്ഞുള്ള പഴയ വിവാഹ സമ്പ്രദായമാകയാൽ, ഭർത്താക്കന്മാരെ ഭാര്യമാർ അതുവരെ കണ്ടിരുന്നില്ല. അതിനാലാണ് കമലം തൻ്റെ യഥാർത്ഥ ഭർത്താവായി രമേശനെ പൂജിക്കയും സ്നേഹിക്കയും ചെയ്യാൻ തുടങ്ങിയതു്. രമേശനു യാഥാർത്ഥ്യം അറിയാമെങ്കിലും ഈ വിഷമ സ്ഥിതിയിൽ തൻ്റെ ഭാര്യയായിരിക്കത്തക്ക യോഗ്യതയുള്ള കമലത്തെ എങ്ങനെ പരിത്യജിക്കും? തന്നെ യഥാർത്ഥമായി വേൾക്കാൻ പുറപ്പെട്ടവൾ (ഹേമനളിനി) അവിവാഹിതയായി കഴിയേണ്ടിവന്നാലോ? ഈദൃശ ചിന്തകളായിരുന്നു, അപ്പോൾ രമേശൻ ചിത്തത്തെ ഡോളായമാനമാക്കിക്കൊണ്ടിരുന്നതു്. തൻ്റെമേൽ കരുണാമൃതം പൊഴിക്കുന്ന യുവാവു് യഥാർതഥ വരനല്ലെന്നറിയുമ്പോൾ കമലത്തിനുണ്ടാകുന്ന ചിത്തവിക്ഷോഭവും രമേശൻ്റേതിൽനിന്നു് അധികം ഭിന്നമായിരുന്നില്ല… യുവജന ഹൃദയങ്ങളിൽ അനുരാഗത്തിൻ്റെ വിവിധ പ്രകടനങ്ങൾ എങ്ങനെയെല്ലാം നടക്കുന്നുവന്നു് ഒരു മനശ്ശാസ്ത്രജ്ഞൻ്റെ പാടവത്തോടുകൂടി ടാഗോർ നൗകാഡുബിയിൽ ചിത്രീകരിച്ചിരിക്കുന്നു. നൗകാഡുബി ” ‘സ്നേഹത്തിൻ്റെ ശിക്ഷ’ എന്ന പേരിൽ നാലഞ്ചു വർഷങ്ങൾക്കു മുമ്പു് ഡോക്ടർ കെ. എം. ജോർജ് എം.എ. ഒരു വിവർത്തനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും പ്രസ്താവയോഗ്യമാണു്.
