ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

എസ്. കെ പൊറ്റെക്കാട്ട്: വിഷകന്യക, മൂടുപടം, നാടൻ പ്രേമം, പ്രേമശിക്ഷ എന്നിങ്ങനെ അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. വസ്തുതകളെ അതേപടി ചിത്രീകരിക്കുകയല്ല, വർണ്ണിച്ചു വിശദപ്പെടുത്തുകയാണു് പൊറ്റെക്കാടു ചെയ്യാറുള്ളത്. അദ്ദേഹത്തിൻ്റെ നോവലുകളിൽ ‘വിഷകന്യക’ മുന്നണിയിൽ നില്ക്കുന്നു. സർ സി. പി., തിരുവിതാംകൂർ ദിവാനായിരുന്ന കാലത്തു് അവിടത്തെ ക്രൈസ്തവർ വടക്കേ മലബാറിൻ്റെ വന്യഭൂഭാഗങ്ങളിൽ കുടിയേറി പാർക്കുന്നതാണു് ഇതിലെ കഥാവസ്തു. മലബാറിലെ വനനിലങ്ങളിൽ കൃഷിചെയ്തു കുടിയേറിപ്പാർത്തുവരുന്ന തിരുവിതാംകൂർ ക്രൈസ്തവകുടുംബങ്ങളുടെ ‘ഇരുണ്ട ജീവിതത്തിലേക്കു വെളിച്ചംവീശുന്ന’ ഒരു കൃതിയാണു് വിഷകന്യക. കൃഷിഭൂമിയെ വിഷകന്യകയായി സങ്കല്പിച്ചിരിക്കുന്നു. കുടിപാർപ്പുകാർക്ക് സഹിക്കേണ്ടിവന്ന പലവിധ യാതനകളാണു് – ഒരു പ്രത്യേക പരിസ്ഥിതിയിൽപെട്ട കറങ്ങുന്ന ഒരുസംഘം ജനങ്ങളുടെ പലവിധ വിഷമാവസ്ഥകളാണു് – ഇതിൽ വിസ്തരിച്ചു പ്രതിപാദിച്ചിരിക്കുന്നതു്. ‘മനുഷ്യൻ മണ്ണിൻ്റെ അംശമായി ജനിക്കയും മണ്ണിൻ്റെ സ്പർശം വിടാതെ ജീവിക്കയും, മണ്ണിൻ്റെ വീര്യാശങ്ങൾ ഉൾക്കൊണ്ടു വളരുകയും, ഒടുവിൽ മണ്ണിൽത്തന്നെ ഉടഞ്ഞുചേരുകയും ചെയ്യുന്ന, അനേകം രംഗങ്ങൾ വർദ്ധിച്ച രസാനുഭൂതിയോടുകൂടി ഹൃദയാവർജ്ജകമായ വിധത്തിൽ പൊറ്റെക്കാടു് ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. അവസാനത്തിൽ ലൈംഗിക വികാരങ്ങൾക്കു വശംവദമായിത്തിരുന്നു ഒരു വികൃതകഥ –ഒളിബാന്ധവം – ഈ നോവലിൽ ഘടിപ്പിച്ചിട്ടുള്ളതു്, കൂടാതെ കഴിക്കാമായിരുന്നുവെന്നു വായനക്കാരിൽ ചിലർക്കെങ്കിലും തോന്നുവാനിടയുണ്ട്.