കഥാപ്രബന്ധങ്ങൾ
ജീ. വിവേകാനന്ദൻ: കള്ളിച്ചെല്ലമ്മയിൽ തെക്കൻ തിരുവിതാംകൂറിലെ ഒരു കടൽത്തിരത്തെ – കോവളത്തെ – തൻ്റേടക്കാരിയായ ഒരു ചുമട്ടുകാരിസ്ത്രീയുടെ കഥ വിവരിച്ചിരിക്കുന്നു. അവളുടെ അച്ഛനെപ്പറ്റിയൊന്നും അവൾക്കു രൂപമില്ല. ചേട്ടത്തിമാരാരെല്ലാമെന്നും എവിടെയെല്ലാമെന്നും അവൾക്കറിഞ്ഞുകൂടാ. ചെല്ലമ്മ അവളുടെ അമ്മയുടെ പത്താമത്ത –ഒടുവിലത്തെ – പുത്രിയാണ്. 16 വയസ്സുവരെ അമ്മയുടെകൂടെ വളർന്നു. അമ്മ മരിച്ചശേഷം വള്ളിപ്പെമ്പിറന്നോരുടെ അനുസരണയിലാണു പിന്നീട് അവൾ ജീവിതം ആരംഭിക്കുന്നതു്. അതിനിടയിൽ അപ്രതീക്ഷിതമായി ഒരന്യപുരുഷൻ അവളുടെ ജീവിതത്തിൽ കടന്നു വന്നു. അയാളുടെ ഉല്ക്കടവികാരങ്ങൾക്ക് അവൾ വിധേയയായി. ചില മധുരസ്വപ്നങ്ങൾ അവൾ അയാളിൽ ദർശിച്ചിരുന്നുവെങ്കിലും എല്ലാം നിഷ്ഫലമായതേയുള്ളൂ. അയാൾനിമിത്തം അവൾ നിത്യമായി അപഹസിക്കപ്പെട്ടു. തുടർന്നുള്ള അവളുടെ ചിന്തകളും ജീവിത പ്രശ്നങ്ങളും ഗ്രന്ഥകാരൻ യഥാർതഥമായി ചിത്രീകരിക്കുന്നു. കോവളത്തെ ചെല്ലമ്മയിൽക്കൂടി നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ചില ചെല്ലമ്മമാരേയും നാം ചിന്തിച്ചു പോയേക്കും. അത്തരത്തിൽ അവളുടേയും, ആ ഗ്രാമത്തിൽ ജീവിക്കുന്ന അനേകം പേരുടേയും ദൈന്യതയും ഹൃദയ വികാരങ്ങളും അതിൽ പകർത്തിയിട്ടുണ്ട്. സാന്ദ്രത കുറയുമെങ്കിലും വികാര ക്ഷോഭമുണ്ടാക്കുന്ന ഒരു കൃതിയാണ് കള്ളിച്ചെല്ലമ്മ.
വിവേകാനന്ദൻ്റെ ‘യക്ഷിപ്പറമ്പി’ൽ ഒരു പ്രണയകഥ ഉൾക്കൊള്ളുന്നു.
പ്രേമമേ നിൻ്റെ പേരുകേട്ടാൽ പേടിയാകും
കാമകിങ്കരന്മാർ ചെയ്യും കൊടുംകൈകളാൽ
എന്ന് ആശാൻ പ്രസ്താവിക്കുന്ന തരത്തിലുള്ള പേമത്തിൻ്റെ ഒരു ഭയാനക ദൃശ്യമാണു അതിൽ വിവരിക്കുന്നതു്. എതും തന്മയത്വത്തോടുകൂടി ചിത്രീകരിക്കുവാനുള്ള ഒരസാധാരണ പാടവം വിവേകാനന്ദനു നൈസർഗ്ഗീകമായിത്തന്നെയുണ്ട്.
ഉൽക്കണ്ഠയുടെ നിശ്ശബ്ദതരംഗങ്ങൾ, വെള്ളിമേഘം തുടങ്ങിയവ വിവേകാനന്ദൻ്റെ ചെറുകഥാസമാഹാരങ്ങളാണു്.