കഥാപ്രബന്ധങ്ങൾ
കൈനിക്കര പത്മനാഭപിള്ള: കൈനിക്കരയുടെ ഒരു പ്രധാന നോവലാണു ‘ഒഴുക്കുകൾ’. ജീവിതപ്രവാഹമാണു് അതിലെ പ്രതിപാദ്യം. ജീവിതമാകുന്ന ഒഴുക്കിൽ വിവേകപൂർവ്വം സഞ്ചരിച്ചു മുന്നേറുവാൻ പ്രയത്നിച്ച ഒരു കർമ്മയോഗിയാണു് മാർത്താണ്ഡക്കുറുപ്പ്. ഏതു ദൃഢവ്രതനും ദുർബലനായി നിപതിക്കുന്ന ചില നിമിഷങ്ങൾ വന്നുചേരാറുണ്ട്. മാർത്താണ്ഡക്കുറുപ്പു തൻ്റ സ്നേഹസേചനത്താൽ വളർത്തിയെടുത്ത ഒരു ദത്തുപുത്രിയാണു് സുഷമ. ആ സുഷമയിൽ ഗ്രന്ഥകാരൻ്റെ ഭാഷയിൽ അന്നെ പറയട്ടെ, “വാത്സല്യത്തിൻ്റെ ചന്ദനത്തിൽ അനുരാഗത്തിൻ്റെ കുങ്കുമവും, സ്നേഹത്തിൻ്റെ പനിനീരിൽ മോഹത്തിൻ്റെ മകരന്ദവും” മേളിക്കുവാനിടയായി. അങ്ങനെ പരിസരശക്തിവിശേഷത്താൽ എന്നു കൂടി പറയട്ടെ, ഒരു ദുർബ്ബലനിമിഷത്തിൽ കുറുപ്പ് കാമമോഹിതനായിത്തീർന്ന് അവളെ പങ്കിലയാക്കാതിരുന്നുമില്ല. എന്നാൽ അടുത്ത നിമിഷത്തിൽത്തന്നെ തൻ്റെ തെറ്റു മനസ്സിലാക്കി അയാൾ ദഗ്ദ്ധചിത്തനായിത്തിരുകയും, അനന്തര കൃത്യമെന്തെന്നു ഗ്രഹിക്കുകയും ചെയ്യുന്നു. അകകന്മഷയായ സുഷമയെ കൂട്ടിച്ചേർക്കേണ്ട സ്ഥാനത്തുതന്നെ അയാൾ കൂട്ടിച്ചേർത്തു. മറ്റു കൃത്യങ്ങളും ഉടനുടൻ നിർവ്വഹിച്ചു. ജീവിതശേഷം തീർത്ഥാടനത്തിനായി അയാൾ തിരിക്കയും ചെയ്തു. അച്ഛനിൽ സ്ഥിരഭക്തയായ സുഷമ, കുറുപ്പിൻ്റെ വിദേശ ഗമനത്തിനുശേഷവും അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തെ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു് സ്വഭർത്താവായ സുധാകരനൊന്നിച്ചു ജീവിക്കുന്നതു്. അവസാനത്തിൽ സുഷമയുടെ ശുശ്രൂഷയേറ്റു മരണമടയുവാൻ അയാൾ തിരിച്ചെത്തുകയും ചെയ്യുന്നു. വനജ, തനിക്കുവേണ്ടി ജീവിക്കുവാൻ കൊതിക്കുന്നതറിഞ്ഞിട്ടും സ്ഥിരചിത്തനായ കുറുപ്പ് അവളുടെ പ്രണയത്തെ ചിരാഭിലാഷിയായ വിക്രമനിലേക്കു തിരിച്ചുവിട്ട് അവളെ അനുഗ്രഹിക്കുന്നു. എങ്കിലും യോഗീന്ദ്രനായിത്തീർന്ന കുറുപ്പിൽത്തന്നെ അന്ത്യത്തിൽ അവൾ സ്വജീവിതം അർപ്പിക്കയുമായി. ജീവിതസരിത്തു സ്ഥിരലക്ഷ്യത്തിലേക്കാണു പായുന്നതെന്നും, അതു് എത്തേണ്ടിടത്തു് എത്തുംവരെ ഓരോവിധത്തിൽ ഒളിഞ്ഞും തെളിഞ്ഞും യാത്ര തുടർന്നുകൊണ്ടിരിക്കുമെന്നും, ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതയാത്രകളിൽക്കൂടി ഗ്രന്ഥകാരൻ പ്രകാശിപ്പിക്കുന്നു. മനുഷ്യജീവിതത്തിൻ്റെ ഗതിവിഗതികളെപ്പറ്റി കുറെയൊക്കെ ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും പത്മനാഭപിള്ളയുടെ വിദഗ്ദ്ധതൂലിക വായനക്കാരിൽ പ്രേരണ ചെലുത്തുന്നുമുണ്ടു്.
പിരിച്ചുനടീൽ, മകൻ്റെ അമ്മ, മേഘവും മിന്നലും എന്നിവ കൈനിക്കരയുടെ മറ്റു നോവലുകളാണു്. ജോസഫ് മുണ്ടശ്ശേരി എഴുതിയിട്ടുള്ള ഒരു സാമൂഹ്യനോവലാണു ‘കൊന്തയിൽനിന്നു് കുരിശിലേക്ക്’ എന്ന കൃതി. രണ്ടു ക്രൈസ്തവ കുടുംബങ്ങളെ മുൻനിറുത്തിയാണു് ഇതിലെ കഥ മുന്നോട്ടു നീങ്ങുന്നതു്. എന്നാൽ കുടുംബകഥ മാത്രമല്ല ഇതിലെ പ്രതിപാദ്യം. കേരളത്തിൽ വിശേഷിച്ച് കൊച്ചിയിൽ ഒന്നാം ലോക മഹായുദ്ധം മുതൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കു മുമ്പുവരെ, രാഷ്ട്രീയമായും സാമ്പത്തികമായും സാമുദായികമായും വന്നുചേർന്നിട്ടുള്ള സംഭവവികാസങ്ങളാണു് ഇതിൽ പ്രധാനമായും ലക്ഷ്യമാക്കിയിട്ടുള്ളതു്. ചിന്തിക്കുവാൻ വേണ്ട വക നല്കുന്ന ഒരു നല്ല നോവൽ. പ്രസ്തുത കൃതിയെ നിരൂപണം ചെയ്തുകൊണ്ടു് എം. പി. ശങ്കുണ്ണിനായർ പ്രസ്താവിക്കുന്ന ഒരു ഭാഗം ഇവിടെ ശ്രദ്ധേയമാണ്. “ഈ നോവലിൽ നിന്നു പ്രതിഫലമായി ആവേശകരമായ ഒരു ജീവിതാനുഭവവും, അതിനേക്കാൾ വലിയ തോതിലുള്ള ‘ബോണസ്സാ’യി ഇന്നത്തെ സാമൂഹ്യസത്യത്തിൻ്റെ തീവ്രമായ ബോധവും വായനക്കാർക്കു നേടാം”.