കഥാപ്രബന്ധങ്ങൾ
ബന്ധശൈഥില്യംകൊണ്ടെന്നപോലെതന്നെ, കഥാപാത്രങ്ങളുടെ ബാഹുല്യംകൊണ്ടും ചില കുഴപ്പങ്ങൾ വന്നുകൂടിയിട്ടുണ്ട്. ഒരേപേരിലും രൂപത്തിലുമുള്ള കഥാപാത്രങ്ങളെ തിരിച്ചറിയുവാൻ നന്നേ ബുദ്ധിമുട്ടേണ്ടിവരുന്നു. മുഴയന്മാരും, പറങ്ങോടന്മാരും അനേകം പേരാണിതിലുള്ളതു്’. കഥാപാത്രങ്ങളിൽ ബഹുഭൂരിഭാഗവും അംഗവൈകല്യമോ വികൃതിപ്പേരുകളോ ഉള്ളവർതന്നെ. ഇവയെക്കാളുമേറെ പ്രസ്താവ്യമായിട്ടുള്ളതു് ഇതിലെ അശ്ലീലതയാണു്. ലൈംഗിക വികാരങ്ങളുടെ വികൃതികൂടാത്ത ഒരദ്ധ്യായമെങ്കിലും ഇതിൽ കാണുമെന്നു തോന്നുന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും പൊറ്റെക്കാടിൻ്റെ സ്വതഃസിദ്ധമായ വ്യക്തിമുദ്രകൾ നോവലിൽ തെളിഞ്ഞുവിളങ്ങുന്നതും നമുക്കു കാണാം. പൂനിലാവിൽ എന്ന ഭാഗംതന്നെ നോക്കുക. ഭാവഭദ്രതയും രൂപഭദ്രതയും പരസ്പരം ഇണങ്ങിച്ചേരുന്ന ഒരു രംഗമാണതു്. ഒരു ശാരദക്കൊച്ചമ്മയുടെ നേർക്ക് ഒരു റിക്ഷക്കാരൻ്റെ അന്തരംഗത്തിൽ അങ്കുരിക്കുന്ന രാഗവും, അതിൻ്റെ വളർച്ചയും, തകർച്ചയുമെല്ലാം എത്ര സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്നു! ഭാവോജ്ജ്വലമായ ഒന്നാന്തരം ഒരു കഥ! നോവലിലെ മറ്റു പല വർണ്ണനകളും അത്യാകർഷകങ്ങളെന്നേ പറയേണ്ടു. പൊറ്റെക്കാടിൻ്റെ കഴിവുകൾ പലതും ഇങ്ങനെ ഇതിൽ ധാരാളമായി വെളിപ്പെടുന്നുണ്ടു്. എന്നുവരികിലും ഈ പുതിയ പരീക്ഷണം, സമദായത്തിൻ്റെ ആരോഗ്യപ്രദമായ വളർച്ചയ്ക്കു തെല്ലും പറ്റിയതല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. നാടൻപ്രേമം, പ്രേമശിക്ഷ, കാറാമ്പു എന്നിവ പൊറ്റെക്കാടിൻ്റെ മറ്റു നോവലുകളാണു്.