കഥാപ്രബന്ധങ്ങൾ
പാറപ്പുറത്തു്: ജനിച്ച നിമിഷത്തിൽത്തന്നെ ഞെക്കിക്കൊല്ലാൻ തുടങ്ങിയ ഒരു അപ്പൻ്റേയും, ‘കൊള്ളരുതാത്തവളുടെ സന്തതി’ എന്നു അധിക്ഷേപിക്കപ്പെടുന്ന ഒരു കൊച്ചമ്മയുടേയും നിർദ്ദയപീഡനങ്ങളേറ്റു വളരുന്ന മാതൃരഹിതയായ ഒരു ബാലികയാണ് സൂസി. അവൾ ഏറ്റവും ദുസ്സഹമായി വേദനപ്പെട്ട ഒരു ദിവസം അവളുടെ കരളിനു സ്നേഹം പകർന്നു കൊടുക്കാൻ – സ്വമാതുലൻ അവളെ അയാളുടെ ഗൃഹത്തിലേക്കാനയിച്ചു. ആ ഗൃഹത്തിലെ സ്നേഹമയിയായ അമ്മാവി സ്വസന്താനങ്ങളേക്കാളും ‘സൂസാമ്മമോളെ’ താലോലിച്ചു വളർത്തുകയായി. അവൾ ഇപ്പോൾ എസ്. എസ്. എൽ സി. പരീക്ഷയ്ക്കു ചേർന്നിരിക്കയാണു്. അമ്മാവൻ്റെ ഗൃഹത്തിലെ ധനപരമായ ക്ലേശങ്ങൾ നല്ലപോലെ മനസ്സിലാക്കിയിരുന്ന സൂസാമ്മ ഇനിയും അതു വർദ്ധിപ്പിക്കരുതെന്നും, തന്നെ ക്കൊണ്ട് ആ വീട്ടിലുള്ളവർക്കു വല്ല സഹായവും ചെയ്യാൻ കഴിയണമെന്ന് ഉറച്ചു്, നേഴ്‌സിംഗ് ലൈനിൽ ചേരുവാൻ തീർച്ചയാക്കി. അങ്ങനെ അവൾ ആർമിയിൽ നേഴ്‌സായി ഉത്തരേന്ത്യൻ ഹോസ്പിറ്റലുകളിൽ ജോലിചെയ്തുവരികയാണ്. അക്കാലങ്ങളിൽ അനുഭവപ്പെട്ട അഗ്നി പരീക്ഷണങ്ങളിലെല്ലാംതന്നെ ജീവിതത്തിൻ്റെ വിശുദ്ധിയെ അവൾ വിജയകരമായി പരിരക്ഷിച്ചുപോന്നു. മനസ്സിന്നിണങ്ങിയ ഒരു കൂട്ടുകാരനെ നേടണമെന്നു്, അക്കാലം മുതൽക്കേ അവൾ ആഗ്രഹിച്ചുപോരുകയാണു്. ഉദ്യോഗം വിട്ടുപോന്നശേഷം, അങ്ങനെ ഒരു കൂട്ടുകാരനുമായി ജീവിക്കണമെന്നു അവൾ ഉറയ്ക്കുകയും, അതിനുവേണ്ടി അന്വേഷിക്കയും ചെയ്തു; പക്ഷേ, കണ്ടെത്തിയില്ല. അവൾ അർഹിക്കുന്ന നീതി അവൾക്കു ലഭിച്ചില്ല.
ജീവിതത്തിൻ്റെ അടർക്കളത്തിലിറങ്ങി പൊരുതി കടുത്ത പ്രതിസന്ധിഘട്ടങ്ങളിലും വിജയം കൈവരിച്ച സൂസിക്കു ദുസ്സഹമായ പരാജയമാണു ഒടുവിൽ നേരിട്ടതു്. അവളുടെ അനുഭവസങ്കീർമായ ജീവിതം ഒരു ക്യാൻവാസിലെന്നപോലെ പാറപ്പുറം ഈ നോവലിൽ – ‘അന്വേഷിച്ച്, കണ്ടെത്തിയില്ല’ എന്ന നോവലിൽ –ചിത്രീകരിച്ചിരിക്കുന്നു. ജീവിതത്തെപ്പറ്റി ഇത്രയധികം സങ്കല്പ സ്വപ്നം കണ്ടവളും, എന്നാൽ ഇത്രയേറെ കണ്ണീരിൻ്റെ കയ്പുരസം കുടിച്ചവളുമായ ഈ ധീരവനിതയെപ്പോലെയുള്ള ഒരു നായികയെ മലയാളത്തിലെ ഇന്നത്തെ നോവലുകളിൽ ഒന്നിൽനിന്നും നമുക്കു പ്രദർശിപ്പിക്കുവാനില്ല. എന്നാൽ ആ വീരവധുവിനെ പുരുഷൻ്റെ പ്രേമത്തിനുവേണ്ടി അനുചിതമായ ഒരു സ്ഥലത്തേക്ക് – അന്തോണിയുടെ വീട്ടിലേക്ക് – ഓടിച്ചതു്. അവളുടെ അതുവരെയുള്ള ഉൽക്കർഷത്തിനു ഹാനികരമായി തോന്നുന്നു. വേദനപ്പെടുന്ന മനുഷ്യൻ്റെ കണ്ണുനീരു തുടയ്ക്കാൻ തുനിഞ്ഞതുകൊണ്ടു സ്വയം വേദനപ്പെടുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന ഈ നായിക ആരുടെ ഹൃദയത്തിനും എന്നും ഞെട്ടലുണ്ടാക്കിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.
