കഥാപ്രബന്ധങ്ങൾ
എം. ടി. വാസുദേവൻനായർ: സഹൃദയസമ്മതങ്ങളായ ചെറു കഥകളെഴുതി പേരെടുത്ത ഒരു കലാകാരനാണു് വാസുദേവൻനായർ. ഈ യുവകാഥികൻ്റെ നോവലുകളിൽ ‘നാലുകെട്ട്’ പ്രമുഖ സ്ഥാനമർഹിക്കുന്നു. സാഹിത്യഅക്കാദമിയിൽ നിന്നു 1960-ൽ അതു സമ്മാനം നേടുകയുമുണ്ടായി. എങ്കിലും വാസുദേവൻനായരുടെ ചെറുകഥകൾക്കുള്ള വശ്യതയൊന്നും ഈ നോവലിൽനിന്നു പ്രതീക്ഷിക്കുവാനില്ല. ഒരു തറവാടിൻ്റെ തകർച്ചയാണു് നാലുകെട്ടിൽ ചിത്രീകരിക്കുന്നതു്. അനുവാചക ഹൃദയങ്ങളെ പിടിച്ചുനിറുത്തുന്ന രംഗങ്ങളോ ജീവിത പ്രശ്നങ്ങളോ ഇവിടെ എടുത്തു പറയത്തക്കവണ്ണം ഒന്നുമില്ല. കഥാപാത്രങ്ങളിൽ താങ്കേട്ടത്തിയും കഥാനായകനും വായനക്കാരുടെ മനസ്സിൽ തെളിഞ്ഞുമിനുന്ന രണ്ടു ചിത്രങ്ങളാണു്. ഏതു കഥയും ഹൃദ്യമായി പ്രതിപാതിക്കുവാനുള്ള ഒരു വൈദഗ്ദ്ധ്യം വാസുദേവൻനായർക്ക് സ്വതസ്സിദ്ധമായിട്ടുണ്ടു്’. നാലുകെട്ടിൽ ആ കഴിവു സവിശേഷം പ്രകാശിക്കുന്നുമുണ്ടു്. ‘അറബിപ്പൊന്നു’ വാസുദേവൻനായർ, എൻ. പി. മുഹമ്മദൊരുമിച്ചു രചിച്ചിട്ടുള്ള ഒരു കൂട്ടുകഥയാണു്. ഒരു ഇതിഹാസകഥയുമാണതു്. അടുത്ത കാലത്ത് ഈ യുവകാഥികൻ പുറപ്പെടുവിച്ചിട്ടുള്ള മറ്റൊരു നോവലാണു ‘പാതിരാവും പകൽവെളിച്ചവും.’ സതതോദ്യമശാലിയായ വാസുദേവൻ നായരിൽ നിന്നും നമ്മുടെ കഥാസാഹിത്യത്തിനു ഗണ്യമായ സംഭാവനകൾ പ്രതീക്ഷിക്കാവുന്നതാണു്.