ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

ചെമ്മീൻ: കഥ സംഭവബഹുലമൊന്നുമല്ല. പള്ളിക്കുന്നം കടപ്പുറത്തു കളിച്ചുവളർന്ന കറുത്തമ്മയും, പരീക്കുട്ടിയും ബാല്യം മുതൽക്കേ സ്നേഹമായിരുന്നു. ആ സ്നേഹം അവരുടെ വളർച്ചയോടുകൂടി പ്രേമത്തിലേക്കും പ്രണയത്തിലേക്കും കടന്നു. നാലാംവേദക്കാരനായ പരീക്കുട്ടിയും കടലിൻ്റെ മകളായ കറുത്തമ്മയും തമ്മിൽ സ്നേഹിച്ചുകൂടെന്നാണു് സമുദായ വിധി. കറുത്തമ്മയുടെ മാതാവായ ചക്കി, പുത്രിയുടെ പോക്ക് ആപല്ക്കരമായിത്തീരുമെന്നു മനസ്സിലാക്കി അവളെ ശാസിച്ചും നിയന്ത്രിച്ചും പോന്നു. കറുത്തമ്മയെ സ്വജാതിയിൽപ്പെട്ട ഒരുവനെക്കൊണ്ടു വിവാഹം ചെയ്യിക്കുവാൻ ചക്കി സ്വഭർത്താവായ ചെമ്പൻകുഞ്ഞിനെ കൂടെക്കൂടെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. ഒരുദിവസം കടൽക്കരയിൽ കണ്ടുമുട്ടിയ തൃക്കുന്നപ്പുഴക്കാരൻ പളനിയെ കറുത്തമ്മയുടെ ഭർത്താവായി അയാൾ തിരഞ്ഞെടുത്തു. താമസിയാതെ വിവാഹവും നടന്നു.

വിവാഹദിവസം ചെമ്പൻകുഞ്ഞിൻ്റെ ഗൃഹത്തിൽവെച്ചു വരൻ്റെ ഭാഗക്കാരുമായി ചില വാക്കേറ്റങ്ങൾ ഉണ്ടായി. കറുത്തമ്മയുടെ ഗൂഢ പ്രേമത്തെപ്പറ്റിയുള്ള അപവാദം സഭയിൽ പ്രകാശിതമായി. അതുകേട്ട് ചക്കി ആധിയും വ്യാധിയും പൂണ്ടു കിടപ്പിലായി. വിവാഹ ദിവസം തന്നെ പളനി കറുത്തമ്മയെ തൃക്കുന്നപ്പുഴയ്ക്കു കൊണ്ടുപോന്നു.

ദുഷ്പ്രവാദങ്ങളുടെ രുചി കാട്ടുതീപോലെ വ്യാപിച്ചു. കറുത്തമ്മയെപ്പറ്റിയുള്ള അപവാദങ്ങൾ തൃക്കുന്നപ്പുഴയുള്ള മരയ്ക്കാന്മാരുടെ ഇടയിലും പരന്നു. പളനിയും ഭാര്യയിൽ ശങ്കാകുലനായി. അവൾ ഭർത്താവിനു വിശ്വസ്തയായിരുന്നുകൊള്ളാമെന്നു പലവുരു പ്രതിജ്ഞചെയ്തു കൊണ്ടിരുന്നു. അചിരേണ അവരുടെ ദാമ്പത്യ ജീവിതഫലമായി അവൾ ഒരു പുത്രിയെ പ്രസവിച്ചു. ഇക്കാലത്തും, പരീക്കുട്ടിയെക്കുറിച്ചുള്ള അവളുടെ സ്നേഹം മനസ്സിൽനിന്നു മാഞ്ഞിരുന്നില്ല. ചക്കി മരിച്ച വൃത്താന്തം ഒരു ദിവസം രഹസ്യമായിവന്നു പരീക്കുട്ടി, കറുത്തമ്മയെ ഗ്രഹിപ്പിച്ചു. ആ സംഭവവും കറുത്തമ്മയെ സംബന്ധിച്ച അപവാദത്തിനു കൂടുതൽ ശക്തിയുണ്ടാക്കി.