ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കോരനാണ് ഇതിലെ വ്യക്തിത്വമുള്ള ഒരു കഥാപാത്രം. പക്ഷേ, തകഴി അറിഞ്ഞോ, അറിയാതെയോ ഒരപകടം കോരനിൽ വരുത്തിവെച്ചിട്ടുണ്ട്. ലോക്കപ്പിൽക്കഴിയുന്ന കോരൻ അവൻ്റെ ഭാര്യയായ ചിരുതയെ അവളുടെ കാമുകനായ ചാത്തനെ കൂട്ടിയേല്പിക്കുന്ന രംഗം നോക്കുക. ആ പുതിയ ബാന്ധവത്തിലേക്ക് അവളെ പ്രേരിപ്പിക്കുന്നതു് അവളുടെ സുഖത്തിലുള്ള ഉൽക്കണ്ഠയോ, അവളിൽ അവൻ മുൻകൂട്ടി കാണുന്ന ജാരശങ്കയോ ഏതെന്നു തീരുമാനിക്കുവാൻ പ്രയാസം. ഏതായാലും കോരൻ്റെ പുരുഷത്വത്തെയും മനുഷ്യത്വത്തെത്തന്നെയും ആ അംശം ഹനിക്കുന്നുണ്ട്. ഈ കോരനാണു് രണ്ടിടങ്ങഴിയിലെ ഏറ്റവും വ്യക്തിത്വമുള്ള കഥാപാത്രം. ചാത്തൻ തുടങ്ങിയ മററു കഥാപാത്രങ്ങൾക്കു നിരീക്ഷകന്മാരുടെ സ്ഥാനമേ നോവലിൽ ഉള്ളു. ചാത്തനേയും ചിരുതയേയും ആദർശപാത്രങ്ങളാക്കി പ്രദർശിപ്പിക്കാനാണു തകഴി ശ്രമിച്ചിട്ടുള്ളത്. പക്ഷേ, അഞ്ചാറു കൊല്ലം, തൻ്റെ ഒരു കാമുകൻ കൂടിയായിരുന്ന ചാത്തനൊരുമിച്ച് ഒരേ കൊട്ടിലിൽ ജീവിച്ചിരുന്ന ചിരുത – അല്ല, രണ്ടുപേരും – വികാരാധീനരാകാതെ പരസ്പരം ജീവിച്ചു എന്നു പറയുന്നതു്, സാധാരണന്മാരുടെ അനുഭവസീമയെ അതിക്രമിച്ചുപോകുന്നു. പ്രസ്തുത കഥാപാത്രങ്ങളെ ആദർശപാത്രങ്ങളാക്കുവാൻവേണ്ടി മാത്രം അലോകസാധാരണമായ ഒരു സ്ഥിതിവിശേഷം അവരിൽ കല്പിക്കുകയാണു് ഗ്രന്ഥകാരൻ ചെയ്തിട്ടുള്ളതു്. സാന്മാർഗ്ഗികമായ ഒരു പശ്ചാത്തലം പ്രതിഫലിപ്പിക്കുവാൻ ഈ കല്പന ഉപകരിക്കുന്നുണ്ടു്.

എന്നാൽ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ പല അടവുകളും ഇതിൽ പ്രതിധ്വനിക്കുന്നതു കേൾക്കാൻ പ്രയാസമില്ല. തനിക്കു പകപോക്കാനുള്ള ഒരു സന്ദർഭം എന്നുള്ളതിൽക്കവിഞ്ഞു്, സ്റ്റേറ്റുകോൺഗ്രസ്സിനെപ്പറ്റിയും മറ്റുമുള്ള വിമർശനങ്ങൾക്കു് ഈ കഥയിൽ വലിയ സ്ഥാനമില്ല. ആ വക ഭാഗങ്ങൾ ഈ കഥാഗാത്രത്തിൻ്റെ ദുർമ്മേദസ്സുകൾ എന്നുതന്നെ പറയാം. പ്രസ്തുത ഭാഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ, തൊഴിലാളി ജനങ്ങളുടെ വികാരപരമായ ജീവിതത്തെ വിദഗ്ദ്ധമായി ചിത്രീകരിക്കുന്ന ഈ നോവൽ കൂടുതൽ തേജോമയമായി പ്രകാശിക്കുമായിരുന്നു. രണ്ടിടങ്ങഴിക്കു പ്രസിദ്ധ പാശ്ചാത്യ നോവൽകർത്താവായ ഹെൻറി ജെയിംസി ൻെറ ‘Golden Bowel’ എന്ന കൃതിയോടു പലവിധത്തിലും സാജാത്യമുണ്ടെന്നു ചില നിരൂപകന്മാർ പ്രസ്താവിച്ചുകാണുന്നുണ്ട്. അതെങ്ങനെയിരുന്നാലും പ്രസ്തുത കൃതി, പരിവർത്തനോന്മുഖമായ കഥാപാത്രങ്ങളോടും സംഭവങ്ങളോടും കൂടിയ ഭാവപ്രകാശകമായ ഒന്നാന്തരം നോവലായിട്ടുണ്ടെന്നു നിസ്സംശയം പറയാം. അഥവാ, കുട്ടനാടൻ തൊഴിലാളിയായ കോരൻ്റെ വിപ്ലവാത്മകമായ ജീവിതത്തെ — കർഷകത്തൊഴിലാളിവർഗ്ഗത്തിൻ്റെ ജീവിതത്തെ ഇതിൽ രസോജ്ജ്വലമായി പ്രകാശിപ്പിക്കുന്നുണ്ടെന്നു നിസ്സംശയം പറയാം.