ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കെ. മീനാക്ഷിയമ്മ: കത്തുകളിലൂടെ കഥാകഥനം മുഴുവൻ നിർഹിക്കുന്ന സമ്പ്രദായം ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രചുരപ്രചാരത്തിലെത്തിയിട്ടുണ്ട്. എന്നാൽ നമ്മുടെ ഭാഷയിൽ കോന്നിയൂർ മീനാക്ഷിയമ്മയുടെ ‘നീണ്ട് നിഴലല്ലാതെ എടുത്തു പറയത്തക്ക കൃതികളൊന്നും ആ ഇനത്തിലുണ്ടായിട്ടില്ല. ഒരു അനാഥാലയത്തിൽ വളർത്തപ്പെട്ടവളാണു് ജാനു എന്ന ബാലിക. അവളിൽ ചില നൈസർഗ്ഗീക വാസനാ വിശേഷങ്ങൾ കണ്ടു് സന്തുഷ്ടനായ ഒരു ധനികൻ, അവളുടെ കോളേജു വിദ്യാഭ്യാസത്തിനാവശ്യമായ പണം മുഴുവൻ താൻ നല്കിക്കൊള്ളാമെന്നേറ്റു. ജാനുവിനെ കലാലയത്തിലേക്കയയ്ക്കുവാനുള്ള ഏർപ്പാടുകളെല്ലാം ചെയ്തശേഷം. അനാഥ മന്ദിരാധിപതിയുടെ മുറിയിൽനിന്നു വെളിയിലേക്കിറങ്ങിപ്പോയ ആ ഉപകർത്താവിൻ്റെ ഒരു നീണ്ട നിഴൽമാത്രമേ അവൾക്കു കാണുവാൻ സാധിച്ചുള്ളു. കലാലയ ജീവിതമാരംഭിച്ചശേഷം, ജാനു തൻ്റെ രക്ഷിതാവായ ആ ധനികനു് അനാഥമന്ദിരാധിപയുടെ നിർദ്ദേശാനുസരണം കൂടെക്കൂടെ കത്തെഴുതുവാൻ തുടങ്ങി. ഈ കത്തുകളിലൂടെയാണ് അനന്തര കഥാഭാഗങ്ങൾ മുഴുവൻ ഇതിൽ ആഖ്യാനം ചെയ്തിട്ടുള്ളത്. ഒരു പെൺകുട്ടിയുടെ മാനസിക ജീവിതത്തിൽ അവളുടെ വളർച്ചയൊപ്പമുണ്ടാകുന്ന മാറ്റങ്ങളും ചലനങ്ങളും സൂക്ഷ്മമായി ചിത്രീകരിക്കുവാൻ ഈ കത്തുകളിലൂടെ മീനാക്ഷിയമ്മയ്ക്കു സാധിച്ചിട്ടുണ്ട്. കുസൃതിക്കാരിയായ ജാനു തൻ്റെ പഴഞ്ചൻപേരൊന്നു പരിഷ്കരിച്ചു ലീലയെന്നാക്കി. ഒരു സതീർത്ഥ്യയുടെ മാതുലനായ മി. വിശ്വനാഥമേനവനുമായി പരിചയം സമ്പാദിച്ച ‘ലീല’ അദ്ദേഹത്തിൽ അനുരക്തയായിത്തീർന്നു. പക്ഷേ, അദ്ദേഹത്തിൻ്റെ വിവാഹാഭ്യർത്ഥനയെ അവൾ നിഷ്ക്കരുണം നിരസിക്കയാണുണ്ടായതു്. തന്നിമിത്തം മേനവനുണ്ടായ ആധിവ്യാധിയായി മാറി. മേനവനോടു് അവിനയമായി പറഞ്ഞുപോയതിൽ പശ്ചാത്താപമുണ്ടെന്നും ഈ വിഷമസ്ഥിതിയിൽ തനിക്കു വേണ്ട ഉപദേശം നല്കണമെന്നും ലീല തൻ്റെ ഉപകർത്താവിനെഴുതി. ആ ധനികൻ അവൾക്കു സന്ദർശനമനുവദിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശമനുസരിച്ചു ചെന്നെത്തിയ ലീല രോഗാതുരനായിക്കിടക്കുന്ന തൻ്റെ പ്രാണപ്രിയനെയാണു കണ്ടതു്. തൻ്റെ കലാലയ ജീവിതത്തിനു സഹായം നല്കിക്കൊണ്ടിരുന്ന ആ ‘നീണ്ട നിഴൽ’ സ്വപ്രേമഭാജനമായ മേനവൻതന്നെയാണെന്നറിഞ്ഞു് അവൾ അത്ഭുതത്തിലും ആനന്ദത്തിലും നീന്തിത്തുടിക്കുകയായി. ലളിതമായ ഈ കഥാതന്തുവിനെ ഉചിതങ്ങളായ വർണ്ണനകളാലും മനശ്ശാസ്ത്രപരമായ നിരീക്ഷണങ്ങളാലും മോടിപിടിപ്പിച്ചു ഇതിൽ ഹൃദ്യമാക്കിത്തീർത്തിരിക്കുന്നു.