കഥാപ്രബന്ധങ്ങൾ
സുന്ദരികളും സുന്ദരന്മാരും: കുട്ടിക്കൃഷ്ണനു് കേന്ദ്ര സാഹിത്യഅക്കാദമിയിൽനിന്നു 1960-ൽ സമ്മാനം നേടിക്കൊടുത്ത ഒരു നോവലാണിതു. ഇക്കഴിഞ്ഞ രണ്ടു ലോകമഹായുദ്ധങ്ങൾക്കിടയിൽ മലബാറിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തിൽ വന്നുകഴിഞ്ഞിട്ടുള്ള മാറ്റങ്ങളെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. സമുദായത്തിലെ വിവിധ കഥാപാത്രങ്ങളിൽക്കൂടിയാണു് ഗ്രന്ഥകാരൻ ആ കൃത്യം നിർവ്വഹിച്ചിട്ടുള്ളതു്. സംഖ്യാബാഹുല്യംകൊണ്ടു കഥാപാത്രങ്ങളിൽ ചിലതു വായനക്കാരുടെ സ്മരണമണ്ഡലത്തിൽനിന്നു മാഞ്ഞുപോയെന്നു വന്നേക്കാം. എന്നുവരികിലും രാമൻനായർ, സുലൈമാൻ, രാധ, വിശ്വനാഥൻ, കുഞ്ഞുരാമൻ, ശാന്ത തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെ വേണ്ടത്ര വ്യക്തിത്വത്തോടു കൂടി പ്രകാശിപ്പിക്കുവാൻ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്നു നാലു പതിറ്റാണ്ടുകളിലെ – ബ്രിട്ടീഷ് ഭരണകാലത്തെ സങ്കീർണ്ണവും സംഘർഷാത്മകവുമായ മലബാറിലെ സാമൂഹ്യജീവിതത്തിലേക്ക് കടന്നു നോക്കുവാൻ ഈ കൃതിയുടെ ഗ്രന്ഥകാരനു സാധിച്ചിട്ടുണ്ട്. അതു് കുട്ടി കൃഷ്ണൻ്റെ വലിയൊരു വിജയവുമാണു്.
എന്നാൽ ‘ചാർത്തിക്കിട്ടിയ കുട്ടി’യിൽനിന്നാരംഭിക്കുന്ന ഈ നോവലിലെ അവസാനരംഗം, ആദ്യരംഗങ്ങൾപോലെ സ്വാഭാവികമായ പരിണതിയെ പ്രാപിച്ചിട്ടില്ലെന്നു പറയേണ്ടതുണ്ട്. രാധയുടെ ആരാധനാമൂർത്തിയായിരുന്ന കുഞ്ഞുരാമൻനായർ പട്ടാളത്തിൽ പോകുന്നതും, മരിച്ചതായി ഒരു പ്രഭാതത്തിൽ രാധയ്ക്കു കമ്പികിട്ടുന്നതും, തുടർന്നു വിശ്വത്തെ ഭർത്താവായി അംഗീകരിക്കുന്നതും മറ്റും മാർത്താണ്ഡവമ്മയിൽ സി. വി. ചെയ്തിട്ടുള്ളതുപോലെ, എങ്ങനെയെങ്കിലും കഥയെ ഒരുവിധത്തിൽ കൂട്ടിയിണക്കി അവസാനിപ്പിക്കാനുള്ള ഗ്രന്ഥകാരൻ്റെ ഒരു വെമ്പൽ മാത്രമായി തോന്നുന്നു. ചില ആശയങ്ങളും കല്പനകളും ആവർത്തന രൂപത്തിൽ വായനക്കാക്ക് അനുഭവപ്പെടാൻ ഇടയാകുന്നതു്, ഇതു തുടർക്കഥകളുടെ ഒരു സമാഹാരമായതുകൊണ്ടായിരിക്കാം. അതുകൊണ്ടു തന്നെയായിരിക്കാം. ഇതിലെ ഒട്ടുവളരെ സംഭവങ്ങളേയും സംഖ്യാതീതമായ കഥാ പാത്രങ്ങളേയും എങ്ങനെയെങ്കിലും കൂട്ടിയിണക്കുന്നതിനുള്ള ഒരു ഉപകരണമായി ഒരു അനാധബാലനെ ആരംഭം മുതൽക്കേ സ്വാധീനത്തിൽ സൂക്ഷിച്ചുപോന്നിട്ടുള്ളതും.
ഉറൂബിൻ്റെ പ്രതിപാദനരീതി കവിതാമയമാണു്; ആകർഷകവുമാണു്.
മിണ്ടാപ്പെണ്ണ്’, ആമിന ഇവയാണു് പി. സി.യുടെ മറ്റു നോവലുകൾ