കഥാപ്രബന്ധങ്ങൾ
വിവാഹവേദിയിൽനിന്നു രോഗശയ്യയിലേക്ക് പദമൂന്നിയ അവളെ അന്തോണിയുടെ നിത്യവിശ്രമസ്ഥലത്തിനടുത്തുള്ള മറ്റൊരു കല്ലറയിലേക്കു കണ്ണുനീരോടുകൂടി അനുഗമനം ചെയ്യേണ്ടിവന്നു രാജനു്. മരണത്തിനുപോലും വേർപിരിക്കുവാൻ കഴിഞ്ഞില്ല. ആ ഇണപ്രാവുകളുടെ ഹൃദയബന്ധത്തെ, കാവ്യരസം തുളുമ്പുന്ന ഭാഷയിൽ കരളലിയിക്കുന്ന വികാര തീവ്രതയോടുകൂടിയാണ് വർക്കി ഈ കഥാശില്പം വാർത്തെടുത്തിട്ടുള്ളതു്. ഹൃദയംപൊട്ടി മരിച്ച ആ ഇണ പ്രാവുകളുടെ – റാഹേലിൻ്റേയും അന്തോണിയുടേയും – ചിത്രങ്ങൾ അനുവാചകരുടെ ഹൃദയങ്ങളിൽ നിന്നു് ഒരിക്കലും മാഞ്ഞുപോകുന്നവയല്ല. രാജനെ ഒരാദർശപാത്രമാക്കി ചമയ്ക്കാൻ സാധിച്ച വർക്കിയുടെ ഭാവചാതുര്യം അന്യാദൃശമെന്നേ പറയാവൂ.
ഗദ്യരീതി: കാവ്യാത്മകമായ ഒരു ശൈലിയാണ് വർണ്ണനകളിൽ വർക്കി പൊതുവെ കൈക്കൊണ്ടു കാണുന്നത്. പ്രകൃതിയേയും ചാറ്റുപാടുകളേയും ചിത്രീകരിക്കാൻ വർക്കിയെപ്പോലെ കഴിവുള്ളവർ നമ്മുടെ കഥാരംഗത്തു് അധികംപേരുണ്ടെന്നു തോന്നുന്നില്ല. വർണ്ണനയെ സംബന്ധിച്ചിടത്തോളം വർക്കിയും എസ്. കെ. പൊറ്റെക്കാടും സമശീർഷന്മരാണെന്നു പറയാം. ഏതു കൃതിയിലും ഗ്രാമാന്തരീക്ഷവും അകൃത്രിമമായ രംഗങ്ങളും കാണാം. ഒരു വൈകല്യമേ വർക്കിയെ സംബന്ധിച്ചു പറയുവാനുള്ളു. വർണ്ണനകൾ ചിലപ്പോൾ വൃഥാസ്ഥൂലങ്ങളും ആവർത്തനങ്ങളുമായിത്തീരാറുണ്ടെന്നുള്ളതാണതു്. ആ വാചാലത പൊതുവേ നിയന്ത്രിക്കേണ്ടതുതന്നെയാണു്. വികാരപ്രധാനമായ വർ ണ്ണനങ്ങളിൽ വിശേഷിച്ചും.