കഥാപ്രബന്ധങ്ങൾ
ആർക്കുവേണ്ടി?: സാധാരണക്കാരനുവേണ്ടി എഴുതുക എന്ന ദിക്കിൽനിന്നു സായുധ വിപ്ലവത്തിനുവേണ്ടി എഴുതുക എന്ന അഭിപ്രായാഗതിയിലേക്കാണു് പുരോഗമന സാഹിത്യകാരന്മാരിൽ ഒരു വിഭാഗം വഴിതിരിഞ്ഞു പോയതു്. കേശവദേവും ആ വഴിക്കു കുറേദൂരം ഓടി, അദ്ദേഹത്തിൻ്റെ അവസാനത്തെ വിപ്ലവ സൃഷ്ടിയായ ‘ഉലക്ക’വരെ. പിന്നെയങ്ങോട്ടുള്ള വഴി വ്യക്തമല്ലാതെ നിന്നുപോയി. തകഴി, പൊൻകുന്നം വർക്കി തുടങ്ങിയവരെല്ലാം, അവരുടെ സാഹിത്യ ജീവിതത്തിനു് ഇങ്ങനെ ഒരു സ്തംഭനാവസ്ഥ സംഭവിച്ചത്, അവർ സ്വീകരിച്ച അടിസ്ഥാനാദർശങ്ങളുടെ വരമ്പു കാണുകയും, അവയെക്കുറിച്ചു പറയാനുള്ളതൊക്കെ പറഞ്ഞുതീരുകയും ചെയ്തതുകൊണ്ടാണു്, ഈ സ്തംഭനാവസ്ഥയിൽനിന്നു കേശവദേവു് ഇപ്പോൾ മോചനം നേടിയിരിക്കയാണു്. പുതിയ ആദർശങ്ങളും പുതിയ വഴിത്താരകളും അദ്ദേഹത്തിൻ്റെ മുമ്പിൽ തെളിഞ്ഞുതുടങ്ങി. ദേവിൻ്റെ സാഹിത്യജീവിതവളർച്ചയുടെ രണ്ടാം ഘട്ടമാണ്, ചെങ്കൊടിസ്സാഹിത്യത്തിൽ നിന്നു പിന്തിരിഞ്ഞുള്ള ഇപ്പൊഴത്തെ പ്രയാണം. ‘ആർക്കുവേണ്ടി’ എന്ന ഉജ്ജ്വലമായ നോവൽ, അദ്ദേഹം ചെങ്കൊടിസ്സാഹിത്യത്തിൽനിന്നു പിന്തിരിഞ്ഞശേഷം കൈരളിക്കു സംഭാവനചെയ്തിട്ടുള്ള ഒരു അമൂല്യോപഹാരമാണു്.
അയല്ക്കാർ: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർക്കഥയായി പ്രസിദ്ധപ്പെടുത്തിയിരുന്നതും, പിന്നീടു പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയതുമായ ഒരു കൃതിയാണു് ദേവിൻ്റെ ‘അയല്ക്കാർ’, ഒരു മൂന്നുനാലു പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ സാമൂഹ്യരംഗത്തുണ്ടായ പരിവർത്തനങ്ങളുടെ ചിത്രമാണ് അതിൽ കുറിച്ചിട്ടുള്ളതു്. മംഗലശ്ശേരി എന്ന നായർത്തറവാടിൻ്റെ പ്രാഭവവും, തകർച്ചയും പിന്നീടുള്ള ഉയർച്ചയുമാണു നോവലിൽ മുഖ്യമായും പ്രതിപാദിക്കുന്നതെന്നു പറയാം. അതോടുകൂടി ആ തറവാടിനെ ആശ്രയിച്ചു ജീവിച്ച മറ്റു രണ്ടു കുടുംബങ്ങളുടെ കഥയും. ജാതീയമായ അവശതകൾ ചിരകാലമായി അനുഭവിച്ചുകൊണ്ടിരുന്ന ഈഴവ സമുദായത്തിൻ്റെ ഉൽബുദ്ധതയും, വിജയകരമായ സ്വാതന്ത്ര്യ സമരവും കുഞ്ഞൻ്റെ കുടുംബത്തെ ആധാരമാക്കിയും, ക്രിസ്ത്യൻ സമുദായത്തിൻ്റെ പ്രയത്ന ശീലവും സാമ്പത്തികമായ വളർച്ചയും വിദ്യാഭ്യാസപരമായ ഉയർച്ചയും കുഞ്ഞുവറീതിൻ്റെ കുടുംബത്തെ പശ്ചാത്തലമാക്കിയും ചിത്രണം ചെയ്തിരിക്കുന്നു. ഭാവനാകുശലനായ ദേവിൻ്റെ വിദഗ്ദ്ധമായ തൂലിക ഏതൊരു ഫലത്തെ ലക്ഷ്യമാക്കിയാണോ ഈ കൃതി രചിച്ചിട്ടുള്ളതു്, അതിൽ പൂർണ്ണമായും അദ്ദേഹം വിജയിച്ചിട്ടുണ്ടു്. ദേവിൻ്റെ മറ്റു നോവലുകൾ, നടി, ഭ്രാന്താലയം എന്നിവയാണു്.