ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

എം. ആർ. നാരായണപിള്ള: ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ ചമച്ചിട്ടുള്ള ഒരു സാഹിത്യകാരനാണു് നാരായണപിള്ള. വിവർത്തനം, ശാസ്ത്രം, സ്തോത്രം, ജീവചരിത്രം, ബാലസാഹിത്യം, നിഘണ്ടുക്കൾ എന്നിങ്ങനെ വിജ്ഞാനത്തിൻ്റെ പല ശാഖകളിലും നാരായണപിള്ളയുടെ തൂലിക പ്രവർത്തിച്ചിട്ടുണ്ടു്. നിഘണ്ടുക്കളിൽ ശബ്ദരത്നാവലി, ശബ്ദമഞ്ജരി, ചതുർഭാഷിണി എന്നിവയും, ജീവചരിത്രങ്ങളിൽ ഭോജചരിതവും പ്രസ്താവയോഗ്യമാണു്. നോവലുകളാണു് നാരായണപിള്ളയുടെ കൃതികളിൽ ഏറിയപങ്കും. അരുന്ധതി, അമരാവതി, കോമളവല്ലി, കനകാലയം, ഇരുട്ടറ, ഇരട്ടക്കൊല, ഉഷാദേവി എന്നുതുടങ്ങി നാല്പതിൽപരം നോവലുകൾ ഇദ്ദേഹം രചിച്ചിട്ടുണ്ടു്. അധികവും ഡിറ്റക്ടീവുനോവലുകളാണു്. ആസ്പത്രിയിൽ രോഗിണിയായി എത്തിയ ജയന്തിയിൽ ഡോക്ടർ സുധാകരൻ അനുരക്തനായിത്തീരുന്നതും അചിരേണ അവളെ ഭാര്യാപദത്തിൽ അധിരോഹണം ചെയ്യുന്നതും മറ്റുമായ സ്നേഹാനുരാഗങ്ങളുടെ കഥയാണു് ‘ജയന്തി’ എന്ന നോവലിൽ വിവരിക്കുന്നതു്. ജീവിതസ്പർശിയായി അധികമൊന്നും ഇത്തരം നോവലുകളിൽ കാണുന്നില്ല. നിരന്തരം കാവ്യശാസ്ത്രമാർഗ്ഗങ്ങളിൽ സഞ്ചരിച്ചിരുന്ന നാരായണപിള്ള അടുത്തകാലത്താണു് (1962 ഒക്ടോബർ 14-ാം തീയതി ഞായറാഴ്ച) പട്ടാമ്പിക്കടുത്തുള്ള ഇരിമ്പഴിയത്തുവച്ചു ചരമമടഞ്ഞതു്.

ബി. ജി. കുറുപ്പ്: വളരെക്കാലമായി സാഹിത്യസപര്യ ചെയ്തു പോരുന്ന ഒരു കലാകാരനാണ് ബി. ജി. കുറുപ്പു്. ശ്യാമള, ഒപ്പത്തിനൊപ്പം, സുവണ്ണകുമാരി, കല്ലറയിലെ കൊല, ഇഷ്ടപ്പെട്ട ഭർത്താവു്, പെണ്ണിൻ്റെ ചുണ, പ്രേമചന്ദ്രൻ, പെണ്ണും പ്രശസ്തിയും എന്നുതുടങ്ങി മുപ്പതിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അധികവും ഡിറ്റക്ടീവു നോവലുകളാണു്. അത്തരം നോവലുകളെപ്പറ്റി ആക്ഷേപം പുറപ്പെടുവിക്കുന്നവർ പോലും കുറുപ്പിൻ്റെ നോവലുകൾ വായിച്ചു രസിക്കുക അസാധാരണമല്ല. ശൈലിയുടെ ഹൃദ്യതയാണു് കുറുപ്പിൻ്റെ കൃതികളുടെ വിജയത്തിനു ഒരു മുഖ്യകാരണമെന്നും പറയേണ്ടതുണ്ട്.