കഥാപ്രബന്ധങ്ങൾ
പുലിയന്നൂർ രാമയ്യർ: സമുദായം പൊതുവെ നന്നാകണമെങ്കിൽ ഓരോ ഉപസമുദായവും സ്വയം പരിഷ്ക്കരിക്കപ്പെടണം. ഓരോ സമുദായത്തിൻ്റെയും ഉള്ളിലെ രഹസ്യങ്ങൾ അതതു സമുദായത്തിലുള്ളവർക്കേ അനുഭവപൂർവ്വം വെളിപ്പെടുത്താൻ കഴിയൂ. മറക്കുടയ്ക്കുള്ളിലേയും പർദ്ദയ്ക്കുള്ളിലേയും ദയനീയ ജീവിതം ചിലതു നാം കണ്ടുകഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ അധിവസിച്ചുവരുന്ന തമിഴ് ബ്രാഹ്മണ സമുദായത്തിൻ്റെ അന്തഗൃഹത്തിലെ ഇരുളും വെളിച്ചവും മറ്റുള്ളവർക്കു ദൃഷ്ടിഗോചരമല്ല. അതു ആ സുദായത്തിലെ അംഗങ്ങൾതന്നെയാണു് ജനസമക്ഷം അവതരിപ്പിക്കേണ്ടതു്. പുലിയന്നൂർ എസ്. രാമയ്യരുടെ ‘പഠിച്ച പെണ്ണു്’ എന്ന ചെറുനോവൽ ആ കൃത്യമാണു് നിർവ്വഹിച്ചിട്ടുള്ളതു്.
വസുമതി സൗന്ദര്യസൗശീല്യാദികൾ തികഞ്ഞ ഒരു വിദ്യാസമ്പന്നയാണു്. അവളുടെ അച്ഛനമ്മമാരും സംസ്ക്കാരസമ്പന്നർതന്നെ, സ്കൂൾഫൈനൽ പാസ്സായ വസുമതിയെ അവൾക്കനുരൂപനായ ഒരു വരനെക്കൊണ്ടു് – ഗോപാലകൃഷ്ണനെക്കൊണ്ടു് – യഥാകാലം വിവാഹം ചെയ്യിക്കുന്നു. ഭർത്തൃഗൃഹത്തിൽ, പ്രസവിക്കാൻ കഴിയാതെ ബാലവൈധവ്യം സംഭവിച്ചിട്ടുള്ള മൂന്നു വിധവകൾ. അവരുടെ വിവിധരൂപത്തിലുള്ള പോരും കുത്തിത്തിരിപ്പുകളും കൊണ്ടു് ഒട്ടൊക്കെ ക്ലേശങ്ങൾ അനുഭവിച്ചുവെങ്കിലും വസുമതിയുടെ സഹിഷ്ണുതയും സൗശീല്യവും നയചാതുരിയുംകൊണ്ടു് ആ വിധവകളെ തനിക്കനുകൂലികളാക്കിത്തീർത്തു. ഭർത്തൃഗൃഹഞിൽ യോഗക്ഷേമം പുലർത്തുന്നതാണു് പഠിച്ച പെണ്ണിലെ കഥാ വസ്തു. ബ്രാഹ്മണസമുദായത്തിലെ ഗൃഹജീവിതത്തിനുള്ളിലെ അന്തരീക്ഷം അനുഭവപൂർവ്വം വെളിപ്പെടുത്തുവാൻ രാമയ്യർക്കു സാധിച്ചിട്ടുണ്ടു്. ‘പഠിച്ച പെണ്ണു്’ വായനക്കാരെ ബലാലാകർഷിക്കുന്നതും അതുകൊണ്ടുന്നെ. ‘അല്പം മധുരം അല്പം കയ്പു്’ രാമയ്യരുടെ മറ്റൊരു നോവലത്രെ.
