കഥാപ്രബന്ധങ്ങൾ
നോവലുകൾ (തുടർച്ച)
തകഴി ശിവശങ്കരപ്പിള്ള : തകഴിയുടെ കൃതികളിൽ പ്രധാനമായതു ‘രണ്ടിടങ്ങഴി’ എന്ന കൃതിയാണു്. കുട്ടനാട്ടിലെ കാളിപ്പറയൻ്റെ പുത്രിയായ ചിരുതയെ ഭാര്യയാക്കാൻ കോരൻ, ചാത്തൻ എന്നീ രണ്ടു യുവാക്കന്മാർ ശ്രമിക്കുന്നു. ആ ശ്രമത്തിൽ കോരൻ വിജയിയായി. അതോടുകൂടി അവൻ കുട്ടനാട്ടിൽ താമസമുറപ്പിച്ചു്, അവിടെ പുഷ്പവേലിൽ ഔസേപ്പ് എന്നൊരാളുടെ കൃഷിക്കാരനായിത്തീർന്നു. കൊയ്ത്തു കാലത്തു കോരനെടുത്ത നെൽക്കറ്റ ഔസേപ്പു പിടിച്ചുപറിച്ചതോടുകൂടി കോരൻ്റെ ചിന്താഗതി മറ്റൊരു വഴിക്കു തിരിഞ്ഞു. ദുരമൂത്ത ഔസേപ്പിൻെറ പുത്രൻ ചാക്കോ, ചിരുതയുടെ ചാരിത്രഭംഗത്തിനു മുതിർന്നു. ഈ സംഭവത്തെത്തുടർന്ന്, കോരൻ ചാക്കോയെ തല്ലിക്കൊല്ലുകയും, ശിക്ഷയായി അഞ്ചാറുവർഷം ജയിൽവാസം അനുഭവിക്കയും ചെയ്തു. ജയിലിലേക്കു പുറപ്പെടുന്നകാലത്തു ഗർഭിണിയായ ചിരുതയെ സൂക്ഷിക്കുവാനും രക്ഷിക്കുവാനും കോരൻ, ചാത്തനെ ചുമതലപ്പെടുത്തി. ‘ഒരു പറച്ചിക്കൊരു പറയൻ’ എന്ന സന്മാർഗ്ഗതത്വത്തെ ആദരിച്ചു അവൾ പതിവ്രതയായി ജീവിക്കുകയും, കോരൻ ജയിൽവാസം കഴിഞ്ഞു വന്നപ്പോൾ ഒരു കുട്ടിയോടുകൂടിയ ചിരുതയെ ചാത്തൻ കോരനു തിരികെ എല്പിച്ചിട്ടു രംഗംവിട്ടു മാറുകയും ചെയ്യുന്നു. ഇതാണ് രണ്ടിടങ്ങഴിയിലെ കഥയുടെ ചുരുക്കം.
കഥ സംഭവബഹുലമല്ലെങ്കിലും കോരനെ പ്രതികാരത്തിനു പ്രേരിപ്പിക്കുന്ന അനേകം സംഭവങ്ങൾ ഒന്നിനുമേൽ ഒന്നായി കോർത്തു ഘടിപ്പിച്ചു കേന്ദ്രീകരിച്ചിട്ടുള്ളതിൻ്റെ ഭംഗി അഭിനന്ദനീയമാണു്. കഥാഘടന പ്രശംസാവഹംതന്നെ. എന്നാൽ പാത്രസൃഷ്ടിയിൽ തകഴി അത്രത്തോളം വിജയം പ്രാപിച്ചിട്ടുണ്ടെന്ന പറയുവാൻ നിവൃത്തിയില്ല.