കഥാപ്രബന്ധങ്ങൾ
സി. മാധവൻപിള്ള: സാഹിത്യലോകത്തിൽ ചിരകാലമായി പ്രവർത്തിച്ചു പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഒരു കലാകാരനാണു് മാധവൻ പിള്ള. നോവലുകൾ, നാടകങ്ങൾ എന്നീ ശാഖകളിൽ അനേകം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ടു്. പരിണാമഗുപ്തിയോടുകൂടി ഫലിതമമായി തൂലികയെ ചലിപ്പിക്കുവാനുള്ള അസാധാരണമായ ഒരു പ്രാഗത്ഭ്യം മാധവൻപിള്ളയ്ക്കുണ്ടു്’. ‘ദേശസേവിനി (രണ്ടു ഭാഗങ്ങൾ) യിൽ ഒരു പ്രണയകഥയാണു സാഹിത്യസുരഭിലമായ ഭാഷയിൽ പ്രതിപാദിക്കുന്നതു്. ഒരു ഗണപതിശാസ്ത്രിയുടേയും അയാളുടെ കുടുംബാംഗങ്ങളുടേയും കാമപരാക്രമങ്ങൾ ഈ കഥയുടെ ഭൂരിഭാഗത്തേയും ആക്രമിച്ചിരിക്കയാണു്. നായികാനായകന്മാരായ പത്മയും ഭാനുവും ശാസ്ത്രി മൂലം നിരവധി ക്ലേശങ്ങൾ അനുഭവിക്കുന്നതും, ഒടുവിൽ എല്ലാം മംഗളമായി കലാശിക്കുന്നതുമാണു് കഥയുടെ കാതലായ അംശം. ഒരു വീരവിപ്ലവസംഘത്തിൻ്റ നേതാവായ വീരഭദ്രൻ്റെ അത്ഭുതകൃത്യങ്ങൾ ഈ കഥയെ ആദ്യന്തം നയിച്ചുകൊണ്ടിരിക്കുന്നു എന്നുതന്നെ പറയാം. ഉത്തുംഗനിലയെ പ്രാപിച്ചിട്ടുള്ള ചിലർ ഓരോ തരത്തിൽ ചെയ്തുപോരുന്ന ജനദ്രോഹ ജീവിതത്തെയായിരിക്കുമോ ഗ്രന്ഥകാരൻ ശാസ്ത്രീയിൽക്കൂടി വ്യക്തമാക്കുന്നതു് എന്നറിഞ്ഞുകൂടാ. മാധവൻപിള്ളയുടെ മറ്റു നോവലുകൾ ജ്ഞാനാംബിക, വിഗതകുമാരി (രണ്ടു ഭാഗങ്ങൾ), ഭടൻ്റെ ഭാര്യ (മൂന്നു ഭാഗങ്ങൾ) മുതലായവയാണു്.
ഇസഡ്. എം. പാറേട്ട്: ഒരു ചരിത്രനോവലാണു് വക്രപ്പുലിയും പെരുമ്പാറ്റയും. നിലയ്ക്കൽ ശിവക്ഷേത്രത്തേയും, മാർതോമ സ്ഥാപിച്ച പള്ളിയേയും, അറുന്നൂറുകൊല്ലംമുമ്പു ജീവിച്ചിരുന്ന അവിടത്തെ ജനങ്ങളേയും പശ്ചാത്തലമാക്കിയാണ് പ്രസ്തുത കൃതിയുടെ രചന. ഹൈന്ദവക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും അക്കാലത്തു് ഇന്നത്തെ മട്ടിലുള്ള യാതൊരുവക അലോഹ്യവും കൂടാതെ മതിലോടുമതിൽ ചേർന്നും, ജനങ്ങൾ തോളോടുതോൾ ചേർന്നും വർത്തിച്ചിരുന്ന ആ സുവർണ്ണകാലത്തെ നമ്മുടെ കൺമുമ്പിൽ കാണുമാറു ഭാവനാസമ്പന്നനായ ഗ്രന്ഥകാരൻ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. അന്നത്തെ ആ കാലഘട്ടത്തിൻ്റെ സ്മരണയെ ഉദ്ദീപിപ്പിക്കുവാൻ പാറേട്ടിൻ്റെ തൂലികയ്ക്കു തികച്ചും സാധിച്ചിട്ടുണ്ടു്. ഒരു ചരിത്രകാരൻ്റെയും കലാകാരൻ്റെയും കഴിവുകൾ ഈ നോവലിൽ പ്രത്യക്ഷമാണ്. പള്ളിബാണപ്പെരുമാൾ പാറേട്ടിൻ്റെ മറ്റൊരു ചരിത്രനോവലത്രെ. പറക്കുംകുതിര, മായാദേവി, തിലകൻ്റെ തിലകം തുടങ്ങി ഇരുപതിലേറെ കൃതികൾ ഈ ഗ്രന്ഥകാരൻ നിർമ്മിച്ചിട്ടുണ്ടു്.
