ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ജോസഫ് ചെറുവത്തൂർ: അനേകം നല്ല കൃതികൾ എഴുതി പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഒരു കലാകാരനാണു് ചെറുവത്തൂർ. ‘അന്നകുട്ടി’ അദ്ദേഹത്തിൻെറ ഒരു സാമുദായികനോവലാണു്. വിവാഹ വിഷയത്തിൽ യുവജനങ്ങളുടെ ഹിതാഹിതങ്ങൾ ശരിക്കു മനസ്സിലാക്കി രക്ഷകർത്താക്കൾ പ്രവർത്തിക്കേണ്ടതാണെന്നും, അതിന്നു വിപരിതമായിത്തീർന്നാൽ ജീവിതം പലവിധത്തിലും ആപൽക്കരമായിത്തീരുമെന്നും ഉള്ള യാഥാർത്ഥ്യം അനക്കട്ടിയുടെ ജീവിതത്തിൽക്കൂടി ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നു. തോമസും അന്നക്കുട്ടിയുമായുള്ള പ്രണയജീവിതത്തിനു വിധി ആദ്യം തടസ്സമായി നിലകൊള്ളുന്നു. അവസാനത്തിൽ – വളരെയേറെ പീഡകൾ അനുഭവിച്ചശേഷം – അവരെ ഒന്നിപ്പിക്കയും ചെയ്യുന്നു. സംഭാവ്യമായ വിധത്തിൽ കഥാഘടന നിർഹിക്കുവാൻ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. കേരളീയ ക്രിസ്ത്യാനികളുടെ സാമുദായികാചാരങ്ങളും വിവാഹച്ചടങ്ങുകളും മറ്റും എത്രയും ഹൃദ്യമായ രീതിയിൽ ഗ്രന്ഥകാരൻ ഇതിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. വർണ്ണനകളിൽ ആവർത്തനം കുറെ അധികമായിത്തീരുന്നു എന്നു പറയാതെ തരമില്ല. നാടകാഭിനയം, ജയിൽവാസം, വിവാഹം മുതലായ ചടങ്ങുകൾ ഒന്നിലധികം തവണ വർണ്ണിച്ചിട്ടുള്ളേടത്തു് ഈ പൗനരുക്ത്യം സ്പഷ്ടമാണു്. പൈലോക്ക‍ുഞ്ഞിൻ്റെ അകാലചരമം, അശനിപാതം മുതലായ കാര്യങ്ങളിൽ അല്പം അസ്വാഭാവികത കടന്നുകൂടിയിട്ടില്ലേ എന്നും ചിന്തിക്കേണ്ടതുണ്ട്. ലളിതമായ ഭാഷയും, പ്രസന്നമായ പ്രതിപാദനവും ഈ കൃതിയെ ആകർഷകമാക്കിത്തീർക്കുന്നു. പാൽക്കാരി, വളർത്തുമകൾ മുതലായി വേറേയും ചില നോവലുകൾ ചെറുവത്തൂർ എഴുതിയിട്ടുണ്ട്.