കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
ചതുരദ്ധ്യായി: ടാഗോറിൻ്റെ നോവലുകളിൽ അപ്രധാനമല്ലാത്ത ഒന്നാണു് ചാർ അദ്ധ്യായ്. പ്രസ്തുത കൃതിയുടെ വിവർത്തനം, ടാഗോർ കൃതികൾ മലയാളത്തിൽ ആദ്യം അവതരിപ്പിക്കാൻ തുടങ്ങിയവരിൽ അതിപ്രമുഖനായ പുത്തേഴത്തു രാമമേനോനാണു് ചെയ്തിട്ടുള്ളതു്.
രാജർഷി: ടാഗോറിൻ്റെ സാഹിത്യ പ്രവത്തനത്തിൻ്റെ ആദ്യ ദശയിൽ എഴുതിയ ഒരു നോവൽ എന്നേ പറയാനുള്ളൂ. അതും മലയാളത്തിൽ പരിഭാഷപ്പെടുത്താതിരുന്നിട്ടില്ല. കണ്ണമ്പ്ര കുഞ്ഞുണ്ണിനായരാണു് ആ കൃത്യം നിർവ്വഹിച്ചിട്ടുള്ളതു്.
രമേശചന്ദ്രദത്തിൻ്റെ കൃതികൾ
മാധവീകങ്കണം: പ്രസിദ്ധ ആഖ്യായികാകാരനായ ആർ. സി. ദത്തിൻ്റെ ഒരു ബങ്കാളി കൃതിയുടെ ഇംഗ്ലീഷ് തർജ്ജമയാണു് ഇതിൻ്റെ മൂലം. ഹേമലതയേയും നരേന്ദ്രനേയും നായികാനായകന്മാരാക്കിയുള്ള ഇതിലെ കഥ, ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി യത്നിച്ചിരുന്ന അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തെ പ്രത്യേകം അനുസ്മരിപ്പിക്കുന്നു. ഭാഷാസാഹിത്യത്തിൽ വേണ്ടത്ര പ്രസിദ്ധിയാർജ്ജിച്ച തേലപ്പുറത്തു നാരായണൻനമ്പിയാണു് ഇതു വിവർത്തനം ചെയ്തിട്ടുള്ളതു്. 1922-ലായിരുന്നു വിവർത്തനം.
സുധാബിന്ദു: ആർ. സി. ദത്തിൻ്റെ The Lake of Palms എന്ന കൃതിയുടെ ഏകദേശമായ ഒരു വിവർത്തനമാണു് കുന്നത്തു ജനാർദ്ദനമേനോൻ്റെ ‘സുധാബിന്ദു.’ സുധാ എന്നും ബിന്ദു എന്നുമുള്ള രണ്ടു കഥാപാത്രങ്ങളുടെ പേരുകൾ കൂട്ടിച്ചേർത്താണു് വിവർത്തകൻ പുതിയ ഒരു പേരു നൽകിയിട്ടുള്ളതു്. സി. എസ്സ്. സുബ്രഹ്മണ്യൻ പോറ്റി ‘താലപുഷ്ക്കരണി’ എന്ന പേരിൽ ചെയ്തിട്ടുള്ള വിവർത്തനവും മേല്പറഞ്ഞ കൃതിയുടേതു തന്നെ. ‘മഹാരാഷ്ട്രജീവനപ്രഭാതം,’ ‘ദിവാൻ്റെ പുത്രി’ ഇവയും മലയാളത്തിൽ വന്നുകഴിഞ്ഞിട്ടുള്ള രമേശചന്ദ്രദത്തിൻ്റെ കൃതികളാണു്.
