കഥാപ്രബന്ധങ്ങൾ
ഒരു തെരുവിൻ്റെ കഥ: പൊറ്റെക്കാട് അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയ ഒരു ബൃഹൽക്കഥയാണു്. കെട്ടുറപ്പുള്ള ഒരു കഥയും ചില കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങളും ഇണക്കിക്കോർത്തുകൊണ്ടുള്ള ആഖ്യായികകളും നോവലുകളുമാണു് ഇതേവരെ നമുക്കു പരിചയപ്പെട്ടിരുന്നതു്. എന്നാൽ തുടർക്കഥകളുടെ പുറപ്പാടോടുകൂടി ആ നിലയ്ക്കു കുറെയൊക്കെ ഇന്നു മാറ്റം സംഭവിച്ചിരിക്കയാണു്. തുടർക്കഥകളിലെ ഓരോ അദ്ധ്യായവും, ഓരോ പ്രത്യേക കഥകൾപോലെ നിലകൊള്ളുകയും. ചില കഥാപാത്രങ്ങളുടെ പ്രവേശനിഷ്ക്രമണങ്ങൾ മൂലം, — തീവണ്ടിയുടെ വാഗനുകളെ ചങ്ങലകൊണ്ടെന്നപോലെ — ബന്ധിപ്പിക്കയാണു ചെയ്തുകാണാറുള്ളതു്. പൊറ്റെക്കാടിൻ്റെ തെരുവുകഥയിൽ, പുതിയ ഒരു പരീക്ഷണമെന്നോണം മേല്പറഞ്ഞ സമ്പ്രദായം തന്നെ ലംഘിച്ചിരിക്കുന്നു. തെരുവിലെ ഒരു പ്രഭാതം എന്നു തുടങ്ങി പലപല പേരുകളിൽ 48 അദ്ധ്യായങ്ങളിൽ പരന്നുകിടക്കുന്ന ഇതിലെ കഥയ്ക്കു പരസ്പരബന്ധം വല്ലതുമുണ്ടോ എന്നുതന്നെ സംശയമാണ്. അല്ലെങ്കിൽ എന്തിനു്? കഥാകൃത്തുതന്നെ ആമുഖമായിപ്പറയുന്നുണ്ടു്, തെരുവിൽ നടക്കുന്ന കുറെ മനുഷ്യജീവികളെ രംഗത്തു കൊണ്ടുവന്നു അവരുടേതായ ചില നടനങ്ങൾ പ്രദർശിപ്പിക്കുവാനാണു് മുതിരുന്നതെന്നു്. പക്ഷേ, അധികഭാഗവും. സമുദായത്തിൻ്റെ ബാഹ്യമണ്ഡലത്തിലുള്ള ചില ലഘുപ്രകാശവും വികൃതച്ഛായയുമാണു് പ്രത്യക്ഷപ്പെടുത്തുന്നതു്. ഒരു തെരുവിൻ്റെ കഥ ആയതുകൊണ്ടായിരിക്കാം, അത്രയും മതി എന്നു തീരുമാനിച്ചതെന്നു തോന്നുന്നു. എന്നാൽ കൃതികൾ മനുഷ്യകഥാനുഗായികളാണെന്നുള്ള പരമാർത്ഥം വിസ്മരിക്കാൻ വയ്യാ. ജീവിതാനുഭവങ്ങൾ ക്രമപ്പെടുത്തിയും, ത്യാജ്യഗ്രാഹ്യവിവേചനം ചെയ്തും, അവയെ ഏകാഗ്രതയോടെ പ്രകാശിപ്പിക്കുവാൻ ശ്രമിക്കുകയാണ് ഒരു കഥാകൃത്ത് ചെയ്യേണ്ടത്.