ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

കുറുപ്പംവീട്ടിൽ ഗോപാലപിള്ള: ചന്തുമേനോൻ്റെ ശാരദയെ പുരിപ്പിക്കുവാൻ ഉദ്യമിച്ചിട്ടുള്ള പ്രതിഭാശാലികളിൽ ഒരുവനാണ് അദ്ദേഹം. ഒട്ടനേകം കഥകൾ വേറെയും എഴുതിയിട്ടുണ്ട്. ‘ബി. ഏ – ത്തങ്കം’ എന്ന നോവലിൽ സ്വതന്ത്രയായ ഒരു വനിതയുടെ ജീവിതം ചിത്രീകരിക്കുന്നു. സമുദായശരീരത്തിൽ പിടിപെട്ടിട്ടുള്ള പലതരം കേടുപാടുകളെ ചൂണ്ടിക്കാണിക്കുവാനും അതിൽ ശ്രമിക്കാതിരുന്നിട്ടില്ല. സിംഹാസനത്തിൽ നിന്നു ജയിലിലേക്കു്, കോമളസൗധം, ശ്യാമള, ടിപ്പുവിൻ്റെ മലയാളറാണി തുടങ്ങിയവയാണു് ഈ കഥാകൃത്തിൻറ മറ്റു നോവലുകൾ.

പയ്യംപള്ളി ഗോപാലപിള്ള: ഇദ്ദേഹവും ശാരദാപൂരണത്തിനു മുതിർന്നിട്ടുള്ള കഥാകൃത്തുക്കളിൽ ഒരുവനാണു്. ‘അമൃതവും വിഷവും” നാലഞ്ചുവർഷങ്ങൾക്കു മുമ്പു പുറപ്പെടുവിച്ചിട്ടുള്ള ഒരു അപസർപ്പക നോവലത്രെ. കാപട്യമെന്തെന്നറിഞ്ഞുകൂടാത്ത സുഭദ്രക്കുട്ടി, കാപട്യത്തിൻ്റെ സങ്കേതമായ ജനാർദ്ദനനെ വ്യാമോഹത്താൽ അച്ഛൻ്റെ ഇച്ഛയ്ക്കു വിപരീതമായിത്തന്നെ വിവാഹം ചെയ്യുന്നു. അതോടെ അവളുടെ കഷ്ടകാലവും ആരംഭിക്കുകയായി. ഒടുവിൽ സ്വയംകൃതാനർത്ഥനങ്ങളെ ഒരുവിധത്തിൽ തരണം ചെയ്തു് ആദ്യമെ തള്ളിക്കളഞ്ഞ പുരുഷനെത്തന്നെ ഭർത്താവായി സ്വീകരിക്കുന്നു. അതോടെ അവൾ സംതൃപ്തിയും സൗഭാഗ്യവും നേടി ജീവിതം പുനരാരംഭിക്കയും ചെയ്യുന്നു. ഇതാണു പ്രസ്തുത നോവലിലെ ഉള്ളടക്കം. ഇന്നത്തെ പരിഷ്കാരത്തിൻ്റെ പുറംപൂച്ചു കണ്ടു വിചാരമില്ലാതെ എടുത്തുചാടുന്ന യുവജനങ്ങൾക്കു് ഒരു താക്കീതാണു് സുഭദ്രക്കുട്ടിയുടെ ജീവിതാനുഭവങ്ങൾ. പയ്യംപള്ളിയുടെ തൂലികയ്ക്കു വായനക്കാരെ ജിജ്ഞാസാഭരിതരാക്കി മുന്നോട്ടു നയിക്കുവാനുള്ള ഒരു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്.

മറ്റു കൃതികൾ, അനിയത്തിയും ചേട്ടത്തിയും, കൊള്ളക്കാരി, ചന്ദ്രിക, ഹരിണി, തൻ്റേടക്കാരി, കുമാരി മസ്ക്രീൻ തുടങ്ങിയവയാണു്.