കഥാപ്രബന്ധങ്ങൾ
പി. കേശവദേവു് : സാധാരണന്മാരുടെ ജീവിതത്തെ അതേപടി ചിത്രീകരിക്കുവാൻ പുറപ്പെട്ടിട്ടുള്ള പുരോഗമന സാഹിത്യകാരന്മാരിൽ പ്രഥമ ഗണനീയനാണു് കേശവദേവു്. സാമാന്യ ജനതയുടെ ജീവിതത്തെ സജീവമായി സരളമായ ഭാഷയിൽ ഒട്ടേറെ ചിത്രീകരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ടു്. ചെറുകഥകൾ, നാടകങ്ങൾ എന്നീ സാഹിത്യ ശാഖകളിൽക്കൂടിയാണ് ദേവ് ഈ വിഷയത്തിൽ അധികവും മുന്നോട്ടു നീങ്ങിയിട്ടുള്ളതെങ്കിലും, നോവലിൽ അദ്ദേഹം പ്രാപിച്ചിട്ടുള്ള വിജയവും അധന്യമല്ല. ‘ഓടയിൽനിന്നു്’ എന്ന കൃതി ഇവിടെ എടുത്തു പറയത്തക്ക ഒന്നാണ്. പേരുകേട്ടാൽ ഇതൊരു തെറിസ്സാഹിത്യമാണെന്നു തോന്നിയേക്കാം; എന്നാൽ വാസ്തവം അങ്ങനെയല്ല. ദേവിൻ്റെ നല്ല നോവലുകളിൽ ഒന്നാണിത്. റിക്ഷാവണ്ടിക്കാരനായ ഒരു പപ്പുവിൻ്റെ ചരിത്രമാണു് ഇതിലെ പ്രതിപാദ്യം. അനീതിയോട് ആദ്യം മുതൽക്കെ എതിരിട്ടുകൊണ്ടിരുന്ന പപ്പു സ്വന്തം നാടും വീടും വിട്ട് ഒരു നഗരത്തിലെത്തി. അധർമ്മവിദ്വേഷവും സ്വാതന്ത്ര്യബോധവും അവനെ ജയിൽ ജീവിതത്തിലേക്ക് അചിരേണ നയിച്ചു. ഒടുവിൽ ഒരു റിക്ഷാ വണ്ടിക്കാരനായി കഴിഞ്ഞുകൂടുമ്പോൾ ഒരു യാദൃച്ഛിക സംഭവം അവൻ്റെ ജീവിതഗതിയെ മറ്റൊരുവഴിക്കു തിരിച്ചു. വണ്ടിതട്ടി ഓടയിൽ വീണ ഒരു പെൺകുട്ടി – ലക്ഷ്മി എന്നാണവളുടെ പേര് – അവൻ്റെ ജീവിതത്തതിനു് ഒരു ലക്ഷ്യവും അർത്ഥവും കല്പിച്ചു. ഓടയിൽ നിന്നെടുത്ത നിസ്സഹായയായ ലക്ഷ്മിയെ പപ്പു സ്വഭവനത്തിൽ കൊണ്ടുപോയി ഒരു കുലീനയായ പെൺകുട്ടിയെപ്പോലെ നടത്താനും വിദ്യാഭ്യാസം ചെയ്യിക്കാനും ആരംഭിച്ചു. അവൾ സ്കൂൾഫൈനൽ പാസ്സായി. അതിനിടയിൽ അയൽപക്കക്കാരനായ ഒരു ധനികയുവാവിൽ അവൾ അനുരക്തയായി. എന്തിനധികം, അവൾ എത്തേണ്ടിടത്തു് എത്തി. തൻ്റെ വളർത്തുപുത്രിക്കുവേണ്ടി രാപ്പകൽ വിശ്രമമില്ലാതെ പത്തുവർഷത്തോളം വണ്ടിവലിച്ചു പപ്പു ക്ഷയരോഗബാധിതനായി. തൻ്റെ ജീവിതം ഇനി മറ്റുള്ളവർക്ക് അപമാനത്തിനു മാത്രമേ വഴിതെളിക്കൂ എന്നു മനസ്സിലാക്കിയ അവൻ അധികം താമസിയാതെ ചുമയുടെ സഹായത്തോടും സാന്നിദ്ധ്യത്തോടും കൂടി തിരശ്ശീലയ്ക്കുള്ളിൽ മറയുന്നു. ഇതാണു് ഈ ചെറുനോവലിലെ ഇതിവൃത്തം.
പപ്പുവിൻ്റെ ത്യാഗസുരഭിലമായ ജീവിതം ദേവിൻ്റെ പ്രഗത്ഭമായ തൂലിക പുളകോൽഗമമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. സമുദായത്തിലോ രാഷ്ട്രത്തിലോ നിലയും വിലയുമുള്ളവർക്കുമാത്രം കല്പിക്കാറുള്ള ജീവിത മഹത്ത്വം, എളിയ ജീവിതക്കാരിലും കാണാമെന്നു പപ്പുവിൻ്റെ ജീവിതം വഴി ദേവ് ലോകത്തിനു വെളിപ്പെടുത്തിക്കാണിക്കുന്നു. ധനസ്ഥിതി ഉയരുമ്പോൾ സാധാരണ സ്ത്രീകളിൽ കണ്ടുവരുന്ന സ്വഭാവ വ്യത്യാസം. ലക്ഷ്മിയുടെ ജീവിതത്തിൽക്കൂടി വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എങ്കിലും ഒരു കാര്യം ചൂണ്ടിക്കാണിക്കേണ്ടിവരുന്നു. ക്ളാസ്സിൽ കുഴപ്പങ്ങളുണ്ടാക്കി ശിക്ഷിക്കപ്പെട്ടു ഒരു ബാലൻ അധ്യാപകനെ അധിക്ഷേപിച്ചു ഗുരുത്ത്വക്കേടു സമ്പാദിച്ചുകൊണ്ട് ഒരു നേതാവായിത്തീർന്നു, എല്ലാ രംഗത്തും അനീതിക്കും അധർമ്മത്തിനുമെതിരായി സമരം ചെയ്തു പോരുന്നുവെങ്കിലും, അവനെ ഒരു ആദർശപുരുഷനായി കൈക്കൊള്ളാൻ അല്പം ശങ്കിക്കേണ്ടതുണ്ട്. ആ അംശം എങ്ങനെയിരുന്നാലും മനുഷ്യജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഒരദ്ധ്യായമാണു് ഈ ചെറുനോവൽ എന്നു പറയുവാൻ ശങ്കിക്കേണ്ടതില്ല.