ഗദ്യസാഹിത്യചരിത്രം. ആറാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ

നിണമണിഞ്ഞ കാല്പാടുകൾ: ക്രൂരവും ഘോരവുമായ ജീവിതാനുഭവങ്ങളിലൂടെ തട്ടിയും മുട്ടിയും കറങ്ങിത്തിരിയുന്ന ഒരു പട്ടാളക്കാരൻ്റെ ഹൃദയാവർജ്ജകമായ കഥയാണു് ഇതിൽ ചിത്രീകരിക്കുന്നതു്. മലയാളികൾക്ക് അജ്ഞാതമായിരുന്ന പട്ടാളജീവിതത്തെ ചിത്രീകരിച്ചു കാണിക്കുവാൻ മുതിർന്ന നോവലെഴുത്തുകാരിൽ പ്രഥമഗണനീയൻ ‘നിണമണിഞ്ഞ കാല്പാടുകളു’ടെ കർത്താവായ പാറപ്പുറത്തുതന്നെയാണെന്നു തോന്നുന്നു. യാതൊരാർഭാടവും പാറപ്പുറത്തിൻ്റെ പ്രതിപാദനത്തിൽ നാം കാണുന്നില്ല. അർത്ഥസംപുഷ്ടമായ വാക്കുകൾ, ആശയസമ്പന്നമായ തൂലികാവിലാസം, ഹൃദയ ദ്രവീകരണ സമർത്ഥത ഇവയെല്ലാം ഈ ഗ്രന്ഥകാരൻ്റെ പ്രത്യേകതകളാണു്,

ആദ്യകിരണങ്ങൾ: കേരളത്തിലെ മലമ്പ്രദേശങ്ങളിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തിൻ്റെ ഹൃദയത്തുടിപ്പുകളാണു് ആദ്യകിരണങ്ങളിലെ പ്രമേയം. നിസ്സഹായയായി ആ കാട്ടുപ്രദശത്തേക്കു കടന്നുവന്ന മേരിക്കുട്ടി എന്ന ഗ്രാമസേവിക, ആ നാടിൻ്റെ മുഖഭാവംതന്നെ മാറ്റിക്കളയുന്ന കഥ തികച്ചും സജീവമായി പാറപ്പുറത്തു് ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ആദ്യകിരണങ്ങൾ അത്യന്തം വികാരനിഭരമാണു്. നമ്മുടെ സാമൂഹ്യവികസനപദ്ധതികളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന ഒരു സോദ്ദേശകനോവൽ എന്ന ബഹുമതികൂടി ‘ ആദ്യകിരണങ്ങൾ’ അർഹിക്കുന്നു.

മകനേ നിനക്കുവേണ്ടി, തേൻവരിക്ക എന്നിവയാണു് ഈ യുവകാഥികൻ്റെ മറ്റുനോവലുകൾ.