ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

മുട്ടത്തു വർക്കി: കേരള സാഹിത്യാന്തരീക്ഷത്തിൽ പ്രസിദ്ധന്മാരായിത്തീർന്ന രണ്ടു വർക്കിമാരുണ്ടു്; പൊൻകുന്നം വർക്കിയും, മുട്ടത്തുവർക്കിയും. പൊൻകുന്നം, ചെറുകഥകളിൽക്കൂടി കുറെമുമ്പേതന്നെ പ്രശസ്തിയാർജ്ജിച്ചുവെങ്കിൽ മുട്ടത്തുവർക്കി നോവലുകളിൽക്കൂടി പിന്നീടു് ഏറ്റവും പ്രസിദ്ധനായിത്തീർന്നു. വർക്കിയെപ്പോലെ ഇത്രയേറെ നോവലുകൾ അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റൊരു കലാകാരൻ കേരളത്തിലുണ്ടോ എന്നുതന്നെ സംശയമാണു്. ഇണപ്രാവുകൾ, അക്കരപ്പച്ച, കാലചക്രം, തെക്കൻകാറ്റ്, പട്ടുതൂവാല, പാടാത്ത പൈങ്കിളി, മയിലാടുംകുന്നു, മറിയക്കുട്ടി, വഴിതെറ്റിയ മാലാഖാ, ഒരു കുടയും കുഞ്ഞുപെങ്ങളും, ഫിഡിൽ. ജഗജില്ലി എന്നിങ്ങനെ ഒരു ഡസനിലേറെ നോവലുകൾ ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ടു്. വിവർത്തനങ്ങൾക്കും, നാടകം ചെറുകഥ മുതലായി സാഹിത്യത്തിൻ്റെ ഇതര ശാഖകളിലുള്ള കൃതികൾക്കും പുറമെയാണു് ഇപ്പറഞ്ഞ നോവലുകൾ രചിച്ചിട്ടുള്ളതെന്ന വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണു്.

ഇണപ്രാവുകൾ: വർക്കിയുടെ ആദ്യത്തെ നോവലുകളിൽ പ്രധാനമായ ഒന്നാണു് ശോകപര്യവസായിയായ ഈ കൃതി. ബഷീറിൻ്റെ ബാല്യകാലസഖി, മുസ്ലീം സമുദായത്തിൻ്റെ അനാചാരജടിലമായ അന്തർഭാഗങ്ങളിലേക്കു വെളിച്ചം വീശുന്നതാണെങ്കിൽ, വർക്കിയുടെ ‘ഇണപ്രാവുകൾ’ ക്രൈസ്തവരുടെ സാമുദായികജീവിതത്തിൻ്റെ ഉള്ളറകളെയാണു് തുറന്നുകാണിക്കുന്നതു്. പലകാര്യങ്ങളിലും ഈ രണ്ടു കൃതികൾക്കും തമ്മിൽ സാധർമ്മ്യമുണ്ടെന്നു പറയാം. അന്തോണിയും റാഹേലും, മജീദും സുഹ്രയുംപോലെതന്നെ ബാല്യകാലസഖികളായിരുന്നു. അവർ ശൈശവത്തിൽനിന്നു യൗവനത്തിലേക്കു കാലൂന്നിയതോടൊപ്പം അവരുടെ കുരുന്നു സ്നേഹം പ്രണയമായി രൂപാന്തരപ്പെടുന്നു. അന്തോണിയുടേയും റാഹേലിൻ്റേയും മാതാപിതാക്കന്മാർക്ക് ഒരു വിവാഹംമൂലം ആ ബന്ധത്തെ അംഗീകരിക്കുവാൻ സന്തോഷവുമായിരുന്നു. എന്നാൽ വിധിവൈപരീത്യമെന്നുതന്നെ പറയട്ടെ, യാദൃച്ഛികമായുണ്ടായ ചില നിസ്സാര സംഭവങ്ങൾമൂലം ആ കുടുംബങ്ങൾ തമ്മിൽ പിണങ്ങുവാനിടയായി. ഇതിനിടയിൽ ബിരുദ്ദധാരിയും സമ്പന്നനുമായ രാജനെന്നൊരു യുവാവ്, റാഹേലിൻ്റെ ഭർത്തൃസ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തു. രാജനെ വിവാഹം ചെയ്യാത്തപക്ഷം തൻ്റെ നെഞ്ചിൽ കഠാരിയിറക്കി മരിക്കുമെന്ന് റാഹേലിൻ്റെ പിതാവു് അവളെ ഭീഷണിപ്പെടുത്തി. ഭീതയായ അവൾ പിതാവിൻ്റെ താല്പര്യത്തിനു കീഴടങ്ങി. വിവാഹ നിശ്ചയത്തെപ്പറ്റി കേട്ട ഉടൻതന്നെ അന്തോണി നാടുവിട്ടു. മലബാറിൽനിന്നു മലമ്പനിയുമായി മടങ്ങിവന്ന ആ പ്രണയപരവശൻ റാഹേലിൻ്റെ വിവാഹത്തിനുമുമ്പുതന്നെ യവനികയ്ക്കുള്ളിൽ മറഞ്ഞു. റാഹേലിൻ്റെ ജീവിതത്തിലെ പ്രകാശം പൊലിഞ്ഞു.