ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ഉത്തരകേരളത്തിലെ ഏതോ ഒരു തെരുവിലെ കഥയാണ് നോവലിലെ പ്രതിപാദ്യം. മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ അന്ത്യയാമത്തിൽ തെരുവിലെ മോഡേൻ മെഡിക്കൽഷാപ്പിൻ്റെ വരാന്തയിൽ തീകാഞ്ഞുകൊണ്ടിരിക്കുന്ന അഞ്ചാറു മനുഷ്യക്കോലങ്ങളെ അവത രിപ്പിച്ചുകൊണ്ടാണു് കഥയാരംഭിക്കുന്നതു്. ആദ്യത്തെ ഏതാനും അദ്ധ്യായങ്ങൾ ഏതാണ്ട് ഒരു തുടർക്കഥയുടെ സ്വഭാവം പ്രദർശിപ്പിക്കുന്നുണ്ട്. പിന്നീടു് ബന്ധശൈഥില്യം ഏറെ ഏറുകയായി. അതിൻ്റെ ഫലമായി ചില അപകടങ്ങളും പിണഞ്ഞിട്ടുണ്ടു്. 21-ാം അദ്ധ്യായം തുടങ്ങുമ്പോൾ കഴിഞ്ഞ അദ്ധ്യായങ്ങളിലെ സംഭവം കഴിഞ്ഞിട്ട് ഇരുപത്തിരണ്ടുവർഷങ്ങളായെന്നു ഗ്രന്ഥകാരൻ പ്രസ്താവിക്കുന്നു. ഈ കാലത്തിനിടയിൽ അവിടെ പലതും സംഭവിച്ചതായി വിവരിക്കുന്നുമുണ്ട്. എന്നാൽ 15-ാമദ്ധ്യായത്തിലെ കഥയിൽ ഒരു വിദ്യാർത്ഥിനിയായിരുന്ന കുറുപ്പിൻ്റെ മകൾ രാധ, ഇന്നും വിദ്യാർത്ഥിനിയുടെ നിലയിൽത്തന്നെ കഴിഞ്ഞുകൂടുന്നു. 22-ാം അദ്ധ്യായത്തിൽ അപ്പുക്കുട്ടി, കെ. പി. രാധ എന്ന പേരിൻ്റെ ടൈപ്പുകൾ കൊടുക്കുന്ന അവസരത്തിലും അവൾ പഴയ ‘പൂങ്കാവനത്തിൽത്തന്നെയാണ് കഴിഞ്ഞകൂടുന്നതു്. ഈ കാലാന്തരാളത്തിൽ രാധയിൽ യാതൊരു മാറ്റവും സംഭവിച്ചുകാണുന്നില്ല. ഏകാഗ്രതയില്ലായ്മ കൊണ്ടു പിണഞ്ഞ ഒരപകടമാണിതെന്നു പറയേണ്ടതില്ലല്ലോ.