കഥാപ്രബന്ധങ്ങൾ
ചെറുകാടു്: ഒരു നോവലിസ്‌റ്റും നാടകകൃത്തുമാണു് ചെറുകാട്. അദ്ദേഹത്തിൻ്റെ പുരോഗമനപരമായ ഒരു സാമൂഹ്യനോവലാണ് ‘മണ്ണിൻ മാറിൽ’. കഷകനു കൃഷിഭൂമിയോടുള്ള ബന്ധത്തെ അതിൽ ചിത്രീകരിച്ചിരിക്കുന്നു. തകഴിയുടെ രണ്ടിടങ്ങഴിയിലും. കെ. ദാമോദരൻ്റെ പാട്ടബാക്കിയിലും പ്രതിപാദിച്ചിട്ടുള്ള വിഷയവും മറ്റൊന്നല്ല. മണ്ണും മനുഷ്യനുമായുള്ള അവകാശംതന്നെ. എന്നാൽ ചെറുകാടിൻ്റെ കൃതിയിലെ പ്രതിപാദ്യത്തിനു് അല്പം വൈശിഷ്ട്യമുണ്ടു്. ജെന്മികുടിയാൻ ബന്ധംപോലെതന്നെ, കൃഷിക്കാരനു കൃഷിഭൂമിയോടുള്ള അഭേദ്യമായ വൈകാരികബന്ധവും ഈ നോവലിൽ വ്യക്തമാക്കിയിരിക്കുന്നു. തെക്കേമലബാറിലെ ജന്മി-കുടിയാൻബന്ധത്തിൻ്റെ ഒരു നഗ്നചിത്രവുമാണു് പ്രസ്തുത കൃതി.
“അത്തിക്കോടൻ മല മേലെനായർ വീട്ടുകാരുടെ ജന്മമാണു്. കരിമ്പനയ്ക്കൽ കുടുംബത്തിൽപ്പെട്ട കൊമ്പൻ കൊണ്ടേരൻ കാടുകെട്ടിക്കിടന്ന ആ സ്ഥലം കൃഷിനടക്കുവാൻ ഏറ്റുവാങ്ങുകയും, അവൻ്റെ ചോരയും വിയർപ്പും ചെലവു ചെയ്തു് അതു് ഒന്നാന്തരം വിളനിലമാക്കിത്തിർക്കുകയും ചെയ്യുന്നു. കൊണ്ടേരൻ്റെ അനുജൻ കണ്ടയും, മകൻ അയ്യപ്പനും ആ കൃഷിഭൂമിക്കുവേണ്ടിത്തന്നെയാണു് അവരുടെ ജീവിതം ഉഴിഞ്ഞുവെച്ചതു്. ജന്മി നിലമൊഴിയണമെന്നു് ആവശ്യപ്പെടുമ്പോഴൊക്കെയും അവർ പിന്നെയും പിന്നെയും പാട്ടം കൂട്ടിക്കൊടുത്തു നടന്നുപോരുകയും ചെയ്യുന്നു. അതിനിടയിൽ കൊച്ചു കൊണ്ടേരൻ ധിക്കാരം പ്രവർത്തിച്ചു എന്നുള്ള കാരണത്താൽ ജന്മി വിളവെടുക്കാൻ ശ്രമിക്കയും ആ ശ്രമം പരാജയത്തിൽ കലാശിക്കയും ചെയ്തു. അവസാനം ജന്മി കേസുകൊടുത്തു നിലമൊഴിപ്പിക്കുകയായി. തലമുറകളായി വളർന്നുവന്ന അവരുടെ അവകാശം – കൃഷിഭൂമി കർഷകനെന്നുള്ള ആദർശം – അതോടുകൂടി തകരുകയും ചെയ്തു. പക്ഷേ, ജന്മി ഒഴിപ്പിച്ചെടുത്ത ഭൂമി അയാൾക്കു കൃഷിചെയ്യുവാൻ, സംഘടിതരായിത്തീർന്ന കൃഷിക്കാരുടെ പിന്തുണ കിട്ടാതെ വരുന്നു.