ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ശരച്ചന്ദ്രചാറ്റർജിയുടെ കൃതികൾ

ബങ്കിംചന്ദ്രൻ വെട്ടിത്തെളിച്ച നോവത്സാഹിത്യപഥത്തെ ഏറ്റവും വിസ്തൃതവും വിമോഹനവുമാക്കാൻ ശ്രമിച്ചിട്ടുള്ള ബങ്കാളി സാഹിത്യകാരന്മാരിൽ ശരച്ചന്ദ്രചാറ്റർജി ഏതുകൊണ്ടും മുന്നണിയിൽ നിലകൊള്ളുന്നു. ജനകീയ സാഹിത്യകാരന്മാരിൽ പ്രഥമ ഗണനീയനുമാണദ്ദേഹം. സാമൂഹ്യവും സാംസ്ക്കാരികവുമായ പുരോഗതിയാണു് അദ്ദേത്തിൻ്റെ എല്ലാ നോവലുകളുടേയും ലക്ഷ്യം. വളരെയേറെ നോവലുകൾ അദ്ദേഹം എഴുതിയിട്ടുമുണ്ടു്. അവയിൽ അധികപങ്കും മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ടെന്നുതന്നെ പറയാം.

തറവാട്ടമ്മ: മരുമക്കത്തായ സമ്പ്രദായത്തിലുള്ള കൂട്ടുകുടുംബ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു ചെറിയ നോവലാണു ‘തറവാട്ടമ്മ’. ഏ. മാധവൻ അതു വിവർത്തനം ചെയ്തിരിക്കുന്നു. ശരച്ചന്ദ്രൻ്റെ ഒരു വിഖ്യാതനോവലാണു് ‘ശ്രീകാന്തൻ.’ അതിൻ്റെ ഒന്നാംഖണ്ഡം ‘വികൃതി’ എന്ന പേരിലും, രണ്ടാംഖണ്ഡം ‘പിയാരി’ എന്ന പേരിലും കാരൂർ നാരായണൻ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഗ്രാമസമാജം, പരിണീത, സുമതി, ഹരിലക്ഷ്മി, അനുരാധ, ദർപ്പചൂണ്ണം, വൈകുണ്ഠൻ്റെ മരണപത്രം എന്നീ കൃതികളും കാരൂർ നാരായണനാണു് പരിഭാഷപ്പെടുത്തിയിട്ടുള്ളതു്. സതീശചന്ദ്രൻ, ചന്ദ്രനാഥൻ എന്നിവ ആർ. നാരായണപ്പണിക്കരും, വിജയാ, ദേവദാസ് എന്നിവ ടി. സി. ഭാസ്കരൻമൂസ്സതും, വല്യേടത്തി പി. വി. രാമവാര്യരും, പ്രേമപരിണാമം എം. കെ. നമ്പ്യാരും, പ്രേമസാഗരം കെ. സുരേന്ദ്രനും, ഭൈരവി കെ. വാസുദേവൻ മൂസ്സതും വിവർത്തനം ചെയ്തിട്ടുണ്ടു്. ചന്ദ്രനാഥനെ ‘സരയുദേവി’ എന്ന പേരിലും, പരിണീതയെ ‘ലളിത’ എന്ന പേരിലും അവയുടെ വംഗഭാഷയിലുള്ള മൂലത്തിൽനിന്നു ആർ. സി. ശർമ്മ വിവർത്തനം ചെയ്തിട്ടുള്ള വസ്തുതയും പ്രസ്താവ്യമാണു്.