ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

പി. സി. കോരുതു്: അനേകം നല്ല കഥകളെഴുതി കൈരളിയെ പ്രസാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കലാകാരനാണു് കോരുതു്, വശ്യവും സുന്ദരവുമായ ഒരു ശൈലി അദ്ദേഹത്തിനു സ്വായത്തമായിട്ടുണ്ട്. “ഉത്തമയും പരമസുന്ദരിയുമായ ഒരു യുവവിധവ, അവളുടെ ദൃഢനിശ്ചയത്തിനും പ്രതീക്ഷകൾക്കും വിരുദ്ധമായി ഒരു രാത്രിയിലെ യാദൃച്ഛിക സാഹചര്യം മൂലം അധഃപതിക്കുവാനിടയായ ഒരു രംഗം സോമർസെറ്റ്മോം തന്മയത്വത്തോടുകൂടി ചിത്രീകരിച്ചിട്ടുണ്ട്.” അതിനെ മാതൃകയാക്കി പത്മിനി എന്ന ഒരു യുവവിധവയുടെ കഥ ചിത്രീകരിക്കുന്നതാണു് ‘കൈത്തോക്കും കസവുസാരിയും’ എന്ന കൃതി. രാത്രിയിലെ യാദൃച്ഛിക സംഭവം മൂലം അരവിന്ദൻ്റെ പ്രണയാഭ്യത്ഥർനയെ എതിർക്കുവാൻ അവൾ അശക്തയായിത്തീരുന്നതും, വിജയകുമാരനെ വരിച്ചു സ്വജീവിതം മുന്നോട്ടു നയിക്കാൻ കഴിയാതെ ഹൃദയം തകർന്നു നിഷ്ചേഷ്ടയായിത്തിരുന്നതുമായ അന്ത്യരംഗം വായനക്കാരെ വികാരവിവശരാക്കുവാൻ കഴിവുറ്റ ഒന്നുതന്നെ.

നൃത്തംപഠിച്ച ഭാര്യ, പുഷ്പമംഗലം, പെൺപുലി, അത്ഭുതദ്വീപിലെ ഐന്ദ്രജാലികൻ, അമ്മയുടെ ദത്തുപുത്രി, ജ്വലിക്കുന്ന ജലപുഷ്പം, കറുത്ത കൈ, വജ്രം വിഴുങ്ങിയ തമ്പുരാട്ടി, കുഞ്ഞുലക്ഷ്മി, ലീലാസൗധം, കടലിനുമപ്പുറം എന്നിങ്ങനെ ഒട്ടേറെ ലഘുനോവലുകൾ കോരുതിൻ വകയായിട്ടുണ്ട്’. ‘വെള്ളിമേഘങ്ങൾ’ തുടങ്ങിയ ഒട്ടേറെ ചെറുകഥാ സമാഹാരങ്ങളും കോരുതു് കൈരളിക്കു സമർപ്പിച്ചിട്ടുണ്ടു്.

പി. സി. കുട്ടികൃഷ്ണൻ: ലഘുകവിതകളിൽ ജനിച്ചു ചെറുകഥകളിൽ വളർന്നു നോവലിലെത്തിയ ഒരു അനുഗൃഹീത കലാകാരനാണ് ഉറൂബെന്ന് ഇടയ്ക്കു തൂലികാനാമമേന്തിയ പി. സി. കുട്ടിക്കൃഷ്ണൻനായർ. അദ്ദേഹത്തിൻ്റെ നോവലുകളിൽ ആദ്യത്തേതായ ഉമ്മാച്ചു, ആധുനിക മലയാള നോവലുകളിൽ ശ്രദ്ധേയമായ ഒന്നാണു്. മായൻ്റേയും ഉമ്മാച്ചുവിൻ്റേയും പ്രണയജീവിതത്തെ കേന്ദ്രമാക്കിയാണു പ്രതിപാദനമെങ്കിലും രണ്ടു തലമുറകളുടെ കഥയാണു് പി. സി., ഇതിൽ ഒതുക്കിനിറുത്തുവാൻ ശ്രമിച്ചിട്ടുള്ളതു്. കഥാപാത്രങ്ങളാകട്ടെ, ജാതിമതാദിചിന്തകൾക്കതീതരായി വർത്തിക്കുന്ന സ്ത്രീപുരുഷന്മാരും, അവരുടെ സ്നേഹദ്വേഷാദി ചിത്തവൃത്തികളെ ചിത്രീകരിക്കുന്ന പല രംഗങ്ങളും എത്രയും ഹൃദയഹാരികളെന്നേ പറയേണ്ടു. എന്നാൽ ഈ നോവലിൽ പ്രകടമായിക്കാണുന്ന ഒരു ന്യൂനതയും പ്രസ്താവിക്കേണ്ടതുണ്ടു്. കാലപരിധിയെ ചുരുക്കിയുള്ള ഇന്നത്തെ നോവൽ നിർമ്മാണ രീതിയിൽ നിന്ന് ഭിന്നമായി കാലപരിധിയെ വർദ്ധിപ്പിച്ചതുകൊണ്ടു കഥയുടെ കെട്ടുറപ്പിനു് അല്പം ശൈഥില്യം സംഭവിച്ചിട്ടുണ്ടെന്നുള്ളതാണതു്. എങ്കിലും നവോത്ഥാനദശയിലെ നോവലുകളിൽ ഉമ്മാച്ചു ഒരു ഉയർന്ന പരീക്ഷണം തന്നെ എന്നു സമ്മതിക്കാതെ തരമില്ല.