ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ആദ്യകാലത്തു ജന്മിയുടെ ഏതു മർദ്ദനവും സഹിക്കുവാനേ കർഷകനു കഴിഞ്ഞിരുന്നുള്ളു. കൊമ്പൻ കൊണ്ടേരൻ്റേയും ചാവിയുടേയും കാലം അങ്ങനെയുള്ളതായിരുന്നു. ചാമി വെടികൊണ്ടു മരിച്ചിട്ടും ആ കൃഷിക്കാർ ജന്മിയോടു ചോദ്യം ചെയ്യാൻ ശക്തരാകുന്നില്ല. അയ്യപ്പൻ മുതൽപേർ പിന്നെയും ജന്മിത്വത്തെ വഴങ്ങുന്നു. കേരളത്തിലെ പഴയ നാടുവാഴി സംസ്‌കാരവും, അതിൻ്റെ പ്രതിനിധിയായ ജന്മി-കുടിയാൻ ബന്ധവുമാണ് കൊച്ചുകൊണ്ടേരൻ വരെയുള്ള തലമുറകളിൽ നാം കാണുന്നതു്. കൊച്ചുകൊണ്ടേരൻ്റെ കാലമായപ്പോഴേക്കും ജന്മിയെ ചോദ്യംചെയ്യുവാൻ കൃഷിക്കാരൻ വളർന്നുകഴിഞ്ഞു. വാരത്തിനു രസീതു ചോദിക്കുവാനും, വിള കൊയ്തെടുക്കുവാനും, സംഘടന രൂപവൽക്കരിക്കുവാനും. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കുവാനും വർഗ്ഗബോധം വളർന്ന കൃഷിക്കാരൻ ശക്തനായിത്തീരുന്നു. അങ്ങനെ തകർന്നുവരുന്ന കേരളത്തിലെ ജന്മി വ്യവസ്ഥിതിയും, വളർന്നുവരുന്ന കർഷകൻ്റെ വർഗ്ഗബോധവും തമ്മിലുള്ള സംഘട്ടനവും, അതോടൊപ്പംതന്നെ കൃഷിക്കാരനു കൃഷിഭൂമിയോടുള്ള വൈകാരികമായ ബന്ധവും സജീവമായിക്കഴിഞ്ഞു. മണ്ണിൻ്റെ മാറിൽ ചെറുകാട്ട് അതാണു ചിത്രീകരിച്ചിട്ടുള്ളത്. പ്രധാന കഥയോടനുബന്ധിച്ചു കൊച്ചുകൊണ്ടേരനെ സംബന്ധിച്ചുള്ള ഒരു പ്രേമകഥയും ഇതിൽ ഇണക്കിക്കൊള്ളിച്ചിട്ടുമുണ്ട്. എല്ലാവിധത്തിലും ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതികളിൽ സാരമായ പരിവർത്തനം വരുത്തുന്നതിനു വമ്പിച്ച പ്രേരണ ചെലുത്തുവാൻ ഈ കൃതി ശക്തമായിത്തീരുന്നു. ചുരുക്കത്തിൽ കർഷകരുടെ വളർച്ചയുടേയും ജന്മിത്വത്തിൻ്റെ തളർച്ചയുടേയും ഒരു കഥ വികാരതീവ്രമായ ശൈലിയിൽ കുറിച്ചിട്ടുള്ളതാണു് മണ്ണിൻ്റെ മാറിൽ എന്ന കൃതി.

മുത്തശ്ശി, ശനിദശ, പ്രമാണി തുടങ്ങിയവയാണു് ചെറുകാടിൻ്റെ മറ്റു നോവലുകൾ.